മുക്കത്തെ ‘അച്ചായൻ’, നീലഗിരിയിലെ ജോർജുകുട്ടി; അരുംകൊലയില്‍ അറസ്റ്റ്; നടുങ്ങി നാട്

birju-arrest
SHARE

മൃതദേഹഭാഗങ്ങൾ ഇസ്മായിലിന്റേതാണെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തിയത് 2019 ഡിസംബർ ആദ്യവാരം. ഒരു മാസത്തിനുള്ളിൽ കൊലപാതകിയെ കണ്ടെത്തിയ അന്വേഷകർ ഇരട്ടക്കൊലപാതകത്തിന്റെ ചുരുൾ നിവർത്തി.

ഇസ്മായിലിന്റെ ക്രിമിനൽ പ്രൊഫൈൽ തയാറാക്കുകയാണ് പൊലീസ് ആദ്യം ചെയ്തത്. ഇയാളുടെ പേരിലുള്ള കേസുകൾ, സുഹൃത്തുക്കൾ, യാത്രയുടെ വിശദാംശങ്ങൾ, ജോലി ചെയ്ത സ്ഥലങ്ങൾ തുടങ്ങി വിശദമായ പട്ടിക തയാറാക്കി. ഇയാൾ 4 വിവാഹം കഴിച്ചിട്ടുണ്ടെന്നു കണ്ടെത്തി. 4 പേരെയും ചോദ്യം ചെയ്തു. ഇസ്മായിലിനെ കാണാതായി 2 വർഷമായിട്ടും പരാതി നൽകാത്തത് എന്താണെന്ന ചോദ്യത്തിന് ഏതെങ്കിലും കേസിൽ പെട്ടു ജയിലിലാണെന്നു കരുതിയെന്നായിരുന്നു ഒരു ഭാര്യയുടെ മറുപടി.

ഇസ്മായിൽ അവസാനം ജോലി ചെയ്തിരുന്നത് മലപ്പുറം മോങ്ങത്തെ ഒരു വീട്ടിലാണെന്ന് അറിഞ്ഞു. 25,000 രൂപ മാസശമ്പളം തികയുന്നില്ലെന്നും മുക്കത്തെ അച്ചായന്റെ അടുത്തേക്കു പോകുകയാണെന്നും പറഞ്ഞാണ് അവിടെ നിന്നു പോയതെന്നു വീട്ടുടമ മൊഴി നൽകി. ഇസ്മായിലിന്റെ മൃതദേഹത്തിന്റെ ഒരു ഭാഗം കണ്ടെത്തിയതു മുക്കത്തു നിന്നായതിനാൽ ക്രൈം ബ്രാഞ്ച് അന്വേഷണം അവിടം കേന്ദ്രീകരിച്ചു. 4 ഭാര്യമാരിൽ ഒരാളുടെ വീട് മുക്കത്താണെന്നും അവിടെ ഇയാൾക്ക് ഒട്ടേറെ സുഹൃത്തുക്കളുമുണ്ടെന്നും കണ്ടെത്തി. 

ഇസ്മായിലെത്തിയത് പണം വാങ്ങാൻ

സാമ്പത്തിക ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് ‘ഒരു അച്ചായൻ’ 2 ലക്ഷം രൂപ തരാനുണ്ടെന്ന് ഇസ്മായിൽ പറഞ്ഞിരുന്നതായി സുഹൃത്ത് മൊഴി നൽകിയത്. സ്വത്തുതർക്കം പരിഹരിക്കാനായി ഒരു സ്ത്രീയെ കൊലപ്പെടുത്തിയതിന്റെ പ്രതിഫലമാണ് ഈ തുകയെന്ന് ഇസ്മായിലുമായി അടുപ്പമുണ്ടായിരുന്ന മറ്റൊരാളും മൊഴി നൽകി. തുടർന്നാണു സമീപകാലത്തു മുക്കം മേഖലയിൽ നടന്ന അസ്വാഭാവിക മരണങ്ങളുടെ പട്ടിക ശേഖരിച്ചത്. 

