നാട്ടിലെ മകന് ഷാർജയിലുള്ള അമ്മയുടെ വൃക്ക വേണം; ടിക്കറ്റിന് പണമില്ല; സഹായിച്ച് സിദ്ദിഖ്

siddique-help-family-new-pic
SHARE

നാട്ടിലുള്ള മകന് വൃക്ക നൽകാൻ ഷാർജയിലുള്ള അമ്മ തയാറാണ്. പക്ഷേ നാട്ടിലെത്താൻ മാർഗമില്ല. അച്ഛനും അമ്മയും സഹോദരിയും നാട്ടിലേക്ക് എത്തണം. മൂന്നുപേർക്കുള്ള ടിക്കറ്റിനുള്ള പണവും കയ്യിലില്ല. ഈ അവസ്ഥ നേരിട്ടറിഞ്ഞതോടെ കുടുംബത്തിന് സഹായവുമായി എത്തിയിരിക്കുകയാണ്  കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്. അദ്ദേഹത്തിന്റെ സ്വന്തം ചെലവിൽ കുടുംബം തിങ്കാളാഴ്ച കൊച്ചിയിൽ വിമാനം ഇറങ്ങും. കാസർകോട് കാഞ്ഞങ്ങാട് സ്വദേശികളായ നാരായണനും ഭാര്യ മിനിയും മകൾ നയനയുമാണ് കേരളത്തിലേക്ക് എത്തുന്നത്. ഇവരുടെ മകൻ അജയ് വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് ചികിൽസയിലാണ്.

സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ: ‘ ഇൻകാസിന്റെ മുനീർ കുമ്പളയും അനുരയുമാണ് കുടുംബത്തിന്റെ അവസ്ഥ വിളിച്ച് അറിയിക്കുന്നത്. നാരായണൻ അവിടെ ഒരു സ്കൂൾ ബസിന്റെ ഡ്രൈവറാണ്. കുടുംബവുമായി അവിടെയായിരുന്നു താമസം. എന്നാൽ കഴിഞ്ഞ വർഷമാണ് മകന് വൃക്ക രോഗം വന്നത്. ചികിൽസയ്ക്കായി അവൻ കേരളത്തിലേക്ക് പോരുകയായിരുന്നു. കോഴിക്കോട് ചികിൽസയിൽ തുടരുമ്പോഴാണ് വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ‌ നിർദേശിക്കുന്നത്. അമ്മ വൃക്ക നൽകാൻ തയാറായിരുന്നു. നാട്ടിലേക്ക് മടങ്ങാൻ ഇരിക്കുമ്പോഴാണ് ലോക്ഡൗണിൽ കുടുങ്ങുന്നത്.

യാത്രാ അനുമതിയെക്കെ ലഭിച്ചെങ്കിലും മൂന്നുപേർക്ക് ടിക്കറ്റെടുക്കാൻ ഇപ്പോഴത്തെ അവസ്ഥയിൽ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് ഇക്കാര്യം ഇൻകാസിന്റെ ആളുകൾ എന്നെ വിളിച്ചു പറയുന്നത്. യൂത്ത് കെയറിന്റെ ഭാഗമായി നൽകുന്ന ടിക്കറ്റുകളിൽ നിന്നല്ലാതെ അവരെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. അജയ്​യെ ചികിൽസിക്കുന്ന ഡോക്ടറോടും സംസാരിച്ചു. അവർ നാട്ടിലെത്തിയ ശേഷം ചികിൽസയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വേണ്ട സഹായം ചെയ്യും.’ സിദ്ദിഖ് പറഞ്ഞു. 

MORE IN KERALA
SHOW MORE
Loading...
Loading...