ഐസൊലേഷനിൽ കിടക്കുന്ന മനുഷ്യർക്ക് കൂട്ട് നിൽക്കാമോ?; ഒഴുകിയെത്തുന്ന യുവത; കുറിപ്പ്

nowfal-fb-post
SHARE

‘നമുക്ക് കൊടികളുടെ അടയാളമില്ലാതെ മനുഷ്യരെ നോക്കാൻ കുറച്ച് യുവാക്കളെ വേണം..’ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവച്ച ഇൗ ആശയത്തിന് താഴെ കേരളത്തിന്റെ ചെറുപ്പം വന്ന് നിൽക്കുന്ന കാഴ്ചയാണ്. നിമിഷങ്ങൾക്കുള്ളിൽ ഒട്ടേറെ പേരാണ് പേര് രജിസ്റ്റർ ചെയ്തത്. ഇതിൽ എടുത്തു പറയേണ്ടത് ഐസൊലേഷനിൽ കിടക്കുന്ന മനുഷ്യന്മാർക്ക് കൂട്ട് നിൽക്കാനും യുവാക്കളും യുവതികളും എത്തുന്നു എന്നതാണ്. യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം ഇന്നലെ തന്നെ ഇതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ഗവേഷണ വിദ്യാർഥിയും പ്രാസംഗികനുമായ നൗഫൽ ഈ ആവശ്യവുമായി യുവാക്കളെ സമീപിച്ചപ്പോൾ ലഭിച്ച മറുപടികൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

‘എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ടവർ, കക്ഷി രാഷ്ട്രീയത്തിൽ വിശ്വാസം ഇല്ലാത്തവർ, ഒക്കെ അവരിലുണ്ട്. പക്ഷെ, അവർ ഈ ഘട്ടത്തിൽ എല്ലാ വിഭജങ്ങളെയും അതിവർത്തിക്കുന്നു. ഒന്നു ചേരുന്നു. അവരൊക്കെ ആർത്തിരമ്പി വരുന്ന ഒരു മഹാ മാരിക്ക് മുന്നിൽ തല ഉയർത്തി പിടിച്ചു തങ്ങളുടെ ജനതയെ കാക്കാൻ തയാറായി വരുന്നു. കൊറോണയ്ക്ക് മുന്നിൽ പാശ്ചാത്യ രാജ്യങ്ങൾ തകർന്നു പോകുന്നതും നമ്മൾ പോരാടുന്നതും അപരരെ കാക്കുന്ന മനസുള്ള മനുഷ്യർ ഇവിടെ ഏറെ കൂടുതലാണ് എന്നത് കൊണ്ട് കൂടിയാവണം. ഇന്ന് വരെ സംസ്‌ഥാനം ഒട്ടാകെ 4000 ൽ ഏറെ പേര് യുവജന കമ്മീഷനിൽ മാത്രം സന്നദ്ധപ്രവർത്തകരായി പേര് രജിസ്റ്റർ ചെയ്തു. ഇതിൽ തന്നെ 2000 ൽ ഏറെ മനുഷ്യർ ഐസൊലേഷനിൽ സഹായികൾ ആയി പോകാൻ സന്നദ്ധത അറിയിച്ചു.’ നൗഫൽ കുറിച്ചു. 

കുറിപ്പ് വായിക്കാം:

ഐസൊലേഷനിൽ കിടക്കുന്ന മനുഷ്യന്മാർക്ക് കൂട്ട് നിൽക്കാൻ പോകാമോ?

