കേക്കിന്‍റെ ചൈനീസ് റെക്കോര്‍ഡ് തൃശൂരങ്ങെടുത്തു; 6.5 കിലോമീറ്റര്‍ നീളം, 60 ലക്ഷം ചെലവ്

cake
SHARE

ഇതുവരെ ലോകത്തുണ്ടാക്കിയ ഏറ്റവും വലിയ കേക്ക് 3.18 കിലോമീറ്റര്‍ നീളത്തിലുള്ളതാണ്. ചൈനക്കാരുടെ   പേരിലാണ് ആ ലോക റെക്കോര്‍ഡ്. ചൈനക്കാരുടെ പേരിലുള്ള ഈ റെക്കോര്‍ഡ് തൃശൂരങ്ങ് എടുത്തു.  തൂക്കത്തില്‍ ചില്ലറയല്ല വ്യത്യാസം. ഇരട്ടിയാണ് നീളം. 6.5 കിലോമീറ്റര്‍ വരും തൃശൂരിലെ കേക്കിന്‍റെ നീളം. ഇത്  ഉണ്ടാക്കിയത് ആയിരത്തിലേറെ വരുന്ന ഷെഫുമാരുടെ സംഘം. നാലു മണിക്കൂറെടുത്തു പൂര്‍ത്തിയാക്കാന്‍.  കേക്കിന്‍റെ തൂക്കം ഇരുപതു ടണ്‍ വരും. ചോക്ലേറ്റു കേക്കാണ് നിര്‍മിച്ചത്. സംസ്ഥാനത്തെ ബേക്കറി ഉടമകളുടെ  സംഘടനയായ ബേക്കേഴ്സ് അസോസിയേഷനാണ് കൂറ്റന്‍ കേക്ക് നിര്‍മിച്ചത്. 

കഴിഞ്ഞ ഒരുമാസമായി തൃശൂരില്‍ രാത്രികാല ഷോപ്പിങ് ഫെസ്റ്റിവലായിരുന്നു. ഈ വ്യാപാരോല്‍സവത്തിന്റെ  സമാപനം കുറിച്ചായിരുന്നു കൂറ്റന്‍ കേക്ക് നിര്‍മാണം. തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസിന് മുമ്പില്‍ നിന്ന് കേക്ക്  നിര്‍മാണം തുടങ്ങി. റീജനല്‍ തിയറ്റര്‍, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, ജവഹര്‍ബാലഭവന്‍,  കെ.എസ്.എഫ്.ഇ ആസ്ഥാന മന്ദിരം എന്നിവയ്ക്കു മുമ്പിലൂടെ എത്തി രാമനിലയം ഗസ്റ്റ് ഹൗസിന് മുമ്പില്‍ അവസാനിച്ചു. ഇങ്ങനെ, ഏഴു റൗണ്ടാണ് കേക്കുണ്ടാക്കിയത്. വമ്പന്‍ കേക്ക് നിര്‍മാണം നേരില്‍ കാണാന്‍  ആളുകള്‍ പ്രവഹിച്ചതോടെ നഗരത്തില്‍ തിരക്കായി. കേക്കിനു സമീപത്തു നിന്ന് സെല്‍ഫിയെടുക്കാന്‍ ആളുകള്‍  മല്‍സരിച്ചു. 

കേക്കിന്റെ ഗിന്നസ് റെക്കോര്‍ഡ് സാക്ഷ്യപ്പെടുത്താന്‍ നാസിക്കില്‍ നിന്ന് പ്രതിനിധികള്‍ എത്തിയിരുന്നു.  റെക്കോര്‍ഡ് സാക്ഷ്യപ്പെടുത്തിയ ശേഷം കേക്ക് രുചിച്ചു നോക്കാന്‍ ആളുകള്‍ക്ക് നല്‍കി. മേയര്‍ അജിത  വിജയന്‍, അനൂപ് കാട തുടങ്ങിയവര്‍ തൃശൂര്‍ കോര്‍പറേഷനെ പ്രതിനിധീകരിച്ച് കേക്ക് നിര്‍മാണത്തിനെത്തി.  ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളും ബേക്കേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും വമ്പന്‍ കേക്ക്  നിര്‍മാണത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തി. കൂറ്റന്‍ കേക്കിന്‍റെ വീഡിയോ കാണാം

MORE IN KERALA
SHOW MORE
Loading...
Loading...