അന്ന് 8 പെൺകുട്ടികൾ; ഇന്ന് ദേവനന്ദയും; മരണം പതിയിരിക്കുന്ന ഇത്തിക്കരയാറ്

ithikara-river-story
SHARE

നാടുമുഴുവൻ അവൾക്കായി പായുമ്പോൾ ഇത്തിക്കരയാറിന്റെ ആഴങ്ങളിൽ ദേവനന്ദ ജീവനായി മല്ലിടുകയായിരുന്നു. രണ്ടുമാസത്തിനിടെ രണ്ടു പെൺകുട്ടികളുടെ മൃതദേഹമാണ് ഇത്തിക്കരയാറ്റിൽ പൊങ്ങിയത്. ഇത്തിക്കര പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നവരുടെ കണക്കും ഭയപ്പെടുത്തുന്നതാണ്. മരണം പതിയിരിക്കുന്ന ആഴങ്ങൾ ഒളിപ്പിച്ചാണ് ഇത്തിക്കരയാർ ഒഴുകുന്നത്. അതിരൂക്ഷമായ മണൽ വാരലും ചെളി എടുക്കലും മൂലം വലിയ അപകടച്ചുഴികളാണ് പുഴയിലുള്ളത്. മരണങ്ങൾ പതിവായതോടെ മണ്ണെടുക്കുന്നതിനും ചെളിവാരുന്നതും ഇപ്പോൾ നിരോധിച്ചിട്ടുണ്ട്. അതിശക്തമായ വേലിയേറ്റവും വേലിയിറക്കവും പുഴയെ അറിയാത്തവരെ മരണത്തിലേക്ക് തള്ളിവിടുന്നു.

വർഷങ്ങളായുള്ള ആവശ്യങ്ങളുടെ നീണ്ട പട്ടിക തന്നെ പുഴയുമായി ബന്ധപ്പെട്ട് സർക്കാരിന് മുന്നിലുണ്ട്. ഇതിൽ പ്രധാന ആവശ്യങ്ങളിൽ ഒന്ന് തടയണ നിർമാണമാണ്. ഇത്തിക്കര വലിയ പാലത്തിന് സമീപം തടയണ നിർമിക്കണമെന്ന് നാട്ടുകാരുടെ ആവശ്യമാണ്. ഇതിലൂടെ ഉപ്പുവെള്ളം കയറുന്നത് തടയാമെന്നും വേലിയേറ്റവും വേലിയിറക്കത്തിന്റേയും തോത് കുറക്കാൻ കഴിയുമെന്നും ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ് പറയുന്നു. 

അതേസമയം ഇൗ ബജറ്റിൽ ഇതിനായി അഞ്ചുകോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും തടയണ നിർമാണത്തിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ചാത്തന്നൂർ എംഎൽഎ ജയലാലും വ്യക്തമാക്കി. പുഴയിൽ മുങ്ങിയുള്ള അപകട മരണങ്ങൾ തടയാനും കരയിടിച്ചിൽ തടയാനും ആറിന്റെ തീരങ്ങൾ കെട്ടുന്ന പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടുമാസത്തിനിടെ പൊങ്ങിയത് രണ്ടു മൃതദേഹങ്ങൾ

ദേവനന്ദയെ കാണാതായി ഒരു മണിക്കൂറിനുള്ളിൽ തന്നെ മരണം സംഭവിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. ഇവിടെ മണൽ വാരിയ വലിയ കുഴികളുണ്ടെന്ന് നാട്ടുകാർ ഇന്നലെ തന്നെ പറഞ്ഞിരുന്നു. ഇന്നലെ ഇൗ പ്രദേശങ്ങളിൽ പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. വലിയ വിസ്തൃതിയില്ലാത്ത, പരമാവധി നാനൂറ് മീറ്റർ വീതി മാത്രമാണ് ഇവിടെ പുഴയ്ക്കുള്ളത്. എന്നിട്ടും ഇന്നലത്തെ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് ഇവിടെ പതിയിരിക്കുന്ന  അപകടത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇൗ വേനലിൽ പോലും പുഴയുടെ അവസ്ഥ ഇതാണ് എന്നുള്ളത് ഭീതിയുണ്ടാക്കുന്നു. 

