ജനതാ കർഫ്യൂ; കേരളം കുടിച്ചത് 76.6 കോടിയുടെ മദ്യം; റെക്കോർഡ് വർധന

bevco-record
SHARE

ഒടുവിൽ കേരളത്തിൽ മദ്യവിൽപ്പനയ്ക്ക് കൂടി താഴ് വീണതോടെ ഇനി പഴുതടച്ച പ്രതിരോധത്തിലേക്കാണ് കടക്കുന്നത്. എന്നാൽ ഇതിന് പിന്നാലെ അമ്പരപ്പിക്കുന്ന കണക്കാണ് പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനു തലേദിവസം കേരളത്തിലെ മദ്യവിൽപ്പന റെക്കോർഡ് നേടി. 22ന് രാവിലെ 7 മുതൽ രാത്രി 9 വരെയായിരുന്നു ജനതാ കർഫ്യൂ. 21ന് സംസ്ഥാനത്തെ ബവ്റിജസ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടി രൂപയുടെ മദ്യം. വെയർഹൗസുകളിലൂടെ വിറ്റത് 12.68 കോടിയുടെ മദ്യം. കഴിഞ്ഞവർഷം ഇതേദിവസം ബവ്റിജസ് ഔട്ട്ലറ്റിലൂടെ വിറ്റത് 29.23 കോടിയുടെ മദ്യ‌മാണ്. വിൽപനയിലെ വർധന 118.68%.

265 മദ്യവിൽപനശാലകളാണു ബവ്റിജസ് കോർപറേഷനുള്ളത്. കൺസ്യൂമർഫെഡിന്റെ 36 മദ്യവിൽപനശാലകളുടെ കണക്ക് ലഭിച്ചിട്ടില്ല. ശരാശരി 26 കോടിയുടെ മദ്യവിൽപനയാണു സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത്. എന്നാൽ ജനതാ കർഫ്യൂവിന്റെ തലേദിവസത്തെ വിൽപന അധികൃതരുടെ കണക്കുകൂട്ടലിനും അപ്പുറത്തായി. മദ്യത്തിൽ നിന്നുള്ള വിൽപന നികുതി 2018 -19 ൽ 9615 കോടി രൂപയായിരുന്നു. 2019 - 20 (ജനുവരി 31വരെ) 7864.71 കോടി നികുതിയായി ലഭിച്ചു.

2018–19ൽ വിറ്റത് 216.34 ലക്ഷം കേയ്സ് മദ്യവും 121.12 ലക്ഷം കേയ്സ് ബിയറുമാണ്. 2019–20ൽ 186.82 ലക്ഷം കേയ്സ് മദ്യവും 96.20 ലക്ഷം കേയ്സ് ബിയറും വിറ്റു. 2009–10 മുതൽ 2018–19 വരെ ബാറുകൾ, മറ്റ് ലൈസൻസികൾ, കൺസ്യൂമർഫെഡ്, ബവ്റിജസ് കോർപറേഷൻ തുടങ്ങിയവ വഴി വിറ്റത് 99,473 കോടിയുടെ മദ്യമാണ്. കള്ളുഷാപ്പുകൾവഴിയുള്ള വിൽപനയുടെ കണക്ക് ഇതിൽപ്പെടില്ല.

കടപ്പാട് മനോരമ ഓൺലൈൻ

MORE IN KERALA
SHOW MORE
Loading...
Loading...