കണ്ടുപിടിക്കപ്പെടരുതെന്നായിരുന്നു ലക്ഷ്യമെങ്കിൽ വെടിയുണ്ടകൾ റോഡിൽ ഉപേക്ഷിച്ചതെന്തിന്?

kulathoopuzha-bullets
SHARE

കുളത്തൂപ്പുഴ: തിരുവനന്തപുരം- തെന്മല സംസ്ഥാനപാതയിലെ വനമേഖലയിൽ വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട സംഭവത്തിൽ ദുരൂഹതകളേറെ. കണ്ടുപിടിക്കപ്പെടരുതെന്നായിരുന്നു ലക്ഷ്യമെങ്കിൽ പാതയോരത്ത് ഉപേക്ഷിക്കേണ്ടതുണ്ടോയെന്ന ചോദ്യം പ്രധാനം. വെടിയുണ്ടകൾ വിദേശ നിർമിതമാണെന്ന പൊലീസ് വിശദീകരണം വിശ്വസിക്കാമെങ്കിൽ, അവ ഇവിടെ എങ്ങനെ എത്തി എന്ന ചോദ്യം ബാക്കിയാവുന്നു.വെടിയുണ്ടകൾ ആരെങ്കിലും കണ്ടെത്തണമെന്ന ഉദ്ദേശ്യത്തോടെയാകണം പാതയോരത്തു തന്നെ ഉപേക്ഷിച്ചതെന്നാണു നാട്ടുകാരുടെ സംശയം.

മരങ്ങൾ ഇടതൂർന്ന ഇവിടെ നല്ല തണൽ ഉള്ളതിനാൽ വാഹനങ്ങൾ നിർത്തുക പതിവാണ്. പാതയിൽ നിന്ന് ഒന്ന് വലിച്ചെറിഞ്ഞാൽ ഇവ ചെന്നെത്തുക ചപ്പാത്തും ചതുപ്പും ചെളിക്കുണ്ടും നിറഞ്ഞ വനത്തിലേക്കാകും. പാതയോരത്ത് നിന്ന് 10 മീറ്റർ മാത്രമെ വനത്തിലേക്കുള്ളൂ.വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ടുവെന്ന വിവരം പുറത്തുവന്നപ്പോൾ ആദ്യം എല്ലാവരും ഓർത്തത് കേരള പൊലീസിന്റെ തോക്കുകളും തിരകളും കാണാനില്ലെന്ന് വെളിപ്പെടുത്തിയ സിഎജി റിപ്പോർട്ടാണ്. 

വെടിയുണ്ടയിൽ ‘പിഒഎഫ്’ എന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നു പിന്നീട് പൊലീസ് വ്യക്തമാക്കി. ഇതോടെ വെടിയുണ്ടകൾ പാകിസ്ഥാൻ നിർമിതമെന്ന സംശയം ഉയർന്നു. ദേശീയ സുരക്ഷാ ഏജൻസിയും സംസ്ഥാന ഭീകര വിരുദ്ധ സ്ക്വാഡും റൂറൽ എസ്പി ഹരിശങ്കറിനെ ബന്ധപ്പെട്ടതോടെ സംഭവത്തിനു ഗൗരവമേറി. വെടിയുണ്ട പൊതിഞ്ഞ തമിഴ് പത്രം ആർപിഎൽ എസ്റ്റേറ്റിലെ (റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ്) തമിഴ് തൊഴിലാളിയെ വരുത്തി വായിപ്പിച്ചും പൊലീസ് വിവരങ്ങൾ ചികഞ്ഞു. 

വെടിയുണ്ടകൾ കണ്ട ജോഷി പറയുന്നു: മടത്തറ നിന്നു സ്കൂട്ടറിൽ കുളത്തൂപ്പുഴയിലേക്കു വരുമ്പോൾ വനപ്രദേശമായ മുപ്പതടിപ്പാലത്തിനു സമീപം വാഹനം നിർത്തി. പ്രാഥമിക ആവശ്യത്തിനായി പോയപ്പോൾ പാതയോരത്തു മഞ്ഞക്കവർ കണ്ടു. കമ്പു കൊണ്ട് കുത്തിനോക്കിയ ശേഷം തട്ടിത്തെറിപ്പിച്ചു. കവർ തുറന്നു എന്തോ തെറിച്ചു വീണു. ബെൽറ്റാണെന്നു  കണ്ടു തിരികെ പോകാൻ ഒരുങ്ങിയെങ്കിലും വീണ്ടും പരിശോധിച്ചു. വെടിയുണ്ടയാണെന്ന് ഉറപ്പാക്കി. ഉടൻ സുഹൃത്ത് അജീഷിനെ വിവരം അറിയിച്ചു. വൈകാതെ പൊലീസിലും.

ഇന്നലെ വൈകിട്ട് 3:00

കുളത്തൂപ്പുഴ- മടത്തറ പാതയിൽ മുപ്പതടി പാലത്തിനു സമീപം വനമേഖലയിൽ റോഡരികിൽ മഞ്ഞ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എന്തോ സാധനം കിടക്കുന്നതു അതുവഴി വരവെ വാഹനം നിർത്തിയ കുളത്തൂപ്പുഴ മടത്തറ സ്വദേശി ജോഷിയും സുഹൃത്ത് തിരുവനന്തപുരം ഭരതന്നൂർ സ്വദേശി അജീഷും കണ്ടു. സംശയം തോന്നിയ ജോഷി വടി കൊണ്ടു കവർ കുത്തി നോക്കി. 

3:20

കുളത്തുപ്പൂഴ എസ്ഐ വി. ജയകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തുന്നു. പൊതി സീൽ ചെയ്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി. സ്റ്റേഷനിലെത്തിയ എസ്ഐ, കൊല്ലം റൂറൽ എസ്പി: ഹരിശങ്കറിനെ വിവരം അറിയിക്കുന്നു. 

5:00

റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ജി. വിനോദിന്റെ നേതൃത്വത്തിൽ പൊലീസ് കുളത്തൂപ്പുഴ സ്റ്റേഷനിൽ. തുടർന്നു വെടിയുണ്ട കണ്ടെത്തിയ സ്ഥലത്തും പരിശോധന. പിന്നാലെ ഫൊറൻസിക് വിദഗ്ധരുമെത്തി.6 മണിയോടെ കൊല്ലത്തു നിന്നുള്ള ആർമറി വിഭാഗം ഉദ്യോഗസ്ഥർ കുളത്തൂപ്പുഴ സ്റ്റേഷനിൽ. വെടിയുണ്ടകൾ പരിശോധിച്ച സംഘം അവ കണ്ടെത്തിയ സ്ഥലത്തേക്ക്. അര മണിക്കൂറോളം സ്ഥലത്തു പരിശോധന നടത്തി. 

എകെ 47 തോക്കുകളേക്കാൾ ദൂരത്തിൽ നിന്നു വെടിയുതിർക്കാവുന്ന തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണു കണ്ടെത്തിയതെന്നു റൂറൽ പൊലീസ്. സായുധ പൊലീസ് ഉപയോഗിക്കുന്ന ഓട്ടമാറ്റിക് തോക്കുകളിലെ വെടിയുണ്ടയാണെന്നായിരുന്നു ആദ്യ സംശയം. കൊല്ലം റൂറൽ എസ്പി ഹരിശങ്കർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ബി. വിനോദ്, പുനലൂർ ഡിവൈഎസ്പി എസ്. അനിൽദാസ് എന്നിവർ രാത്രി വൈകിയും കുളത്തൂപ്പുഴയിൽ ക്യാംപ് ചെയ്യുകയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...