കഴുത്തില്‍ ഇട്ടതെന്ന് കരുതുന്ന ഷാള്‍ കണ്ടെത്തി; വേദനയായി ദേവനന്ദ

devanada4
SHARE

കൊല്ലം പള്ളിമണില്‍ കാണാതായ ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഷാളും കണ്ടെത്തി. കുട്ടി കഴുത്തില്‍ ഇട്ടിരുന്നതെന്ന് കരുതുന്ന ഷാളാണ് കണ്ടുകിട്ടിയത്. മൃതദേഹം കിടന്നിരുന്ന അതേ സ്ഥലത്തുനിന്ന് മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തി.   

ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഇന്നലെ രാവിലെ 10.30 ഒാടെയാണ് കുട്ടിയെ കാണാതായത്. ഇന്നലെ രാത്രി രണ്ട് മണി വരെ തിരച്ചിൽ നടത്തി. ദേവന്ദയുടെ മൃതദേഹം വീട്ടിൽ നിന്ന് 700 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ദേവനന്ദയുടെ വീടിനടുത്ത് ഒരു തടിപ്പാലമുണ്ട്. ഇന്നലെയും ദേവനന്ദ തടിപ്പാലത്തിലൂടെ അമ്പലത്തിൽ പോയതാണ്. തടിപ്പാലത്തിനിപ്പുറമാണ് മൃതദേഹം കണ്ടെത്തിയത്. തടിപ്പാലത്തിനപ്പുറമായിരുന്നു ഇന്നലെ മുഴുവൻ തിരച്ചിൽ നടത്തിയത്. 

‘എങ്ങനെ ഇത് സംഭവിച്ചു എന്നറിയില്ല. ആളുകൾ പതിവായി സഞ്ചരിക്കുന്ന വഴിയാണിത്. നാട്ടുകാരെല്ലാം ഒറ്റക്കെട്ടായി തിരയുകയായിരുന്നു. കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞ് എങ്ങനെ പെട്ടെന്ന് അപ്രത്യക്ഷമായെന്നറിയില്ല...’ വീട്ടിലെ കുട്ടികളെക്കുറിച്ചോർത്ത് ആശങ്കയുണ്ടെന്നും നാട്ടുകാർ പറയുന്നു. 

കുട്ടി ഒരിക്കലും വീട് വിട്ട് പുറത്തുപോകില്ലെന്ന് ബന്ധുക്കളും തറപ്പിച്ച് പറയുന്നു. കളിക്കാനാണെങ്കിൽ‌ പോലും അമ്മയുടെ അനുവാദം വാങ്ങാതെ പോകില്ല. രണ്ടാമത്തെ കുഞ്ഞിന് മൂന്ന് മാസമേ പ്രായയമുള്ളൂ. ദേവനന്ദ റോഡിലൂടെ  പോകുന്നത് ആരും കണ്ടില്ല എന്നതും ദുരൂഹത വർധിക്കുന്നു. 

വീട്ടിൽ നിന്ന് 200 മീറ്റർ മാത്രം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. സംശയം നിറയുകയാണെന്ന് നാട്ടുകാർ പ്രതികരിക്കുന്നു. അടുത്ത അമ്പലത്തിൽ സപ്താഹം നടക്കുന്നതിനാൽ ആ വഴിയിലെല്ലാം ആളുകൾ പോകുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ദേവനന്ദയ്ക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാകുകയുള്ളൂ.  

പുഴ കേന്ദ്രീകരിച്ചു തന്നെയായിരുന്നു പൊലീസിന്റെ അന്വേഷണം. പുറത്തുനിന്ന് അപരിചിതര്‍ വന്ന് കൊണ്ടുപോകാന്‍ സാധ്യത ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ പകലും രാത്രിയും സംസ്ഥാന വ്യാപകമായി തിരച്ചില്‍ നടന്നിരുന്നു. ദുരൂഹത കാണുന്നില്ലെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി പ്രതികരിച്ചു. മരണം വേദനാജനകമാണ്. മമ്മൂട്ടി ആദരാഞ്ജലി അറിയിച്ചു.  ഒരുനാടിന്റെ തിരച്ചില്‍ വിഫലമായെന്ന് നടൻ കുഞ്ചാക്കോ ബോബന്‍ അനുസ്മരിച്ചു. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.

വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്. പ്രദീപ് കുമാര്‍ – ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. വിദേശത്തുള്ള പ്രദീപ് കുമാര്‍ രാവിലെ നാട്ടിലെത്തി.

കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ഇന്നലെയാണ് ദുരൂഹസാഹചര്യത്തില്‍ ആറുവയസുകാരി ദേവനന്ദയെ കാണാതായത്.  കോസ്റ്റല്‍ പൊലീസിന്റെ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതേദഹം. പുഴയില്‍ മണല്‍വാരിയുണ്ടായ കുഴികളുണ്ട്. ഇതാവാം ഇന്നലത്തെ തിരച്ചില്‍ വിഫലമാകാന്‍ കാരണമെന്നു കൊല്ലം കലക്ടർ മനോരമ ന്യൂസിനോടു പറഞ്ഞു. ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും ഉടന്‍ നടത്തും. ഇത് വിഡിയോയില്‍ ചിത്രീകരിക്കും.

MORE IN KERALA
SHOW MORE
Loading...
Loading...