ഐശ്വര്യയുടെ മരണവും ഇതേ പുഴയിൽ

കഴിഞ്ഞ മാസം 18നാണ് കൊല്ലം എസ്എൻ വനിതാ കോളജ് വിദ്യാർഥിയും പാരിപ്പള്ളി എഴിപ്പുറം ഷൈൻ വിഹാറിൽ പ്രേം സുഭാഷിന്റെ മകളുമായ ഐശ്വര്യയുടെ മൃതദേഹം ഇത്തിക്കരയാറിൽ കണ്ടെത്തിയത്. പാലമൂട് ഇഷ്ടിക ഫാക്ടറിക്കു സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഐശ്വര്യയുടെ ബാഗും ഫോണും ആറിന്റെ തീരത്തെ റബർ തോട്ടത്തിൽ കണ്ടെത്തിയിരുന്നു. വർഷങ്ങൾക്ക് മുൻപ് കുളിക്കാനിറങ്ങിയ നാലുവിദ്യാർഥികളും  ഇത്തിക്കരയാറ്റിൽ മുങ്ങി മരിച്ചിരുന്നു. ഇത്തിക്കര മാടൻനട ക്ഷേത്രത്തിന് സമീപമായിരുന്നു അന്ന് നാടിനെ നടുക്കിയ ദുരന്തം നടന്നത്.  അതിന് ശേഷം അപകടസാധ്യത ബോർഡുകൾ പഞ്ചായത്ത് ഇവിടെ സ്ഥാപിച്ചിരുന്നു. 

അന്നത്തെ ദുരന്തത്തിൽ പൊലിഞ്ഞത് എട്ടുപെൺകുട്ടികൾ

ഇത്തിക്കരയാറിന് കുറുകെ പള്ളിക്കമണ്ണടിയിൽ ഒരു പാലം എന്ന ആവശ്യം പതിറ്റാണ്ടുകളായി കടലാസിൽ ഉറങ്ങുകയാണ്. 6 പതിറ്റാണ്ട് മുൻപു നടന്ന ദുരന്തം പേറിയാണ് ഇപ്പോഴും ഇതുവഴിയുള്ള വഞ്ചിയാത്ര. അന്ന് 8 പെൺകുട്ടികളാണ് ഇവിടെ മരിച്ചത്. പള്ളിമണിൽ നിന്നു ചാത്തന്നൂരിലെ സ്കൂളിലേക്കു കടത്തുവള്ളത്തിൽ പോയവരായിരുന്നു അപകടത്തിൽപ്പെട്ടത്.

ithikkara-river-pic

മൂന്നു ടൺ കേവുഭാരമുള്ള വള്ളത്തിൽ കടത്തുകാരൻ കൂടാതെ 7 പേർക്കു യാത്ര ചെയ്യാമെന്നു ബോർഡ് മാത്രമാണ് ഇപ്പോഴും ഇവിടെ ഉള്ളത്. മണലൂറ്റി അഗാധഗർത്തമായി മാറിയ കടവിൽ നിന്നു മറുകടവിലേക്കുള്ള യാത്ര ജീവൻ മുറുകെ പിടിച്ചു വേണം. ആറു മുറിച്ചു കടക്കാൻ പാലമില്ലാത്തതിനാൽ ഏഴോ എട്ടോ കിലോമീറ്റർ ചുറ്റിയാണ് ഇപ്പോഴും സഞ്ചരിക്കുന്നത്. ഇവിടെ അഗ്നിശമനസേനയുടെ കേന്ദ്രം അടുത്തുള്ളത് പരവൂരിലാണ്. ഒരു അപകടം ഉണ്ടായാൽ പരവൂരിൽ നിന്ന് അഗ്നിശമന സേന 25 കിലോമീറ്റർ ചുറ്റിക്കറങ്ങി വേണം സ്ഥലത്തെത്താൻ.

MORE IN KERALA
SHOW MORE
Loading...
Loading...