കേരളത്തിൽ 2019ൽ കാണാതായവർ 12,814; ആ 150 വനിതകൾ എവിടെ? ദുരൂഹം കണക്കുകൾ

kerala-missing
SHARE

തിരുവനന്തപുരം : സംസ്ഥാനത്ത് കാണാതാകുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നു. പൊലീസിന്റെ കണക്കനുസരിച്ച് 2017ൽ 9250 പേരെയാണ് കാണാതായത്. 2018ൽ ഇത് 11,536 ആയി ഉയർന്നു. കഴിഞ്ഞ വർഷം കാണാതായത് 12,814 പേരെ. ഓരോ വർഷവും ശരാശരി ആയിരത്തിലധികം പേരുടെ വർധനയാണ് ഉണ്ടാകുന്നത്.

പ്രേമബന്ധങ്ങൾ, വീട്ടുകാരുമായുള്ള സ്വരച്ചേർച്ചയില്ലായ്മ, ദാമ്പത്യ ബന്ധങ്ങളിലെ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ആളുകളെ കാണാതാകുന്നതിനു പിന്നിലുണ്ട്. സമൂഹ മാധ്യമങ്ങൾക്കും ഇതിൽ വലിയ പങ്കുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. കാണാതാകുന്നവരിൽ അധികം പേരെയും കണ്ടെത്താൻ കഴിയുന്നു എന്നതാണ് ആശ്വാസകരമായ കാര്യം. പൊലീസ് കേസെടുത്ത വിവരം അറിയുമ്പോൾ സ്വമേധയാ മടങ്ങിവന്ന് സ്റ്റേഷനിൽ ഹാജരാകുന്നവരുമുണ്ട്.

സംസ്ഥാനത്ത് കാണാതാകുന്നവരിൽ 60 ശതമാനം പേരും 18നും 40നും മധ്യേ പ്രായമുള്ള സ്ത്രീകളാണ്. 2017ൽ കാണാതായ 9250 പേരിൽ 6000 പേരും ഈ പ്രായത്തിലുള്ള സ്ത്രീകളാണ്. ഇതിൽ 5836 പേരെ കണ്ടെത്തുകയോ മടങ്ങിവരികയോ ചെയ്തു. 2018ൽ 11,536 പേരെ കാണാതായതിൽ 7563 പേർ സ്ത്രീകളായിരുന്നു. ഇതിൽ 7400 പേരെ കണ്ടെത്തി. 2019ൽ 12,814 പേരെ കാണാതായതിൽ 8300 പേർ സ്ത്രീകളായിരുന്നു. ഇതിൽ 8150 പേരെ കണ്ടെത്തി. 

18 വയസിൽ താഴെയുള്ളവരെ കാണാതാകുന്നതും വർധിക്കുകയാണ്. സൗഹൃദങ്ങളും പ്രണയവുമെല്ലാം വില്ലനാണ്. സമൂഹ മാധ്യമങ്ങളുടെ സ്വാധീനവും കുട്ടികളിൽ ശക്തം. 2017ൽ 922 ആൺകുട്ടികളെ കാണാതായി. 14 പേരെ ഒഴികെ മറ്റുള്ളവരെയെല്ലാം കണ്ടെത്തി. 888 പെൺകുട്ടികളെ കാണാതായി. 5 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 2018ൽ 976 ആൺകുട്ടികളെ കാണാതായി. ഇതിൽ 7 പേരെ കണ്ടെത്താനായിട്ടില്ല. 1085 പെൺകുട്ടികളെ കാണാതായതിൽ 8 പേരെ കണ്ടെത്താനായില്ല.

2019ൽ 1271 ആൺകുട്ടികളെ കാണാതായി. ഇതിൽ 31 പേരെ കണ്ടെത്താനായില്ല. 1071 പെൺകുട്ടികളെ കാണാതായതിൽ 21 പേരെ കണ്ടെത്താനായില്ല. ചില ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ പ്രശ്നപരിഹാരത്തിനായി ജനങ്ങൾ പൊലീസ് സ്റ്റേഷനുകളെ കൂടുതലായി ആശ്രയിക്കുന്നതും കേസുകളുടെ എണ്ണം വർധിക്കുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു

കടപ്പാട് മനോരമ ഓണ്‍ലൈന്‍

MORE IN KERALA
SHOW MORE
Loading...
Loading...