കാടിനപ്പുറത്തെ കാഴ്ചകൾക്കായി ഗോത്രായാനം; കൗതുകവും കരുതലും നിറച്ച് കുട്ടികൾ

gstudentgotra
SHARE

ഊരില്‍ നിന്ന് നഗരത്തിലെ കാഴ്ചയിലേക്ക് അവരെത്തിയത് രക്ഷിതാക്കളുടെ കൈപിടിച്ചായിരുന്നു. കൗതുകവും കരുതലും നിറച്ച കാഴ്ച വിവിധയിടങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ടോടെ പൂര്‍ത്തിയാക്കി. കോഴിക്കോട് കല്ലാനോട സെന്റ് മേരീസ് എച്ച്.എസിലെ നല്ലപാഠം പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അമ്പലക്കുന്ന് ആദിവാസി കോളനിക്കാര്‍ക്കായി യാത്ര സംഘടിപ്പിച്ചത്.  

നഗരത്തിലേക്കുള്ള യാത്ര പലര്‍ക്കും ആദ്യ അനുഭവം. ഊരില്‍ നിന്ന് തിരക്കിലേക്കെത്തിയപ്പോള്‍ കൗതുകമേറെ. കടലും, കായലും, മാളും, അതിനപ്പുറം വിസ്മയം നിറയ്ക്കുന്ന പ്ലാനറ്റോറിയത്തിലെ ആകാശക്കാഴ്ചകളും. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള യാത്രയാണ് കുരുന്നുകളെ ഏറെ ആഹ്ലാദത്തിലാക്കിയത്. 

ഗോത്രവിഭാഗത്തിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായാണ് ഗോത്രായാനം സംഘടിപ്പിച്ചത്. പതിനാറ് കുട്ടികളും പന്ത്രണ്ട് രക്ഷിതാക്കളുമാണ് സംഘത്തിലുണ്ടായിരുന്നത്. കാടിനപ്പുറം മറ്റൊരു കാഴ്ചയും സ്വന്തമാകില്ലെന്ന് കരുതിയവര്‍ക്കാണ് സ്കൂളിന്റെ കരുതലില്‍‍ വ്യത്യസ്ത കാഴ്ച അനുഭവമുണ്ടായത്. 

കല്ലാനോട സെന്റ് മേരീസ് ഹൈസ്കൂളിന്റെ നേതൃത്വത്തില്‍ കക്കയം അമ്പലക്കുന്ന് കോളനിയുടെ ഉന്നമനത്തിനായി പന്ത്രണ്ട് പരിപാടികളാണ് ഇതുവരെ സംഘടിപ്പിച്ചത്. അമ്പലക്കുന്നിലെ ഭൂരിഭാഗം കുട്ടികളെയും മുടങ്ങാതെ സ്കൂളിലെത്തിക്കാന്‍ കഴിയുന്നതും നല്ലപാഠം പ്രവര്‍ത്തനങ്ങളുടെ നേട്ടമെന്നാണ് വിലയിരുത്തല്‍. 

MORE IN KERALA
SHOW MORE
Loading...
Loading...