ലവ് ജിഹാദ് ആരോപണം; വിശദീകരണം തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

sabha-17
SHARE

സിറോ മലബാർ സഭ ഉന്നയിച്ച ലവ് ജിഹാദ് ആരോപണത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഇതിനിടെ ലവ് ജിഹാദ് ആരോപണം ഉന്നയിച്ച് മെത്രാന്‍മാരുടെ സിനഡ് പുറത്തിറക്കിയ സർക്കുലർ അനവസരത്തിലായി എന്ന വിമര്‍ശനവുമായി എറണാകുളം അങ്കമാലി അതിരൂപതാ പ്രസിദ്ധീകരണമായ സത്യദീപം ഉടന്‍ പുറത്തിറങ്ങും. 

പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കി മതംമാറ്റാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ സിറോ മലബാര്‍ സഭാ മെത്രാന്‍മാരുടെ സിനഡ് ബുധനാഴ്ച പുറത്തിറക്കിയതിന് പിന്നാലെയാണ് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ‍ഡിജിപിയോട് വിശദീകരണം തേടിയത്. ഇക്കാര്യത്തില്‍ സിനഡ് അവതരിപ്പിച്ച പ്രമേയത്തിന്റെ പകര്‍പ്പ് സഹിതം കമ്മിഷന് അയച്ചിരുന്നു. 

ഇത്തരം കേസുകളില്‍ പൊലീസ് അനാസ്ഥ പുലര്‍ത്തുന്നുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളും സ്വീകരിച്ചിട്ടുള്ള നടപടികളും പൊലീസ് വിശദീകരിക്കേണ്ടി വരും. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ തുടര്‍നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും ന്യൂനപക്ഷ കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയും മതംമാറ്റം നടത്തിയ ക്രൈസ്തവരാണ്. ഇതുസംബന്ധിച്ച പരാതികളിലൊന്നും പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്നും മെത്രാന്മാരുടെ സിനഡ് പ്രമേയത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. 

 ഈ പ്രമേയവും ആരോപണം തന്നെയും അനവസരത്തിലായി എന്ന വിമര്‍ശനമാണ് സഭയ്ക്കുള്ളില്‍ നിന്ന് ഉയരുന്നത്. എറണാകുളം– അങ്കമാലി അതിരൂപതാ പ്രസിദ്ധീകരണമായ സത്യദീപത്തിലൂടെ വൈദിക സമിതി മുന്‍ സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടനാണ് ഇക്കാര്യം ഉന്നയിക്കുന്നത്. ലവ് ജിഹാദ് ആരോപണത്തിന് തെളിവില്ലെന്ന് സർക്കാരും ഹൈക്കോടതിയും മുന്‍പെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. മതരാഷ്ട്രീയത്തിന്റെ പേരിൽ രാജ്യം നിന്ന് കത്തുമ്പോൾ മറ്റൊരു മതത്തെ ചെറുതാക്കുന്ന നിലപാട് കത്തോലിക്കാ സഭ സ്വീകരിക്കാന്‍ പാടില്ലായിരുന്നു. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് പിഒസി ഡയറക്ടർ എഴുതിയ ലേഖനം ആര്‍എസ്എസ് മുഖപത്രമായ ജന്മഭൂമിയിൽ വന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...