ഇതര സംസ്ഥാനക്കാർ കൂട്ടത്തോടെ; മാറ്റി പാർപ്പിക്കാൻ വഴി തേടി പായിപ്പാട്

payipad-web
SHARE

കോവിഡ് ഭീതിയിലും കൂട്ടമായി താമസിക്കുന്ന,  ഇതരസംസ്ഥാനക്കാരെ മാറ്റിപാർപ്പിക്കാൻ വഴിതേടുകയാണ് കോട്ടയം പായിപ്പാട് പഞ്ചായത്ത്. ക്യാംപുകളിൽ തൊഴിലാളികൾ  ഒന്നിച്ചുകഴിയുന്നത്,  മുൻകരുതൽ നടപടികൾക്ക് വെല്ലുവിളിയാകുന്നതാണ് അധികൃതരെ കുഴയ്ക്കുന്നത്. വിഷയത്തിൽ  ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്ടർക്ക് കത്ത് നൽകിയിരിക്കുകയാണ് പഞ്ചായത്ത്‌. 

ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾ ധാരാളം വസിക്കുന്ന സ്ഥലമാണ് പായിപ്പാട്. കോവിഡ്ഭീതിയിൽ തൊഴിലാളികളിൽ പലരും സ്വദേശത്തേക്ക് മടങ്ങിയെങ്കിലും ഇപ്പോഴും ഇവിടെ തുടരുന്നവർ ഏറെയാണ്. നിയന്ത്രണങ്ങൾ വന്നതോടെ ക്യാംപുകളിൽകുടുങ്ങിയ ഇക്കൂട്ടർക്ക്, തൊഴിൽ നഷ്ടമായി. പതിവുപോലെ ജോലി അന്വേഷിച്ചും, സാധനങ്ങൾ വാങ്ങുന്നതിനുമായി ഇവർ കൂട്ടമായി പുറത്തിറങ്ങുന്നത് പോലീസിനെ വലയ്ക്കുന്നുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ പറഞ്ഞുമനസിലാക്കി തിരികെ അയക്കുകയാണിപ്പോൾ. എന്നാൽ, ക്യാംപുകളിൽ ധാരാളംപേർ ചേർന്ന് താമസിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുമോയെന്നാണ് പഞ്ചായത്തിന്റെ ആശങ്ക. ഇക്കാര്യത്തിൽ,  ജില്ല ഭരണകൂടം ഉടൻ ഇടപെടണമെന്നും, ഒന്നിച്ചു താമസിക്കുന്നവരെ വെവ്വേറെ ക്യാമ്പുകളിലേക്ക് മാറ്റാൻ നടപടി ഉണ്ടാകണമെന്നുമാണ് ആവശ്യം. 

പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവരെ നിരീക്ഷിക്കാൻ പൊലീസ് പട്രോളിംഗ് തുടരുന്നുണ്ട്. എന്നാൽ, ക്യാമ്പുകളിലെ സ്ഥിതി മറിച്ചാണ്. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ജനങ്ങളെ നിയന്ത്രിക്കാൻ നടപടികൾ എടുക്കുന്നുണ്ടെങ്കിലും ഇതരസംസ്ഥാനക്കാർക്കിടയിൽ ഇത് ഫലംകാണുന്നില്ല. ഇതോടെയാണ് നടപടി ആവശ്യവുമായി പഞ്ചായത്ത്‌തന്നെ മുന്നോട്ടുവന്നിട്ടുള്ളത്.

MORE IN KERALA
SHOW MORE
Loading...
Loading...