ആദിവാസി യുവാവിന്റെ ദുരൂഹമരണം; കൊലപാതകം; തെളി‍ഞ്ഞത് മൂന്ന് വർഷത്തിന് ശേഷം

crime
SHARE

വയനാട് കേണിച്ചറയില്‍ ആദിവാസി യുവാവിന്റെ ദുരൂഹമരണം കൂലി വർധനവ് ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ കൊലപാതകമെന്നു 3 വർഷത്തിനു ശേഷം തെളിഞ്ഞു. സംഭവത്തില്‍ പിതാവും മകനും അറസ്റ്റില്‍. അതിരാറ്റ് പടി കോളനിയിൽ മണിയുടെ കൊലപാതകത്തിൽ കേണിച്ചിറ പത്തിൽപ്പീടിക വി.ഇ. തങ്കപ്പൻ  മകൻ സുരേഷ് എന്നിവരാണ് പിടിയിലായത്. ആത്മഹത്യയെന്നു സ്ഥാപിക്കാൻ മൃതദേഹത്തിനു സമീപം വിഷലായനി കൊണ്ടുവച്ച പ്രതികൾ ദൃക്സാക്ഷികളെയുൾപ്പെടെ സ്വാധീനിക്കുകയും ചെയ്തു.

കേണിച്ചിറയിലെ തങ്കപ്പന്റെ വീട്ടിൽ 10 വർഷത്തോളമായി പണിക്കു നിൽക്കുന്നയാളാണു മണി.

2016 ഏപ്രിലിൽ നാലിനാണു കേസിനാസ്പദമായ സംഭവം. 

തങ്കപ്പന്റെ ഉടമസ്ഥതയിലുള്ള കവുങ്ങുതോട്ടത്തിൽ മണിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് കേണിച്ചിറ പൊലീസ് അസ്വഭാവികമരണത്തിനു കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 

മൃതദേഹത്തിനു സമീപം പ്ലാസ്റ്റിക് ബക്കറ്റിൽ വിഷലായനി കലക്കി വച്ചതായും കണ്ടെത്തിയിരുന്നു. 

എന്നാല്‍ തുമ്പുണ്ടാക്കാൻ ലോക്കൽ പൊലീസിനു കഴിഞ്ഞില്ല. തുടർന്ന് 2018 മേയ് 1ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 

വിശദമായ അന്വേഷണത്തിനൊടുവിൽ ദൃക്സാക്ഷികളെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 

മകളുടെ വയസ്സറിയിക്കലുമായി ബന്ധപ്പെട്ടുള്ള ചടങ്ങുള്ളതിനാൽ കൂലി വർധിപ്പിക്കണമെന്നു മണി ആവശ്യപ്പെട്ടെങ്കിലും തങ്കപ്പൻ കൊടുത്തില്ല. വാക്കുതർക്കത്തിനൊടുവിൽ ഇവർക്കിടയിലെത്തിയ സുരേഷ് മണിയെ പിടിച്ചുവച്ചു. 

തങ്കപ്പൻ മണിയുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. പിന്നീട് തോട്ടത്തിൽ കൊണ്ടുപോയിട്ടു.

സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് . ചോദ്യം ചെയ്യലിനൊടുവിൽ ഇരുവരും കുറ്റസമ്മതം നടത്തിയെന്ന് ക്രൈംബ്രാഞ്ച് എസ്പി ഡോ. എ. ശ്രീനിവാസ് അറിയിച്ചു. 

പ്രതികളുടെ വീട്ടിൽനിന്നു വിഷലായനിയുടെ ബാക്കിയും അന്വേഷണസംഘം കണ്ടെടുത്തു. 

കൽപറ്റ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ‍‍ഡ് ചെയ്തു. 

MORE IN KERALA
SHOW MORE
Loading...
Loading...