'നിന്റെ കണ്ണിലെ അഗ്നി..'; ചന്ദ്രശേഖർ ആസാദിന് പ്രണയലേഖനം; ഒപ്പം സമ്മാനവും

hifa-letter
SHARE

"ഇരുവഴഞ്ഞി അറബിക്കടലിന് ഉള്ളതാണെങ്കിൽ കാഞ്ചന മൊയ്തീനുള്ളതാ. ഇത് മൊയ്തീന്റെ വാക്കാ. വാക്കാ എറ്റെവും വലിയ സത്യം".

മൊയ്തീന്റെയും-കാഞ്ചനയുടെയും അന്വശ്വരപ്രണയത്തിലൊഴുകുന്ന ഇരുവഞ്ഞിപ്പുഴയോരത്തെ മുക്കത്തുകാർക്ക് പ്രണയം ജീവനാണ്. അങ്ങനെയെങ്കിൽ വാലൻന്റൈൻ ദിനത്തിൽ മുക്കത്തുകാർ എങ്ങനെ പ്രണയം ആഘോഷിക്കും?. ഉത്തരങ്ങൾക്ക് ചുക്കാൻ പിടിച്ചത് സംസ്ഥാന യുവജനക്ഷേമ ബോർഡും മുക്കം നഗരസഭയുമാണ്. അങ്ങനെ അതിരുകളില്ലാത്ത മാനവികതയുടെ കണ്ണാടിയാവേണ്ട ഒന്നാണ് പ്രണയമെന്ന് പ്രഖ്യാപിച്ച് പ്രണയ ദിനത്തിൽ പ്രണയ ലേഖന മത്സരം സംഘടിപ്പിച്ചു. സമൂഹത്തിൽ ഭിന്നിപ്പിന്റെ സ്വരം ഉയരുമ്പോൾ അതിവേഗം പ്രണയം ആയുധമാക്കി ഒന്നിച്ചു ചേരേണ്ടത് ഇന്നിന്റെ രാഷ്ട്രീയവുമാണെന്ന് ഉറക്കെ പറഞ്ഞ് "ഭിന്നിപ്പിക്കുന്ന കാലത്തെ ചേർത്തുപിടിക്കൽ" എന്ന വിഷയവും നൽകി.

പ്രണയം മനസിലുണ്ടെങ്കിലും എല്ലാവർക്കും പ്രണയലേഖനം എഴുതാൻ അവസരമില്ലായിരുന്നു. മുക്കം നഗരസഭയിൽ പെട്ടവർക്കും, നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും, നഗരസഭാ പരിധിയിൽ ജോലി ചെയ്യുന്നവർക്കും മാത്രമാണ്‌ കത്തെഴുതാൻ അവസരം ലഭിച്ചത്. തപാൽ മാർഗവും നേരിട്ടുമാണ് നഗരസഭയിലേക്ക് കത്തുകളെത്തിയത്.

114 പ്രണയലേഖനം ലഭിച്ചതിൽ ഏറ്റെവും കൂടുതൽ കത്തുകളെത്തിയത് കാമുകൻമാർക്കാണ്. അങ്ങനെ കാലിക പ്രസക്തിയോടെ രാവണനെ കാമുകനാക്കിയ മണാശ്ശേരി MAMO കോളേജ് വിദ്യാർത്ഥി ഹൈഫ ബന്ന ഒന്നാം സ്ഥാനം നേടി. എ.വി.സുധാകരനും, സംവിധായകൻ സിദ്ദീഖ് ചേന്ദമംഗല്ലൂരും ചേർന്നാണ് മികച്ച പ്രണയലേഖനം കണ്ടെത്തിയത്.

