കേരളത്തെ കാത്ത് മൂന്നാം പ്രളയം?; കണക്ക് നിരത്തി പ്രവചനം: വെതര്‍മാന്‍

weather-man-2
SHARE

ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കൊറോണ കേരളത്തിന്റെ മുൻകരുതലോടെയുള്ള പെരുമാറ്റം കാരണം അത്രത്തോളം ബാധിച്ചില്ലെന്നു തന്നെ പറയണം. എന്നാൽ കേരളത്തെകാത്ത് മറ്റൊരു വില്ലൻ ഇരിപ്പുണ്ടെന്ന് പറയുകയാണ് തമിഴ്നാട്ടുകാരൻ 'കാലാവസ്ഥാ മാന്ത്രികന്‍' പ്രദീപ് ജോൺ എന്ന വെതർമാൻ. കൊറോണ വൈറസിനു തൊട്ടുപിന്നാലെ കേരളത്തിൽ മൂന്നാമത്തെ പ്രളയം വരാന്‍ പോകുന്നുവെന്നാണ് കാലാവസ്ഥാ വിദഗ്ധന്റെ പുതിയ പ്രവചനം.

ഫെയ്സ്ബുക് പോസ്റ്റിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ:

കേരളത്തിൽ മൂന്നാം പ്രളയം?

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്ക് പടിഞ്ഞാറൻ മൺസൂൺ സമയത്ത് കേരളത്തിന് സാധാരണഗതിയിൽ 2049 മില്ലിമീറ്റർ മഴ ലഭിക്കും. ഈ നൂറ്റാണ്ടിൽ കേരളത്തിന് മൺസൂൺ വർഷങ്ങൾ വളരെ കുറവായിരുന്നു. 2007 ഒരു മികച്ച വർഷമായിരുന്നു. അന്ന് 2786 മില്ലീമീറ്റർ മഴ ലഭിച്ചു. പിന്നീട് 2013ൽ 2562 മില്ലിമീറ്റർ മഴ ലഭിക്കുന്നതുവരെ കാര്യങ്ങൾ ശാന്തമായിരുന്നു.

1920കളിലാണ് കേരളത്തില്‍ അധികമഴ തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങളിൽ ലഭിച്ചത്. 2018ല്‍ കേരളത്തിന് ലഭിച്ച മഴ പ്രളയത്തിന് വഴിവെച്ചു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയമായിരുന്നു അത്. 18 വർഷത്തിനിടെ കേവലം 2 സൂപ്പർ മൺസൂൺ കൊണ്ടാണ് മൺസൂൺ മാജിക്ക് അപ്രത്യക്ഷമാകുന്നത്. 2018ലും 2019ലും കുറഞ്ഞ സമയത്തിനുള്ളിൽ മഴയുടെ ഭൂരിഭാഗവും ലഭിച്ചു, ഇതു പ്രളയത്തിന് കാരണമാകുകയും ചെയ്തു. 1961നും 1924നും ശേഷം ഏറ്റവും മോശം വെള്ളപ്പൊക്കത്തിന് ഇത് കാരണമായി. 1924, 1961, 2018 സംസ്ഥാനത്ത് ഏറ്റവും വലിയ പ്രളയത്തിന് വഴിവെച്ച മൂന്ന് വര്‍ഷങ്ങളാണ്.

1920 കളിൽ കേരളത്തിൽ ഉണ്ടായ കനത്ത ഹാട്രിക് മഴയുടെ കണക്കുകൾ

1922 - 2318 മില്ലി മീറ്റർ

1923 - 2666 മില്ലി മീറ്റർ

1924 - 3115 മില്ലി മീറ്റർ

നിലവിൽ - കേരളത്തിന് 2300 എംഎം മറ്റൊരു പ്രളയത്തിന് കാരണമാകുമോ?

2018 - 2517 മില്ലി മീറ്റർ

2019 - 2310 മില്ലി മീറ്റർ

2020 -?

