ഫ്ളാറ്റ് അവശിഷ്ടം നഗരസഭ തന്നെ നീക്കണം; വ്യക്തമാക്കി ഹരിത ട്രൈബ്യൂണൽ

maradecheck-02
SHARE

മരടിലെ ഫ്ളാറ്റുകളുടെ അവശിഷ്ടം സമയബന്ധിതമായി നീക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തമാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. ഫ്ലാറ്റ് പൊളിക്കലിന് പിന്നാലെയുണ്ടായ പൊടിശല്യമടക്കം അതിരൂക്ഷമായി പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെ സ്ഥലം സന്ദര്‍ശിച്ച ഹരിത ട്രൈബ്യൂണൽ സംസ്ഥാന മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് എ.വി.രാമകൃഷ്ണ പിള്ളയാണ് നിലപാട് വ്യക്തമാക്കിയത്. സ്ഥിതി വിലയിരുത്തി 24ന് നഗരസഭ അധികൃതര്‍ ഉള്‍പ്പെടുന്ന പ്രത്യേകയോഗം ചേരുമെന്നും ജസ്റ്റിസ് എ.വി.രാമകൃഷ്ണ പിള്ള അറിയിച്ചു. 

ഫ്ളാറ്റുകളുടെ അവശിഷ്ടം നീക്കേണ്ടത് നഗരസഭയാണ്. ഈ ചുമതല കരാറുകാരെ ഏൽപിച്ചാലും സുപ്രീംകോടതി പറഞ്ഞ സമയത്തിനുള്ളിൽതന്നെ അവശിഷ്ടം നീക്കണം. അവശിഷ്ടങ്ങള്‍ തള്ളാനുള്ള സ്ഥലമായി പ്രദേശം മാറ്റാന്‍ കഴിയില്ല. ഇതുസംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് നഗരസഭയ്ക്ക് നൽകിയ നിർദേശം പാലിക്കണമെന്നും മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ സ്ഥലം പരിശോധിച്ചശേഷം ജസ്റ്റിസ് എ.വി.രാമകൃഷ്ണ പിള്ള പറഞ്ഞു.

്അവശിഷ്ടങ്ങളില്‍ വെള്ളം തളിച്ചാണ് നീക്കുന്നതെങ്കിലും പൊടിശല്യം പൂര്‍ണമായി ശമിപ്പിക്കാനായിട്ടില്ല. നിലവിലെ സാഹചര്യം മനസിലാക്കി പൊളിക്കപ്പെട്ട എല്ലാ ഫ്ളാറ്റുകളുടെയും അവശിഷ്ടങ്ങള്‍ നീക്കുന്ന രീതി ജസ്റ്റിസ് എ.വി.രാമകൃഷ്ണ പിള്ള നേരിട്ട് വിലയിരുത്തി. സമയബന്ധിതമായി അവശിഷ്ടങ്ങള്‍ നീക്കി പ്രദേശം പൂര്‍വസ്ഥിതിയിലാകുന്നതുവരെ ഹരിത ട്രൈബ്യൂണൽ മോണിറ്ററിങ് കമ്മറ്റിയുടെ ഇടപെടലുണ്ടാകുമെന്നും ജസ്റ്റിസ് എ.വി.രാമകൃഷ്ണ പിള്ള പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...