കോഴിക്കോട്ടെ ഓട്ടോക്കാര്‍ക്കെന്തുപറ്റി ? ഇ-ഓട്ടോ കുരുക്കിൽ

e-auto-1
SHARE

നന്മയുള്ളവരാണ് കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികളെന്ന് കാലം തെളിയിച്ചതാണ്. നഗരത്തിലെത്തുന്നവരെല്ലാം ഓട്ടോ തൊഴിലാളികളുടെ നന്മയില്‍ സന്തോഷത്തോടെ മടങ്ങുന്നതും സാധാരണമാണ്. പക്ഷേ പ്രക‍ൃതി സ്നേഹത്തിന്റെ പേരില്‍ വാഹനലോകം മാറുന്ന കാലത്ത് തൊഴിലാളികള്‍ തമ്മിലുള്ള അകലം വര്‍ധിച്ച് തുടങ്ങി. അങ്ങനെ തൊഴിലാളികളുടെ സല്‍പേരിന് തന്നെ ദോഷം വരുത്തുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. 

കോഴിക്കോട്ടെ ഓട്ടോതൊഴിലാളികളെ ഷോക്കടിപ്പിച്ചത് ഇലക്ട്രിക് ഓട്ടോകളാണ്. 4337 ഓട്ടോകള്‍ക്കാണ് നഗരപെര്‍മിറ്റുള്ളത്. ഇതിന് പുറമെ രണ്ടായിരം ഇലക്ട്രിക് ഓട്ടോകള്‍ക്ക് കൂടി പെര്‍മിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മലിനീകരണം കുറഞ്ഞ വാഹനമായതിനാല്‍ സബ്സിഡിയും പ്രഖ്യാപിച്ചു. ഓട്ടോറിക്ഷ ജീവന്റെ ഭാഗമാക്കിയ ഏതാനും തൊഴിലാളികള്‍ വാടകയ്ക്കെടുത്ത് ഓടിച്ചിരുന്ന ഓട്ടോ ഒഴിവാക്കി ഇലക്ട്രിക് ഓട്ടോ സ്വന്തമാക്കി. സര്‍ക്കാര്‍ സബ്സിഡിക്ക് പുറമെ വായ്പയെടുത്താണ് ഓട്ടോ വാങ്ങിയത്. ഗള്‍ഫില്‍നിന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയവരും സര്‍ക്കാരിന്റെ പ്രോത്സാഹന പദ്ധതിയില്‍ ചേര്‍ന്ന് ഓട്ടോയെടുത്തു.

അങ്ങനെ തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി വെള്ളയും നീലയും നിറത്തിലുള്ള ഇലക്ട്രിക് ഓട്ടോകള്‍ നഗരത്തിലൂടെ നിശബ്ദമായി ഓടി തുടങ്ങി. എണ്ണം പതുക്കെ വര്‍ധിച്ചുവന്നു. നഗര–ഗ്രാമ–ജില്ല വ്യത്യാസമില്ലാതെ എവിടെയും ഓടാം. എവിടുന്നും ആളെയെടുക്കാം. ഈ പോക്ക് പോയാല്‍ വരുമാനം മുട്ടുമെന്ന് മനസിലാക്കിയ പരമ്പരാഗത ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ഓട്ടോ സ്റ്റാന്‍ഡിലിട്ട് ഇലക്ട്രിക് ഓട്ടോ ഓടിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട് ചിലയിടങ്ങളില്‍ തര്‍ക്കങ്ങളുണ്ടായി. പരാതികളോരോന്നും ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെയത്തി.

e-auto-2

സമവായമായി നഗരത്തിലൊരിടത്ത് മാത്രം ഇലക്ട്രിക് ഓട്ടോകള്‍ക്ക് സ്റ്റാന്‍ഡ് അനുവദിക്കാമെന്ന് പരമ്പരാഗത തൊഴിലാളികള്‍ അറിയിച്ചു. കോര്‍പറേഷന്‍–പൊലീസ്–മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി ഭട്ട് റോഡ‍്, സരോവരം പാര്‍ക്ക് എന്നിവിടങ്ങളില്‍ രണ്ട് സ്റ്റാന്‍ഡ് അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ സംസ്ഥാനത്തെവിടെയും സര്‍വീസ് നടത്താമെന്ന സര്‍ക്കാര്‍ ഉത്തരവുമായി ഇലക്ട്രിക് ഓട്ടോ തൊഴിലാളികള്‍ രംഗത്തുവന്നു. മറ്റ് ഓട്ടോകള്‍ ഓടുന്നതുപോലെ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ സ്റ്റാന്‍ഡ് തീരുമാനം എങ്ങുമെത്തിയില്ല.

നിലവിലുള്ള പെര്‍മിറ്റുകളില്‍ എതെങ്കിലും ഓട്ടോകള്‍ ഓടുന്നില്ലെങ്കില്‍ അവയ്ക്ക് പകരം ഇലക്ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കാമെന്ന നിര്‍ദേശം പരമ്പരാഗതെ തൊഴിലാളികള്‍ മുന്നോട്ട് വച്ചു. ഇതിനോട് ഇലക്ട്രിക് തൊഴിലാളികള്‍ക്കും സമ്മതമാണ്. പക്ഷേ നിലവിലുള്ള പെര്‍മിറ്റുകള്‍ക്ക് പുറമെ രണ്ടായിരം ഇലക്ട്രിക് ഓട്ടോകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവുള്ളതിനാല്‍ ഈ ഒത്തുതീര്‍പ്പും നടപ്പായില്ല. പുതിയ പെര്‍മിറ്റുകള്‍ നല്‍കുന്നത് തൊഴില്‍ സുരക്ഷ നഷ്ടമാക്കുന്നതിനൊപ്പം ഗതാഗത കുരുക്കിനും കാരണമാകുമെന്നും കോര്‍പറേഷന്‍ കൗണ്‍സില്‍ പ്രമേയവും പാസാക്കി. 

e-auto-3

പ്രതിഷേധങ്ങള്‍ക്കിടയിലും ഇലക്ട്രിക് വാഹനങ്ങള്‍ക്കെതിരല്ലെന്ന് പരമ്പരാഗത തൊഴിലാളികള്‍ പറയുന്നു. പക്ഷേ നിലവിലുള്ള തൊഴിലാളികളുടെ വരുമാനവും ജോലിയും ഇല്ലാതാക്കി ഇലക്ട്രിക് വാഹനനയം നടപ്പാകരുതെന്നാണ് അവരുടെ ആവശ്യം. നിലവിലുള്ള ഓട്ടോകള്‍ ഇലക്ട്രിക്കിലേക്ക് മാറ്റാനുള്ള സാവകാശം വേണമെന്നും തൊഴിലാളികള്‍ പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...