ഇന്നലെ ഉച്ചയ്ക്ക് ചിന്ത ചേച്ചി വിളിച്ചു. കഴിഞ്ഞ മൂന്നാലു കൊല്ലം ആയി യുവജന കമ്മീഷനും ആയി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഉച്ചയ്ക്ക് ഉണ്ടേച്ചു എന്തു ചെയ്യും എന്ന് ആലോചിച്ചിരുന്നപ്പോ ആണ് ചേച്ചി വിളിച്ചെ. ഉറങ്ങണോ, ഉറങ്ങാതെ വെറുതെ കിടക്കണോ എന്നൊക്കെ ആലോചിച്ചു കണ്ഫ്യുഷൻ ആയിരുക്കുമ്പോ ചേച്ചി വിളിച്ചിട്ട് ഒരു പണി ഏല്പിച്ചു. ഓൺലൈൻ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരിൽ എറണാകുളം ജില്ലകാരെ വിളിച്ചിട്ട് എത്ര പേർക്ക് ഐസൊലേഷനിൽ കിടക്കുന്ന മനുഷ്യന്മാർക്ക് സഹായികളായി കൂട്ട് നിൽക്കാൻ പറ്റും എന്നു ചോദിക്കണം, താല്പര്യം ഉള്ളവരുടെ ലിസ്റ്റ് ഉണ്ടാക്കണം.

'ആരെങ്കിലും ഈ സമയത്തു അങ്ങനെ വരുമോ, ചേച്ചി, അസുഖം വരുമോ എന്നു പേടിച്ചു ഇരിക്കുന്ന സമയത്ത് ഐസൊലേഷനിൽ കിടക്കുന്ന ആൾക്കാർക്ക് സഹായത്തിനു പോകാമോ എന്നൊക്കെ ചോദിച്ചാൽ ആൾക്കാർ ദേഷ്യപ്പെടില്ലേ' എന്നു സ്വാഭാവികം ആയും ഞാൻ ചോദിച്ചു.

'യുവജനങ്ങളുടെ കൂട്ടായ്‌മ ഉണ്ടാക്കി ഐസൊലേഷനിൽ കിടക്കുന്ന മനുഷ്യർക്ക് വേണ്ടുന്ന സഹായം ഉറപ്പ് വരുത്തണം എന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശം ആണ്. ആരോഗ്യ വകുപ്പ് അവർക്ക് വേണ്ട പരിശീലനവും അസുഖം വരില്ല എന്നുറപ്പാകാനുള്ള സാഹചര്യവും ഒരുക്കും ' എന്നു ചേച്ചി.

എന്നാലും ആരെങ്കിലും വരുമോ ഈ പണിക്ക് ? എന്ന സംശയം ഉള്ളിൽ കിടന്നിട്ടും ഞാൻ പണി ഏറ്റു. വെറുതെ ഇരിക്കുന്നു. ഇരുനൂറിലേറെ മനുഷ്യരെ കേൾക്കുന്നതിലും, അവരോട് മിണ്ടുന്നതിലും വലിയ സന്തോഷം ഈ സമയത്ത് കിട്ടാൻ ഇല്ല എന്നത് കൊണ്ട് മാത്രം ആണ് വിളിക്കാം എന്ന് ഏറ്റത്‌. പിന്നെ, ആൾക്കാരോട് 'ഐസൊലേഷൻ സെന്ററുകളിൽ സഹായത്തിനു പോകാമോ' എന്നു ചോദിക്കുമ്പോ എങ്ങനെ പ്രതികരിക്കും എന്നറിയാനുള്ള വലിയ കൗതുകം തൊന്നുന്നുണ്ടായിരുന്നു.

200 പേരുടെ വിവരങ്ങളും പേരും അടങ്ങിയ പിഡിഎഫ് ഉമ്മാടെ ഫോണിൽ ഓപ്പൺ ചെയ്തിട്ട്, താല്പര്യം ഉള്ളവരുടെ പേര് എഴുതാൻ നോട്ട് ബുക്ക് എടുത്തു വച്ചിരുന്നു വിളി തുടങ്ങി.ആദ്യം വിളിച്ചത് കളമശ്ശേരിയിൽ ഉള്ള ശ്രീലക്ഷ്മിയെ. വിളിച്ചു, ഫോൺ എടുത്തു. ഞാൻ കാര്യം പറഞ്ഞു. 'ഐസൊലേഷനിൽ സഹായി ആയി പോകാൻ താല്പര്യം ഉണ്ടോ' എന്ന് ചോദിച്ചു, 'എല്ലാ സുരക്ഷയും ഉറപ്പാക്കും , എന്നു പറഞ്ഞപ്പോ ശ്രീലക്ഷമി ഇടയ്ക്ക് കേറി പറഞ്ഞു, ' അതൊക്കെ ചെയ്യും എന്നറിയാം. എപ്പോഴാണ് വരണ്ടത് എന്നു മാത്രം പറഞ്ഞാൽ മതി'.

