ചരിത്രമുറങ്ങുന്ന ശംഖുമുഖം കടലെടുക്കുമ്പോള്‍; ആശങ്കയിൽ മൽസ്യത്തൊഴിലാളികൾ

shangumugham-beach
SHARE

തലസ്ഥാന നഗരത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ശംഖുമുഖം കടല്‍ത്തീരം. മണല്‍ നിറഞ്ഞ വിശാലമായ ബീച്ച്. രാജഭരണകാലത്തെ കല്‍മണ്ഡപം. തൊട്ടുചേര്‍ന്ന് രാജ്യാന്തരവിമാനത്താവളവും ശംഖുമുഖം ദേവീക്ഷേത്രവും. അല്‍പ്പം മാറി വലിയതുറകടല്‍പ്പാലം. ഇന്ന് ഇവിടെ സര്‍വ്വനാശത്തിന്‍റെ വക്കിലാണ്. ആവര്‍ത്തിക്കുന്ന കടലാക്രമണത്തില്‍ തീരം ഇടിഞ്ഞുതീരുകയാണ്. 

രാജ്യാന്തര വിമാനത്താവളത്തിന്‍റെ ആഭ്യാന്തര ടെര്‍മിനലിലേക്കും വലിയതുറയിലേക്കും പോകുന്ന റോഡ് പകുതികൊണ്ട് ഇടിഞ്ഞു.വന്‍തിരകള്‍ അടിയില്‍ നിന്ന് മണ്ണ് മാന്തിയെടുക്കും തോറും സമീപത്തെ വീടുകളും കെട്ടിടങ്ങളും ആകെ അപകടാവസ്ഥയിലാണ്. 2017 ല്‍ ഒാഖിചുഴലിക്കാറ്റ് തെക്കന്‍തീരങ്ങളില്‍ ആഞ്ഞടിച്ചതു മുതല്‍ കടലിന്‍റെ സ്വഭാവം മാറിയെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. 

കടലിലെ ഒഴുക്കുകളുടെ ഗതിമാറിയെന്നും തിരകളുടെ ശക്തി കൂടിയെന്നും പറയപ്പെടുന്നു. ഇവയൊന്നും ശാസ്ത്രീയമായി പഠിക്കാന്‍ ആരും തുനിഞ്ഞിട്ടില്ല. വിഴിഞ്ഞം തുറമുഖ നിര്‍മാണവും വലിയതുറ, ശംഖുമുഖം തീരങ്ങളിലേക്ക് വന്‍തിരകളെത്താന്‍ ഒരുകാരണമാണെന്ന് പറയുന്നവരുമുണ്ട്, 2018ലെയും 2019ലെയും പെരുമഴയും പ്രളയവും കടല്‍ക്ഷോഭവും ഈ തീരപ്രദേശങ്ങളെ ഭീതിയിലാഴ്ത്തി. കരയാകെ കടലെടുക്കുന്ന സ്ഥിതിയില്‍ നൂറുകണക്കിനു പേര്‍ക്കാണ് വീടുപേക്ഷിച്ച് ക്യാംപുകളിലേക്ക് പോകേണ്ടി വന്നത്. 

സാധാരണ കടലാക്രമണം രൂക്ഷമാകുന്ന തീരങ്ങളില്‍ കല്ലിട്ട് കടല്‍ഭിത്തി നിര്‍മിക്കും അതിന് പിറകില്‍ മണ്‍ചാക്കുകള്‍ നിറച്ച് വീണ്ടുമൊരു തടകൂടി സൃഷ്ടിക്കും. ഇവിടെ കരിക്കല്ലും കമ്പിവലയും ഉപയോഗിച്ച് അടിസ്ഥാനം തീര്‍ത്ത അരഭിത്തിയും അതിനപ്പുറത്തെ ടാറിട്ട റോഡുമെല്ലാം കടല്‍വിഴുങ്ങുന്ന സ്ഥിതിയിലാണ്. ഇതോടെ പരമ്പരാഗത മാര്‍ഗങ്ങളെല്ലാം അടഞ്ഞ അവസ്ഥയായി. 

മൽസ്യത്തൊഴിലാളി കുടുംബങ്ങൾ തിങ്ങിപാര്‍ക്കുന്ന പ്രദേശങ്ങളാണ് വിഴിഞ്ഞം മുതല്‍ വേളിവരെ. വിമാനത്താവളം, തുമ്പ വിക്രം സാരാഭായ് സ്പേസ് റിസേര്‍ച്ച് സെന്‍റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയും ഇവിടെ സ്ഥിതിചെയ്യുന്നു. കൂടാതെ റിസോര്‍ട്ടുകളും വിനോദസഞ്ചാരകേന്ദ്രങ്ങളും, നൂറുകണക്കിനു പേരുടെ ജിവനോപാധികളാണ് ഇവയെല്ലാം. കടലാക്രമണം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് മത്സ്യതൊഴിലാളികളെയാണ്. പിന്നീട് തീരത്ത് താമസിക്കുന്നവരെയും ജോലിചെയ്യാനെത്തുന്നവരെയും. 