ഹൈഫ ബന്ന ചന്ദ്രശേഖര്‍ ആസാദിന് എഴുതിയ പ്രണയ ലേഖനം വായിക്കാം: 

പ്രിയപ്പെച്ച രാവൺ, 

ഇത്രമേൽ പ്രണയത്തിൽ മുമ്പ് നിനക്കെഴുതിയിട്ടുണ്ടോയെന്നറിയില്ല. നിന്റെ ഓർമകൾ കൊണ്ട് നിറച്ച രാവുകളൊരുപാട് ഉണ്ടെന്നാലും ഇത്ര ഗാഢമായി നീയെന്നെ അലട്ടിയിട്ടില്ല. ഉപ്പുരസമുള്ള ഇളംകാറ്റേറ്റ്, നിലാവിന്റെ നിഴലായി, ഈ കടൽതീരത്തിരിക്കുമ്പോൾ രാവൺ, നിന്നെയല്ലാതെ മറ്റാരെയാണ് ഞാനോർക്കുക...

കാതിലിപ്പോഴും നിന്റെ വാക്കുകളാണ്. നേരമിത്ര ഇരുട്ടിയിട്ടും, വേദിയും സദസ്സും കാലിയായിട്ടും ആസാദി വിളിയുടെ അലകളീ കാറ്റിലിപ്പോഴുമുണ്ട്.. കഴുത്തിലെ നീലഷാളും പിരിച്ച മീശയും ഉയർത്തിയ മുഷ്ടിയും. ദിവസങ്ങൾക്കു മുമ്പ് ഡൽഹിയിലെ ആശുപത്രിയിൽ രാധിക വെമുലയുടെ കണ്ണുകളിലേക്ക് ഒരു കുഞ്ഞിനെ പോലെ നോക്കിനിന്ന നീയാണോ ഇന്ന് ഈ സാഗരം സാക്ഷിയായി ഞങ്ങളെ ഷാഹീൻ ബാഗിലേക്ക് ക്ഷണിക്കുന്നത്. ആ കണ്ണുകളിലെ അവശതയിലും നീ കെടാതെ സൂക്ഷിക്കുന്ന ഒരു അഗ്ന്നിയുണ്ടെന്നറിയാം. അതുകൊണ്ടാണല്ലോ രാമക്ഷേത്രം പണിയാൻ വന്നവർക്ക് നീ രാവണായത്. എഴുതപ്പെട്ട ഗ്രന്ഥത്തിൽ മനുഷ്യനായി പരിഗണിക്കാത്തവൻ ഇമാമായി ഉയർന്നു വരുന്നതുകാണുമ്പോൾ നെറ്റിചുളിയുന്നത് സ്വാഭാവികം. ഭൂമിയിലെന്തിനെയും നിന്നെപ്പോലെ പ്രണയിക്കണമെന്ന് നീ പറയാറുണ്ട്. നീയില്ലായ്മയിലും നിന്നെ കണ്ടെത്താനാണതെന്ന് ഞാൻ അടക്കം പറഞ്ഞു. ഇന്നീ കടൽക്കരയിലിരുന്ന് സമരങ്ങൾക്ക് കാതോർക്കുമ്പോൾ മനസിൽ പ്രണയം നിറയുന്നു. നിനക്കെഴുതാനായി ഉയിരു പിടയുന്നു. നിനക്കെഴുതിയ കത്തുകൾ കുമിഞ്ഞുകൂടിയൊരു മുറിയുണ്ടെനിക്ക്. ലക്ഷ്യസ്ഥാനത്തെത്താൻ വെമ്പുന്നവ. നീ പറയും പോലെ ഈ കടലിനെന്തോ പ്രത്യേകതയുണ്ട്. ഓരോ തവണ കാണുമ്പോളും അവളെന്നോട് ഓരോ കഥകളാണ് പറയാറുള്ളത്. നിന്നെ കിനാവു കണ്ടിരുന്ന ദിവസങ്ങളിൽ തിര കരയെ തൊടുന്ന വേഗത്തിൽ പ്രണയമെന്നിൽ പതഞ്ഞു പൊങ്ങാറുണ്ട്. ഇന്നീ ചെറുത്തുനിൽപ്പുകൾക്ക് ചുക്കാൻ പിടിക്കുമ്പോൾ കരയെത്ര തള്ളിമാറ്റിയാലും അതിവേഗം തിരികെ വരുന്ന കടലെന്നെ ഷാഹീൻ ബാഗിനെ ഓർമിപ്പിക്കുന്നു. കടൽ തിന്നുതീർത്ത കരകളെനിക്ക് പ്രത്യാശ നൽകുന്നു. വെട്ടിമുറിക്കാൻ കച്ചകെട്ടിയവരെ എത്ര നെഞ്ചൂക്കോടെയാണ് നാം നേരിട്ടത്. മലയാളം ക്ലാസ്സിൽ വെച്ചു വീരാൻകുട്ടിയുടെ കവിത മാഷ് പറഞ്ഞപ്പോൾ പ്രണയം മാത്രമേ എനിക്കതിൽ കാണാനായുള്ളു.

