ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു, തലയില്‍ വെട്ടി, ഞരമ്പ് മുറിച്ചു; ആത്മഹത്യ ശ്രമം മുന്‍പും

Blood Political Murder
SHARE

കൊടുങ്ങല്ലൂർ : പുല്ലൂറ്റ് കോഴിക്കട സെന്ററിലെ കൂട്ടമരണം സംബന്ധിച്ച മൊഴിയെടുപ്പിൽ പൊലീസിന് ഇപ്പോൾ ലഭിക്കുന്നതു ദമ്പതികൾ തമ്മിലുണ്ടായിരുന്ന തർക്കങ്ങളുടെയും കുട്ടികളെ ഉപദ്രവിക്കുന്നതിന്റെയും കഥകൾ. കുട്ടികളെ ഏറെ ഉപദ്രവിച്ചു പഠിപ്പിച്ചിരുന്നതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു. നേരത്തെ കുടുംബശ്രീ യോഗത്തിൽ  രമ ദേഹത്തു മണ്ണെണ്ണ ഒഴിച്ചും മറ്റൊരു ദിവസം വീട്ടിൽ വെട്ടുകത്തികൊണ്ടു തലയിൽ വെട്ടിയും കിഴക്കേ നടയിലെ സൂപ്പർ മാർക്കറ്റിൽ ജോലിചെയ്യുമ്പോൾ ഞരമ്പ് മുറിച്ചും ആത്മഹത്യയ്ക്കു ശ്രമിച്ചതായി പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്.

ആത്മഹത്യ കുറിപ്പിലെ എല്ലാവർക്കും മാപ്പ്, തെറ്റു ചെയ്തവർക്കു മാപ്പില്ല എന്ന കുറിപ്പും ദുരൂഹത കൂട്ടുന്നു. തൈപറമ്പത്ത് വിനോദ് (46), ഭാര്യ രമ (40), മക്കളായ നയന (17), നീരജ് (9) എന്നിവർ മരിച്ച സമയം സംബന്ധിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട് ദുരൂഹത വർധിപ്പിക്കുകയാണ്. വിനോദും മക്കളും മരിച്ചത് വ്യാഴാഴ്ച രാത്രി ആയിരിക്കുമെന്നാണു പൊലീസിന്റെ നിഗമനം. രമ 24 മണിക്കൂറിനു ശേഷവും. രമയുടെ മൃതദേഹം മറ്റുള്ളവരുടെ അത്ര ജീർണിച്ചിരുന്നില്ല.

അതേസമയം, മൃതദേഹത്തിന്റെ ജീർണാവസ്ഥ പൊടുന്നനെ നിർണയിക്കാൻ കഴിയില്ലെന്നു വിദഗ്ധർ പറയുന്നു. മൃതദേഹം കിടന്ന മുറിയിലെ താപനിലയും കിടപ്പിലെ വ്യത്യാസവും ജീർണാവസ്ഥയ്ക്കു മാറ്റമുണ്ടാക്കും. ആന്തരികാവയങ്ങളുടെ പരിശോധനയിലൂടെ മാത്രമേ കൃത്യസമയം കണ്ടെത്താനാവൂ. ഫൊറൻസിക് വിദഗ്ധർ ഇന്നു വീട്ടിൽ പരിശോധനയക്കു വരുന്നുണ്ട്. വിനോദിന്റെയും രമയുടെയും  കയ്യക്ഷരങ്ങൾ അടങ്ങിയ പുസ്തകം പൊലീസ് ശേഖരിച്ചു.

നയനയുടെയും നീരജിന്റെയും പുസ്തകങ്ങളും വീട്ടിൽ നിന്നു എടുത്തു. രമ ജോലി ചെയ്തിരുന്ന വടക്കേ നടയിലെ റീഗൽ സ്റ്റേഷനറി കട ഇന്നു പൊലീസ് പരിശോധിക്കും. രമയുടെ കുറിപ്പുകൾ കടയിലുണ്ടോ എന്നു അറിയാനാണു പരിശോധന. കടയുടമ നാട്ടിലെത്തിയിട്ടുണ്ട്. പ്രദേശത്തെ ഇരുചക്രവാഹനങ്ങളിൽ നിന്ന് ആരോ പെട്രോൾ ഊറ്റുന്നതായി പരാതിയുണ്ടായിരുന്നു. അതിനാൽ, വിനോദ് തന്റെ ബൈക്ക് മൂടിയാണു സൂക്ഷിച്ചിരുന്നത്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...