നിർത്തിയ ലോറി ഉരുണ്ടു; ഇടിച്ച് നിന്നത് ഇങ്ങനെ; ദുരന്തം വഴിമാറി

palakkad-lory
ദേശീയപാത വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം റോഡരികിൽ നിർത്തിയിട്ട ലോറി 300 മീറ്റര്‍ ഉരുണ്ട്
SHARE

ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറി 300 മീറ്റർ ഉരുണ്ടു നീങ്ങി. ഒഴിവായത് വൻ ദുരന്തം. വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം ഇന്നലെ രണ്ടു മണിയോടെയായിരുന്നു സംഭവം. റോഡരികിൽ ലോറി നിർത്തി ഡ്രൈവർ വേലൂർ സ്വദേശി രാധാകൃഷ്ണൻ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയി. ഈ സമയം ലോറി ‍ഡ്രൈവറില്ലാതെ ഉരുണ്ട് നീങ്ങി.

ദേശീയപാതയിലൂടെ മുന്നൂറ് മീറ്ററോളം നീങ്ങിയ ലോറി പാതയോരത്തെ കെട്ടിടത്തിൽ ഇടിച്ച് നിന്നു.  പന്നിയങ്കരയിൽ പ്രവർത്തിക്കുന്ന ശോഭ ഗ്രൂപ്പിന്റെ സ്കൂൾ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളിലേക്ക് തിരിയുന്ന റോഡിന്റെ സമീപത്തെ കെട്ടിടത്തിൽ ഇടിച്ചാണ് ലോറി നിന്നത്. ലോറി വരുന്നത് കണ്ട് കെട്ടിടത്തിന് താഴെ റൂമിൽ കടനടത്തുന്ന  പത്രോസ്  പുറത്തേക്ക് ഓടിയതിനാൽ ആളപായമുണ്ടായില്ല. തിരക്കുള്ള ദേശീയപാതയിലൂടെ ലോറി ഉരുണ്ട് പോകുന്നത് കണ്ട് നാട്ടുകാർ ബഹളം വെച്ച് ആളുകളെ റോഡിൽ നിന്ന് മാറ്റി.

ഈ സമയം ഇതുവഴി വാഹനങ്ങൾ വരാത്തതും രക്ഷയായി. കെട്ടിടത്തിന് മുമ്പിലൂടെ പോകുന്ന വൈദ്യുതി കമ്പിയിലും ലോറി തട്ടിയിരുന്നു. അപകട സമയത്ത് സമീപത്തുണ്ടായിരുന്ന വൈദ്യുതി വകുപ്പ് ജീവക്കാർ വൈദ്യുതി പെട്ടന്ന് വിച്ഛേദിച്ച് അപകടമൊഴിവാക്കി. ആന്ധ്രപ്രദേശിൽ നിന്നു എറണാകുളത്തേക്ക് സിമന്റ് കയറ്റി പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി നിർത്തുമ്പോൾ ഹാൻഡ് ബ്രേക്ക് ഇടാത്തതാണ് അപകടകാരണമെന്ന് കരുതുന്നു. എന്നാൽ ഹാൻഡ് ബ്രേക്ക് ഇട്ടാണ് ലോറി നിർത്തിയതെന്ന് ഡ്രൈവർ പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...