2020 എങ്ങനെയായിരിക്കും? ലോങ് റേഞ്ച് മോഡലുകൾ പ്രകാരം ഈ വർഷം കേരളത്തിൽ നല്ല മഴ കാണിക്കുന്നു. കഴിഞ്ഞ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഈ വർഷം 2300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയാൽ അദ്ഭുതപ്പെടേണ്ടതില്ല.

കുറിപ്പ്: സമയാസമയങ്ങളിൽ എത്തുന്ന വേരിയബിൾ ശരാശരി കാരണം ചാർട്ടുകളുടെ ശതമാനം താരതമ്യപ്പെടുത്താനാവില്ല. 2007 ലെ ചാർട്ട് വളരെ കുറവാണ് കാണിച്ചതെങ്കിലും 2007ൽ കനത്ത മഴയാണ് കേരളത്തിന് ലഭിച്ചത്. 2007ൽ വലപ്രായ് ബെൽറ്റിൽ ഉണ്ടായ കനത്ത മഴയെ മറക്കാൻ കഴിയില്ല.

ആരാണ് പ്രദീപ് ജോൺ ?

തമിഴ്‌നാട്ടില്‍ മാനം കറുക്കുമ്പോള്‍, സമൂഹമാധ്യമങ്ങളില്‍ വ്യാജവിഡിയോകള്‍ പരക്കുമ്പോള്‍, കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി ലക്ഷക്കണക്കിനു പേര്‍ ഉറ്റുനോക്കുന്നത് 'തമിഴ്‌നാട് വെതര്‍മാന്‍' എന്ന ഫെയ്സ്ബുക് പേജിലേക്ക്. കാലാവസ്ഥാ വകുപ്പിനേക്കാള്‍ പലര്‍ക്കും വിശ്വാസം പ്രദീപ് ജോണ്‍ എന്ന സാധാരണക്കാരന്റെ പ്രവചനങ്ങളെ. മഴ കനക്കുന്ന കേരളത്തിലെ ബാണാസുര സാഗര്‍ ഡാമില്‍നിന്നു തമിഴ്‌നാട്ടിലെ അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ കണക്കുകളും മഴയുടെ ലഭ്യതയും ജാഗ്രതാ മുന്നറിയിപ്പുകളും ഉള്‍പ്പെടെ വേണ്ടതെല്ലാം മുപ്പത്തിയെട്ടുകാരനായ പ്രദീപ് അതില്‍ ഒരുക്കിയിട്ടുണ്ടാകും. മക്കളുടെ കല്യാണം മഴയില്ലാത്തപ്പോള്‍ നടത്താന്‍ മാതാപിതാക്കള്‍ തേടിയെത്തുന്നുതും പ്രദീപിനെയാണ്. ഫെയ്‌സ്ബുക്കില്‍ 57 ലക്ഷത്തിലധികം പേരാണ് തമിഴ്‌നാട് വെതര്‍മാനെ പിന്തുടരുന്നത്. 2015ലെ വെള്ളപ്പൊക്കത്തോടെയാണു തമിഴ്‌നാട്ടുകാര്‍ പ്രകൃതിയുടെ ചലനങ്ങളെക്കുറിച്ചു കൂടുതല്‍ ബോധവാന്മാരായതെന്നു പ്രദീപ് പറയുന്നു.