ആദ്യത്തെ പേര് കുറിച്ചു, ശ്രീലക്ഷ്മിയിൽ തുടങ്ങി ആകെ 197 പേരെ വിളിച്ചു. കളക്ടറേറ്റിന്റെ അടുത്തു താമസിക്കുന്ന, സൈനുദ്ധീൻ പറഞ്ഞത്, 'എറണാകുളത്ത് അല്ല, കേരളത്തിലെ ഏത് ഐസൊലേഷൻ കേന്ദ്രത്തിൽ വേണേലും വരാം ' എന്നാണ്. കണയന്നൂരിലെ അഡ്വ.ദിപിൻ ദിലീപ്‌ ' എന്തിനാ ചോദിക്കുന്നേ, പേര് എഴുതിക്കോ സാറേ' എന്നു പറഞ്ഞ കേട്ടപ്പോ ചിരിയും കരച്ചിലും വന്നു. കോതമംഗലത്തെ ബിബിൻ , ' ആള് തികഞ്ഞില്ലെങ്കിൽ പറഞ്ഞാൽ നമ്മുടെ പിള്ളേരേ എല്ലാം കൂട്ടാം, നേരത്തെ പറഞ്ഞാൽ മതി,' എന്നു പറഞ്ഞപ്പോ ഐസൊലേഷനിൽ സഹായത്തിനു പോകാൻ തയ്യാർ ഉള്ളവർ എന്ന തലകെട്ടിൽ ഞാൻ നൂറാമത്തെ ആളുടെ പേര് എഴുതി.

100. ബിബിൻ. (ബിബിന്റെ പിള്ളേരും)

നോക്ക്, 197 പേരെ വിളിച്ചതിൽ 180 ൽ ഏറെ പേരാണ് ഏറ്റവും റിസ്‌ക്ക് ഉള്ള പണിക്ക്, ഐസൊലേഷനിൽ കിടക്കുന്ന മനുഷ്യർക്ക് സഹായികളായി പോകാൻ തയ്യാറാണ് എന്നു പറഞ്ഞത്. ഒരാൾ പോലും സ്വന്തം ആരോഗ്യം നോക്കി വരാൻ ഒക്കില്ല എന്നു പറഞ്ഞില്ല. കുന്നത്തു നാട്ടിലെ ആദില, ' ഏട്ടാ, ഉമ്മാക്ക് 40 കഴിഞ്ഞു, പക്ഷെ സഹായിക്കാൻ വരണം എന്നുണ്ട് വന്നോട്ടെ' എന്നോക്ക ചോദിക്കുമ്പോ ഉള്ളം ത്രസിക്കുന്നത് അറിയാൻ പറ്റുന്നുണ്ട്.

ലോക്ക് ഡൗൻ ആയിട്ടും വീട്ടിൽ ഇരിക്കാതെ ചെത്തുന്ന ഫ്രീക്ക് പിള്ളേരെ പറ്റി, വണ്ടി പരിശോധിക്കുന്ന പോലീസിനെ തല്ലുന്ന ചെറുപ്പക്കാരെ പറ്റി വാർത്തയും ട്രോളും നല്ല ഫോക്കസിൽ ചാനലുകൾ ആയ ചാനലുകളിൽ കാണിക്കുമ്പോ ചിരി വരുന്നുണ്ട്. അപരനെ കുറിച്ചു കരുതുന്ന, 'ഞങ്ങൾക്ക് പ്രവർത്തിക്കാൻ ഒരു പ്ലാറ്റ്ഫോം മാത്രം തന്നാൽ മതി' എന്നു പറയുന്ന എത്ര ആയിരം ചെറുപ്പക്കാർ ആണ് കേരളത്തിൽ ഉള്ളത്. ശരിക്കും വൻ വൻ വൻ ആണ് ഈ തലമുറ. അപരനെ കുറിച്ചുള്ള കരുതൽ ആണ് സംസ്ക്കാരം എങ്കിൽ സംസ്ക്കാരത്തിന്റെ പതാക വാഹകർ ആണവർ. 

എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ടവർ, കക്ഷി രാഷ്ട്രീയത്തിൽ വിശ്വാസം ഇല്ലാത്തവർ, ഒക്കെ അവരിലുണ്ട്. പക്ഷെ, അവർ ഈ ഘട്ടത്തിൽ എല്ലാ വിഭജങ്ങളെയും അതിവർത്തിക്കുന്നു. ഒന്നു ചേരുന്നു. അവരൊക്കെ ആർത്തിരമ്പി വരുന്ന ഒരു മഹാ മാരിക്ക് മുന്നിൽ തല ഉയർത്തി പിടിച്ചു തങ്ങളുടെ ജനതയെ കാക്കാൻ തയാറായി വരുന്നു. കൊറോണയ്ക്ക് മുന്നിൽ പാശ്ചാത്യ രാജ്യങ്ങൾ തകർന്നു പോകുന്നതും നമ്മൾ പോരാടുന്നതും അപരരെ കാക്കുന്ന മനസുള്ള മനുഷ്യർ ഇവിടെ ഏറെ കൂടുതലാണ് എന്നത് കൊണ്ട് കൂടിയാവണം. ഇന്ന് വരെ സംസ്‌ഥാനം ഒട്ടാകെ 4000 ൽ ഏറെ പേര് യുവജന കമ്മീഷനിൽ മാത്രം സന്നദ്ധപ്രവർത്തകരായി പേര് രജിസ്റ്റർ ചെയ്തു. ഇതിൽ തന്നെ 2000 ൽ ഏറെ മനുഷ്യർ ഐസൊലേഷനിൽ സഹായികൾ ആയി പോകാൻ സന്നദ്ധത അറിയിച്ചു.

നബി. യുവജന പ്രതിരോധ സേനയിൽ ചേരാൻ താല്പര്യം ഉണ്ട്, എന്താണ് ചെയേണ്ടത് എന്നു ഇന്നലെ രാത്രി മേജർ രവി വിളിച്ച്‌, തിരക്കി എന്നു യുവജന കമ്മീഷന്റെ പി ആർ ഒ സിനുമോൻ പറഞ്ഞത് കേൾക്കുമ്പോ എന്ത് സന്തോഷം ആണ് തോന്നുന്നത്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ആയിരത്തോളം പേരാണ് അവനെ മാത്രം ഫോണിൽ വിളിച്ചത്, ' 'സന്നദ്ധ പ്രവർത്തനത്തിന് ഞങ്ങൾ ഉണ്ട്. ഞങ്ങൾ എന്താണ് ചെയ്യേണ്ടത്ത് 'എന്നു ചോദിച്ചു കൊണ്ട്. പത്രത്തിൽ കൊടുത്ത മൂന്ന് നമ്പറുകളിൽ ഒന്ന് മാത്രം ആണ് അവന്റേത്. എന്നിട്ടാണ് ഇത്രയും ഫോണ് കോളുകൾ. എല്ലാ മനുഷ്യരും പോരാളികൾ ആകുന്ന കാലം. എല്ലാ മനുഷ്യരും ചെറുപ്പം ആകുന്ന കാലം. കരുതൽ ഒരു ജനതയുടെ ആത്മഭാഷണമാകുന്ന കാലം. വല്ലാതെ തെളിച്ചമുള്ള ഒരപൂർവ്വ കാലം. തുടരട്ടെ, ഈ പ്രവാഹം, അനുസ്യൂതം.

MORE IN KERALA
SHOW MORE
Loading...
Loading...