കടത്തിണ്ണയിൽ നിന്ന് സ്കൂളിലേക്ക്; 21 ദിവസത്തെ ആശ്വാസം

shelter-school
SHARE

തൃശൂര്‍ നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഇരുന്നൂറിലേറെ പേര്‍ക്കു സര്‍ക്കാര്‍ സ്കൂളില്‍ കഴിയാന്‍ അനുമതി നല്‍കി കോര്‍പറേഷന്‍. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടത്തിണ്ണയില്‍ കഴിഞ്ഞിരുന്ന ഇവരെ കോര്‍പറേഷന്റെതന്നെ വണ്ടികളില്‍ കയറ്റി സ്കൂളിലേക്ക് കൊണ്ടുവന്നു.  

കോവിഡ് ഭീതിയില്‍ നാട് വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ തെരുവില്‍ അലയുന്നവര്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. നേരാവണ്ണം ഭക്ഷണം പോലും കിട്ടാത്ത അവസ്ഥ. നടപ്പാതകളില്‍ നിന്നും കടത്തിണ്ണകളില്‍ നിന്നും ആളുകളെ പൊലീസ് ഒഴിപ്പിച്ചിരുന്നു. എവിടെ പോകുമെന്ന് അറിയാതെ ഇവര്‍ അലഞ്ഞു. ഇതിനിടെയാണ്, കാരുണ്യ ഹസ്തവുമായി കോര്‍പറേഷന്‍ നേതൃത്വം എത്തിയത്. മേയറും കോര്‍പറേഷന്‍ സെക്രട്ടറിയും അടങ്ങുന്ന സംഘം തെരുവില്‍ അലയുന്നവരെ കണ്ടെത്തി. അവര്‍ക്കു താമസിക്കാന്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് സ്കൂള്‍ തുറന്നു കൊടുത്തു. ഓരോ ക്ലാസ് മുറികളും ഇവര്‍ക്കു ഇനി വീടുകളാണ്. മുന്നൂറിലേറെ പേര്‍ക്കു താമസിക്കാന്‍ സ്കൂളില്‍ സൗകര്യമുണ്ട്. മൂന്നു നേരം ഭക്ഷണവും കിട്ടും. അസുഖമുള്ളവര്‍ക്കു മരുന്നു നല്‍കാന്‍ ആരോഗ്യ പ്രവര്‍ത്തകരും. 

രാജ്യം മുഴുവനുള്ള ലോക് ഡൗണ്‍ തീരുന്നതു വരെ 21 ദിവസം അഗതികള്‍ക്കു ഇവിടെ കഴിയാം. പരസ്പരം വഴക്കിടാതിരിക്കാനും പ്രശ്നങ്ങള്‍ ഒഴിവാക്കാനും പൊലീസ് ഡ്യൂട്ടിയിലുണ്ടാകും. ഓരോരുത്തരുടേയും ആരോഗ്യം പരിശോധിച്ച ശേഷം മാത്രമാണ് പ്രവേശനം. അസുഖമുള്ളവരെ ആശുപത്രികളിലേക്ക് വിടുന്നുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...