2019ൽ കാണാതായത് 2342 കുട്ടികളെ; 97 ശതമാനവും കണ്ടെത്തിയതായി പൊലീസ്; ജാഗ്രത

child-missing-kerala-police
SHARE

സംസ്ഥാനത്തു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവം വർധിക്കുമ്പോഴും 97 % കുട്ടികളെയും കണ്ടെത്തുന്നതായി പൊലീസ്. 2019ൽ 18 വയസ്സിനു താഴെയുള്ള 1,271 ആൺകുട്ടികളെയും 1,071 പെൺകുട്ടികളെയും കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിൽ 1,240 ആൺകുട്ടികളെയും 1,050 പെൺകുട്ടികളെയും കണ്ടെത്തി. മാനസിക സംഘർഷം മൂലം വീടുവിട്ടിറങ്ങിയവരാണ്  ഭൂരിഭാഗവും. കണ്ടെത്താനാവാത്ത കുട്ടികളിൽ പ്രകൃതി ക്ഷോഭത്തിൽപ്പെട്ടവരും ചിൽഡ്രൻസ് ഹോമിൽ നിന്ന് ഓടിപ്പോയവരുമുണ്ട്. ഭിക്ഷാടന മാഫിയ, കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ഇതര സംസ്ഥാനക്കാർ എന്നിവരാണു തട്ടി കൊണ്ടു പോകുന്നതിനു പിന്നിൽ. 

2005ൽ 589 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2019ൽ അത് 4453 ആയി ഉയർന്നു. 2005ൽ 720 കുട്ടികൾ പീഡനത്തിൽ ഇരയായെങ്കിൽ 2019ൽ 1313 ആയി. 2016ൽ 958, 2017ൽ 1045, 2018ൽ 1137 കുട്ടികൾ പീഡിപ്പിക്കപ്പെട്ടു. 2015ലും 2016ലും യഥാക്രമം 39, 33 കുട്ടികൾ കൊല്ലപ്പെട്ടു. 2019ൽ ഇത് 20 ആയിരുന്നു. 2005ൽ 4 കുട്ടികളെ തട്ടിക്കൊണ്ടുപോയി. 2018,2019 വർഷങ്ങളിൽ 11 വീതം കുട്ടികളെയാണു തട്ടിക്കൊണ്ടുപോയത്. 

16 വയസ്സിനു താഴെയുള്ള കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ പൊലീസിൽ പ്രത്യേക സംഘങ്ങൾ.  ദക്ഷിണ മേഖലയിൽ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലും ഉത്തര മേഖലയിൽ കാസർകോട് എസ്പിയുടെ നേതൃത്വത്തിലുമാണ് സംഘം. ഈ മേഖലയിൽ കുട്ടികളെ കാണാതായാൽ ആദ്യ ആഴ്ച ലോക്കൽ പൊലീസ് അന്വേഷിക്കും.  കണ്ടെത്താനായില്ലെങ്കിൽ പ്രത്യേക സംഘത്തിനു കേസ് കൈമാറും. 

2 സംഘത്തിലും 12 പൊലീസ് ഉദ്യോഗസ്ഥർ വീതമുണ്ട്. ഈ സംഘം അന്വേഷിച്ചു 95 % കുട്ടികളെയും കണ്ടെത്തിയതായി പൊലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി കാണാതായ 16 കുട്ടികളെയാണ് ഇനിയും കണ്ടെത്താനുള്ളത്.

MORE IN KERALA
SHOW MORE
Loading...
Loading...