ശംഖുമുഖം തീരത്ത് സഞ്ചാരികള്‍കുറഞ്ഞതോടെ വഴിയോരക്കച്ചവടക്കാരാണ് വലിയ പ്രതിസന്ധിനേരിടുന്ന മറ്റൊരു വിഭാഗം. മത്സ്യതൊഴിലാളികളുടെ വീടുകള്‍ ഭീഷണി നേരിടുകയാണ്. ഒാരോ കടല്‍കയറ്റത്തിലും വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകരുന്നത് നിത്യസംഭവമായിക്കഴിഞ്ഞു. തീരശോഷണത്തോടെ വള്ളവും വലയും വെക്കാനിടമില്ല, വള്ളമിറക്കാനാവുന്നില്ല. കമ്പവല വലിച്ചുകയറ്റാന്‍പോലും ഇടമില്ലാത്ത അവസ്ഥ. 

sea-wave

ഇതിന് പരിഹാരമായി ജിയോട്യൂബെന്ന പുതിയ സാങ്കേതിക വിദ്യയുമായി തീരദേശവികസന കോര്‍പ്പറേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഫൈബർ കൊണ്ടുണ്ടാക്കിയ വലിയ ട്യൂബുകളില്‍ മണല്‍ നിറച്ച്, തീരത്തു നിന്ന് 150 മീറ്റര്‍ അകലെ കടലില്‍ നിക്ഷേപിച്ച് തിരകളുടെ ശക്തി കുറക്കുകയാണ് ലക്ഷ്യം. എന്നാല്‍ ആഴക്കൂടുതലും ശക്തമായ അടിയൊഴുക്കുമുള്ള ഈ തീരത്ത് പദ്ധതി പ്രായോഗികമല്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മത്സ്യബന്ധനത്തിന് ജിയോട്യൂബ് തടസ്സമാകുമെന്ന ആശങ്കയുമുണ്ട്. തമിഴ്നാട്ടില്‍ പുതുച്ചേരി തീരത്ത് പരീക്ഷിച്ച് പരാജയപ്പെട്ട ജിയോട്യൂബ് വേണ്ടെന്ന അഭിപ്രായത്തിനാണ് ഈ തീരപ്രദേശത്ത് മുന്‍തൂക്കം. 

തീരപോഷണമാണ് വേണ്ടെതെന്നാണ് ഇതെക്കുറിച്ച് ആഴത്തില്‍ പഠിച്ച അജിത് ശംഖുമുഖം, ജെയ്ന്‍ഡിലനോയ് എന്നീ തീരവാസികള്‍ പറയുന്നത്. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ തിരയടിച്ചുകയറാന്‍സ്ഥലം നല്‍കി, ഇടവിട്ട് തീരപോഷണം നടത്തണമെന്നും ദേശീയ സമുദ്രഗവേഷണ കേന്ദ്രവും അഭിപ്രായപ്പെടുന്നു. കാലാവസ്ഥാ മാറ്റം അറബിക്കടലിന്‍റെ സ്വഭവത്തെ തന്നെ മാറ്റി മറിക്കുകയാണ്.

2017ലെ ഒാഖി ഇതിന്‍റെ വ്യക്തമായ ആദ്യസൂചകമായിരുന്നു. 2019ലെ മഴക്കാലത്ത് ചെറുതും വലുതുമായ അഞ്ച് ചുഴലിക്കാറ്റുകളും നാലില്‍ അധികം ന്യൂനമര്‍ദ്ദങ്ങളുമാണ് ജൂണ്‍ മുതല്‍ നവംബര്‍ വരെ രേഖപ്പെടുത്തിയത്. 117 വര്‍ഷത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു മാറ്റമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍ കാണിക്കുന്നത്. കടലിന്‍റെ ചൂട് കൂടും തോറും ചുഴലിക്കാറ്റുകളുടെ എണ്ണവും വര്‍ധിക്കും. ഇത് ഏറ്റവും അപകടം സൃഷ്ടിക്കുന്നത് തീരപ്രദേശങ്ങളിലാണ്. അതിനാല്‍ തന്നെ ജിയോട്യൂബുള്‍പ്പെടെ എന്ത് തരത്തിലുള്ള ഇടപെടലും സമുദ്രങ്ങളിലും തീരത്തും നടത്തുന്നതിന് മുന്‍പ് വിശദമായ ശാസ്ത്രീയ പഠനവും, മത്സ്യത്തൊഴിലാളികളുടെ അഭിപ്രായമാരായലും വേണം. കാലാവസ്ഥാ മാറ്റത്തിന്‍റെ ചുഴിയില്‍പെടുന്ന കേരളത്തിന് മുന്നില്‍ പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കിനി പ്രസക്തിയില്ലെന്ന് തെളിയുക്കുന്നതാണ് ശംഖുമുഖത്തിന്‍റെ ഇന്നത്തെ അവസ്ഥ.

MORE IN KERALA
SHOW MORE
Loading...
Loading...