2012ലാണ് പ്രദീപ് ഫെയ്‌സ്ബുക്കില്‍ വെതര്‍മാന്‍ എന്ന പേജില്‍ കാലാവസ്ഥാ വിവരങ്ങള്‍ പങ്കുവച്ചു തുടങ്ങിയത്. ഓരോ കാലവര്‍ഷം കഴിയും തോറും പ്രദീപിന്റെ പേജിലേക്കു വിവരങ്ങള്‍ തേടി ആയിരങ്ങള്‍ ഒഴുകിയെത്തി തുടങ്ങി. സംശയങ്ങളും സന്ദേശങ്ങളും ഇന്‍ബോക്‌സില്‍ നിറഞ്ഞു. മഴ കനക്കുമോ, വെള്ളക്കെട്ടുണ്ടാകുമോ, വീട് ഒഴിഞ്ഞു പോകേണ്ടതുണ്ടോ തുടങ്ങി മക്കളുടെ വിവാഹം ഏതു സമയത്തു നടത്തണമെന്ന ചോദ്യം വരെ പ്രദീപിനു മുന്നിലെത്തി. ഇതോടെ ഉത്തരവാദിത്തങ്ങളും എതിര്‍പ്പുകളും ഏറി. ആഴ്ചകളോളം ഉറക്കം പോലും ഒഴിവാക്കി വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു മഴ പ്രവചനങ്ങളും ജാഗ്രത നിര്‍ദേശങ്ങളും കൃത്യമാക്കി. 2010ല്‍ ലൈല ചുഴലിക്കാറ്റ് ചെന്നെയില്‍ ആഞ്ഞടിച്ചപ്പോള്‍ രണ്ടു ദിവസം അവധിയെടുത്തു വീട്ടിലിരുന്നു കാര്യങ്ങള്‍ നിരീക്ഷിച്ചു കൃത്യമായി വിവരങ്ങള്‍ പങ്കുവച്ചു.

2015ലെ വെള്ളപ്പൊക്കത്തിന്റെ സമയത്തും മറ്റും കൂടുതല്‍ ആളുകള്‍ സമൂഹമാധ്യമങ്ങളെ ആശ്രയിച്ചതോടെ പ്രദീപിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ലക്ഷങ്ങള്‍ കവിഞ്ഞു. ചില ഘട്ടങ്ങളില്‍ തെറ്റായ വിവരങ്ങളില്‍നിന്നു ചെന്നൈ സ്വദേശികളെ രക്ഷിക്കാനും പ്രദീപിനു കഴിഞ്ഞു. ഒരു രാജ്യാന്തര മാധ്യമം ഉള്‍പ്പെടെ പ്രളയമുന്നറിയിപ്പു പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നു പരിഭ്രാന്തിയിലായ ആളുകള്‍ വിലപ്പെട്ടതെല്ലാം വാരിക്കൂട്ടി വീടുകള്‍ വിട്ടുപോകാന്‍ നീക്കം തുടങ്ങി. എന്നാല്‍ മറിച്ചായിരുന്നു പ്രദീപിന്റെ നിരീക്ഷണങ്ങള്‍. ഒടുവില്‍ പ്രദീപിന്റെ പ്രവചനങ്ങള്‍ ഫലിച്ചതോടെ ആശങ്ക ഒഴിഞ്ഞു. ആളുകള്‍ക്കു വിശ്വാസമേറുകയും ചെയ്തു.

തമിഴ്‌നാട് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഡപ്യൂട്ടി മാനേജരായ ജോണ്‍ ജോലിത്തിരക്കുകള്‍ക്കിടയിലാണു കാലാവസ്ഥാ പഠനം ഒരു ലഹരിയായി ഒപ്പം കൊണ്ടുപോകുന്നത്. ബംഗാള്‍ ഉള്‍ക്കടലിലുണ്ടാകുന്ന ഏതൊരു ചെറിയ മാറ്റം പോലും പ്രദീപിന്റെ ഉറക്കം കെടുത്തും. പിന്നെ പുലരും വരെ കാറ്റിന്റെ ഗതി നിരീക്ഷിക്കും. ഒടുവില്‍ പരിഭവത്തോടെ ഭാര്യയും കുഞ്ഞും എത്തുമ്പോഴാവും പ്രദീപ് ലാപ്‌ടോപ്പ് അടച്ച് ഉറക്കത്തിലേക്കു മടങ്ങുക.

MORE IN KERALA
SHOW MORE
Loading...
Loading...