റേഷൻ വിതരണം തുടങ്ങി; ജനങ്ങളെത്തുന്നത് സാമൂഹിക അകലം പാലിച്ച്

rationdistribution-02
SHARE

സാമൂഹിക അകലം ഉറപ്പാക്കി കോവിഡ് കാലത്തേക്കുള്ള സൗജന്യ റേഷന്‍ വിതരണം തുടങ്ങി.  റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കത്തിന് അനുസരിച്ച് തയാറാക്കിയ ക്രമത്തിലാണ് ആദ്യ അഞ്ച് ദിവസങ്ങളിലെ റേഷന്‍ വിതരണം. അറുപത് വയസിന് മുകളില്‍ പ്രായമുള്ള അംഗങ്ങള്‍ക്ക് സന്നദ്ധപ്രവര്‍ത്തകര്‍ സൗജന്യ റേഷന്‍ വീടുകളിലെത്തിച്ച് നല്‍കും. 

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ആശയക്കുഴപ്പമൊട്ടും ഇല്ലാതെയാണ് സൗജന്യറേഷന്‍ വിതരണത്തിന് സംസ്ഥാനത്ത് തുടക്കമായത്. റേഷന്‍ കടകള്‍ക്ക് മുന്‍പില്‍ ഒരു മീറ്റര്‍ അകലത്തില്‍ വൃത്തം വരച്ച് ആളുകളെ നിര്‍ത്തും. ഒരു സമയം അഞ്ച് പേര്‍ മാത്രമേ ക്യൂവില്‍ നില്‍ക്കൂ. രാവിലെ ഒന്‍പത് മുതല്‍ ഒരു മണി വരെ മുന്‍ഗണനാവിഭാഗത്തില്‍പ്പെടുന്ന മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്കാണ് റേഷന്‍ വിതരണം. റേഷന്‍ കാര്‍ഡ് നമ്പരിന്റെ അവസാന അക്കം 0,1 എന്നീ ക്രമത്തിലായിരുന്നു വിതരണം. ഉച്ച കഴിഞ്ഞ് നീല , വെള്ള കാര്‍ഡുകള്‍ക്കും. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ കണ്ടെത്തിയ വോളണ്ടിയര്‍മാര്‍ സൗജന്യ റേഷന്‍ വീടുകളിലെത്തിക്കും. ഒറ്റയ്ക്ക് താമസിക്കുന്ന ശാരീരിക അവശതയനുഭവിക്കുന്നവര്‍ക്കും ഈ സഹായം ലഭിക്കും.

ക്രമമനുസരിച്ചുള്ള നിയന്ത്രണം ഞായാറ്ച വരെയാണ് ബാധകം. ഈ മാസം ഇരുപത് വരെ സൗജന്യ റേഷന്‍ ലഭിക്കും. അതിനാല്‍ തന്നെ ആരും ധൃതിവയ്ക്കേണ്ടെന്നാണ് റേഷന്‍ വ്യാപാരികളുടെ അഭ്യര്‍ഥന. പോസ് യന്ത്രം ഇടയ്ക്ക് പണി മുടക്കിയതാണ് ചില സ്ഥലങ്ങളില്‍ റേഷന്‍ വിതരണം മന്ദഗതിയിലാക്കിയത്.

MORE IN KERALA
SHOW MORE
Loading...
Loading...