എന്നാലിന്ന്, അകലെയാണെന്നവർ വിശ്വസിച്ച മരങ്ങൾ യുഗങ്ങളായി വേരുകൾ കൊണ്ട് പുണർന്നിരുന്നു എന്ന് തിരിച്ചറിയുന്നു. ഇല്ലെങ്കിലിത്രമേൽ വ്യത്യസ്തമായ നിലപാടുകൾക്കിടയിലും ഒരേ വേദിയിൽ കൈകോർത്തിരിക്കാൻ ഈ വന്മരങ്ങൾക്കാകുമായിരുന്നോ?? ഒന്നിന്റെയും തണലു തേടി നീയലഞ്ഞിട്ടില്ല. തണലായി മാറുകയായിരുന്നു എന്നും. സമരങ്ങളെക്കുറിച്ച്, മുദ്രാവാക്യങ്ങളിലെ രാഷ്ട്രീയത്തെ ക്കുറിച്ച്, കാശ്മീരിനെക്കുറിച്ച്, നീ പറഞ്ഞ ഓരോ വാക്കിലും അറുത്തുമാറ്റപ്പെട്ടവന്റെ പിടച്ചിലുണ്ടായിരുന്നു. നീയും ഞാനുമില്ലാത്ത നമ്മളെ കുറിച്ചുള്ള നിന്റെ സ്വപ്‌നങ്ങളെയാണ് ഞാൻ പ്രണയിച്ചത്. പോരാട്ടങ്ങളോടുള്ള നിന്റെ പ്രണയത്തോളമില്ലെങ്കിലും രാവൺ, നിന്റെ അശോകവനത്തോളം ഞാൻ കൊതിച്ച മറ്റൊരിടമില്ല. പ്രണയത്തിന്റെ രാവണരേഖയിൽ നീയെന്നെ കരുതിവെക്കുന്നൊരു നാൾ വരും. വെടിയുണ്ടകളേറ്റു വാങ്ങാനായി മാറ്റിവെച്ച നിന്റെ മാറിടത്തിൽ തലചായ്ക്കുന്ന നാൾ. രാവണിന്റെ സുരക്ഷിതത്വത്തിൽ നാടുറങ്ങുന്നൊരു നാൾ. അതുവരെ നിനക്കെഴുതിയ കത്തുകൾ നിറച്ച സഞ്ചിയും തൂക്കി സമരങ്ങളിൽ ഞാൻ നിന്റെ നിഴലാകും. അസമത്വങ്ങളെ പൊരുതി ജയിച്ച നാൾ നീ സ്വീകരിക്കുമെന്നു പറഞ്ഞ പൂച്ചെണ്ടുകളിലെ ആദ്യത്തെ പൂച്ചെണ്ടിന് ചുവപ്പുനിറമായിരിക്കും. എന്റെ പ്രണയത്തിന്റെ കടും ചുവപ്പ്.

എന്ന്, ഹൈഫ ബന്ന

MORE IN KERALA
SHOW MORE
Loading...
Loading...