‘ഇനി ആരും അതിര്‍ത്തി കടന്നു വരേണ്ട’; താങ്ങാനാവില്ലെന്ന് വയനാട്

wayanad-web
SHARE

മുന്നറിയിപ്പുകൾ അവഗണിച്ചു കർണാടകയിൽ നിന്ന് ഇനിയും മലയാളികൾ  അതിർത്തി കടന്നുവന്നാൽ വയനാടിനത് താങ്ങാനാവില്ലെന്ന് ജില്ലാ ഭരണകൂടം.  ജില്ലയിൽ സജ്ജീകരിച്ച കോവിഡ് കേസ്  കേന്ദ്രങ്ങൾ ഇന്നലെ എത്തിയവരെ പ്രവേശിപ്പിച്ചതിനാൽ ഏറെക്കുറെ നിറഞ്ഞു. ഇത്തരത്തിൽ വരുന്നവരെ വയനാട്ടിൽ പ്രവേശിപ്പിക്കാനാകില്ലെന്നും തിരിച്ചയക്കുമെന്നും കലക്ടർ പറഞ്ഞു. 

കർണാടകയിൽ നിന്നും ഇന്നലെ അതിർത്തി കടന്ന് മുന്നൂറോളം പേരാണ് വയനാട്ടിലെത്തിയത്. വിവിധ ഹോട്ടലുകളും മറ്റുമാണ് ജില്ലയിലെ കോവിഡ് കേന്ദ്രങ്ങൾ. അതിർത്തി കടന്നെത്തിയ ഇത്രയും ആളുകളെ  അടുത്ത 21 ദിവസത്തേക്ക് ഇവിടെയാണ്‌ താമസിക്കുക. 

ഇനിയും ആളുകൾ വന്നാൽ ഇവർക്കായി കൂടുതൽ കേന്ദ്രങ്ങളും മറ്റ് സംവിധാനങ്ങളും ഒരുക്കേണ്ടി വരും. ചെക്പോസ്റ്റിലും മറ്റും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാകും.  നിലവിലെ സാഹചര്യത്തിൽ ജില്ലാഭരണകൂടത്തിനത് വലിയ  ബുദ്ധിമുട്ടാകും. ഇത്രയും മുന്നറിയിപ്പ് നൽകിയിട്ടും ഇനിയും ആളുകൾ ഏതെങ്കിലും വഴിയിലൂടെ എത്തിയാൽ ഒരു കാരണവശാലും പരിഗണിക്കാനാവില്ലെന്ന് ജില്ലാഭരണകൂടം അറിയിച്ചു.  ആളുകൾ ഇപ്പോൾ തങ്ങുന്ന ഇടത്തു തന്നെ കഴിയണം. അവിടെ താമസിക്കാൻ  എന്തെങ്കിലും പ്രശ്നമുണ്ടെന്നു അറിയിച്ചാൽ ഇടപെട്ട് പരിഹരിക്കുമെന്നും കലക്ടർ പറഞ്ഞു.

ഊടു വഴികളിലൂടെയും മറ്റും മലയാളികൾ കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.  നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.കർണാടക  ചാമരാജ് നഗർ എസ്പിയുമായി വയനാട് പൊലീസ് മേധാവി കൂടിക്കാഴ്ച നടത്തി. 

MORE IN KERALA
SHOW MORE
Loading...
Loading...