70–ാം വയസ്സിലെ ആത്മഹത്യയും സ്വത്തുതർക്കവും

അസ്വാഭാവിക മരണങ്ങളുടെ പട്ടിക പരിശോധിച്ച അന്വേഷണ സംഘത്തിന്റെ കണ്ണുടക്കിയതു ബിർജുവിന്റെ അമ്മ ജയവല്ലിയുടെ പ്രായത്തിലാണ്. എഴുപതാം വയസ്സിൽ ഒരു സ്ത്രീ എന്തിന് ആത്മഹത്യ ചെയ്തെന്നായി അന്വേഷണം. ജയവല്ലിയുടെ മരണത്തിൽ സംശയമുണ്ടായിരുന്നെന്ന് അയൽവാസികൾ മൊഴി നൽകി. വീട്ടിൽ പ്രശ്നങ്ങളുണ്ടെങ്കിലും  ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നു ഇവർ അയൽവാസികളോടു പറഞ്ഞിരുന്നു. മകനുമായി സ്വത്തു തർക്കമുണ്ടായിരുന്നതായും വിവരം ലഭിച്ചു. എന്നാൽ 2 വർഷം മുൻപു മകൻ വീടും സ്ഥലവും വിറ്റു നാടു വിട്ടിരുന്നു

അച്ചായനിൽ നിന്ന് ബിർജുവിലേക്ക്

ഇസ്മായിൽ മുക്കത്തെത്തിയതു ക്വട്ടേഷൻ ഇടപാടിൽ പണം നൽകാനുള്ള അച്ചായനെത്തേടിയാണ് എന്ന മൊഴി ക്രൈം ബ്രാഞ്ചിനെ കുഴക്കി. ബിർജുവിനെ അച്ചായൻ എന്നു വിളിക്കാൻ സാധ്യതയില്ല. എന്നാൽ പിന്നീടു നടത്തിയ അന്വേഷണത്തിൽ ബിർജു വിവാഹം കഴിച്ച ക്രിസ്ത്യൻ യുവതി അയാളെ അച്ചായൻ എന്നാണു വിളിച്ചിരുന്നതെന്നും അതു കേട്ടു ചില സുഹൃത്തുക്കളും ബിർജുവിനെ ഇങ്ങനെ വിളിച്ചിരുന്നെന്നും കണ്ടെത്തി.

ഇസ്മായിലിന്റെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ സമയത്താണു ബിർജു നാടുവിട്ടതെന്നതും സംശയമുളവാക്കി. ഇസ്മായിലും ബിർജുവും സുഹൃത്തുക്കളാണെന്നും സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും മനസ്സിലാക്കിയതോടെ ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. 

ആധാരത്തിലെ ഫോട്ടോ; നീലഗിരിയിലെ ബൈക്ക്

വസ്തു വിൽപന നടത്തിയ രേഖകളിൽ നിന്നു ലഭിച്ച ബിർജുവിന്റെ ചിത്രം ഉപയോഗിച്ചാണു പൊലീസ് അന്വേഷണം നടത്തിയത്. ബിർജു എവിടെയാണ് താമസിക്കുന്നതെന്ന് അടുത്ത ബന്ധുക്കൾക്കു പോലും അറിയില്ലായിരുന്നു. മകൾ പത്താം ക്ലാസ് വരെ പഠിച്ച കോഴിക്കോട് നഗരത്തിലെ സ്കൂളിലെ രേഖകളിൽ നിന്നു ഫോൺ നമ്പർ കണ്ടെത്തിയെങ്കിലും 2 വർഷമായി ആ നമ്പർ പ്രവർത്തിച്ചിരുന്നില്ല.

വയനാട്ടിലേക്കാണു പോകുന്നതെന്ന് ഒരു സുഹൃത്തിനോടും തമിഴ്നാട്ടിലേക്കെന്നു മറ്റൊരാളോടും ബിർജു പറഞ്ഞിരുന്നു. തുടർന്നാണു വയനാട്–തമിഴ്നാട് അതിർത്തിയിൽ മലയാളികൾ താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ക്രൈം ബ്രാഞ്ചിന്റെ കൈവശമുള്ള ചിത്രവുമായി സാദൃശ്യമുള്ള ഒരാൾ 2 വർഷമായി നീലഗിരിയിലുണ്ടെന്നും ഇയാളുടെ പേര് ജോർജുകുട്ടി എന്നാണെന്നും പൊലീസിനു വിവരം ലഭിച്ചു. ഈ വീട്ടിലെത്തിയ അന്വേഷണസംഘം കണ്ടതു പൂട്ടിയിട്ട വീടിനു മുന്നിൽ കേരള റജിസ്ട്രേഷനുള്ള ബൈക്ക്. നമ്പർ കുറിച്ചെടുത്തു മടങ്ങിയ സംഘം ആർസി ഉടമയെ കണ്ടെത്തി– മുക്കം മണാശ്ശേരി സ്വദേശി ബിർജു. 

പിറ്റേദിവസം രാവിലെ വീടിനു സമീപം കാത്തുനിന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കണ്ണുവെട്ടിച്ചു ബിർജു രക്ഷപ്പെട്ടു. എന്നാൽ മടങ്ങിവരും വഴി വീടിനു സമീപത്തു വച്ചു പിടികൂടി. മുക്കത്ത് എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

MORE IN KERALA
SHOW MORE
Loading...
Loading...