സ്കൂട്ടർ നന്നാക്കാൻ പണമില്ല, നടന്നുപോയത് മരണത്തിലേക്ക്; അനാഥമായി കുടുംബം

accident-irinjkalakuda
SHARE

കൂലിപ്പണിയെടുത്തു കുടുംബം പുലർത്തിയവരാണ് ബാബുവും സുബ്രനും. ഒറ്റ രാത്രിയിൽ സംഭവിച്ച അപകടം ഇരുവരുടെയും കുടുംബത്തിനു നാഥനില്ലാതാക്കി. ‌ഭർത്താവും മകനും പോയതോടെ ബാബുവിന്റെ ഭാര്യ ശോഭന വീട്ടിൽ തനിച്ചായി. മകൾ ബബിതയെ  വിവാഹം കഴിച്ചയച്ചതാണ്. സുബ്രനും മകൾ പ്രജിതയും ഇല്ലാതായതോടെ ഭാര്യ ഉഷയും ഐടിഐ പഠനം കഴിഞ്ഞുനിൽക്കുന്ന മകൻ പ്രജിത്തും മാത്രമായി വീട്ടിൽ. രണ്ടു കുടുംബത്തിന്റെയും മുന്നോട്ടുള്ള ജീവിതം തുലാസിലായി. 

തുമ്പൂരിൽ 4 പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സ്ഥലത്ത് മോട്ടർ വാഹന ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.

സാമ്പത്തിക പ്രതിസന്ധി അലട്ടിയിട്ടും പ്രതീക്ഷ വിടാതെ അധ്വാനിക്കുകയായിരുന്നു ബാബുവും മകൻ ബിബിനും. സുഹൃത്തുക്കളെപ്പോലെയാണ് ബാബുവും ബിബിനും കഴിഞ്ഞിരുന്നത്. സഹോദരി ബബിതയുടെ ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് അമ്മ ശോഭന പോയ സമയത്താണ് ബിബിനും അച്ഛനും ഷഷ്ഠി ഉത്സവം കാണാനിറങ്ങിയത്. മടക്കം മരണത്തിലേക്കായി. ഇന്നു രാവിലെ ശോഭനയും ബബിതയും വീട്ടിലേക്കെത്തിയത് ഉറ്റവർ നഷ്ടപ്പെട്ട വിവരം അറിയാതെയാണ്. 

ഈ വർഷത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയതിന്റെ ആഹ്ലാദം അടങ്ങും മുൻപേയാണ് ഉഷയെത്തേടി ദുരന്തമെത്തിയത്. അച്ഛനും മകളും മടങ്ങിയെത്തിയില്ലെന്നറിഞ്ഞു  ഉറക്കെ കരഞ്ഞ ഉഷയെ സമാധാനിപ്പിക്കാൻ കഴിയാതെ ബന്ധുക്കളും നാട്ടുകാരും വിങ്ങി. ഒരുവശം തേക്കാത്ത ചെങ്കല്ലുകെട്ടിയ വീട്ടിൽ ഉഷയുടെ നിലവിളി നിലയ്ക്കാതെ മുഴങ്ങി. 

ബിബിന്റെ സ്കൂട്ടറിനു പിന്നിൽ ഒരു കാർ തട്ടിയത് രണ്ടാഴ്ച മുൻപാണ്. കയ്യിൽ പണം തികയാതിരുന്നതു കൊണ്ടു വണ്ടി നന്നാക്കാൻ കഴിഞ്ഞില്ല. അറ്റക‍ുറ്റപ്പണിക്കു പണം തികയാത്തതുകൊണ്ട് ബിബിന്റെ ഓട്ടോറിക്ഷ അയൽവീടിന്റെ മുറ്റത്തു കിടക്കാൻ തുടങ്ങിയിട്ടും നാളേറെയായി. വാഹനമില്ലാത്തതു കൊണ്ട് ഷഷ്ഠി ക‍ൂടാൻ അച്ഛനെയും കൂട്ടി നടന്നാണ് ബിബിൻ പോയത്.

കടബാധ്യത ബാബുവിനെയും ബിബിനെയും ഏറെ അലട്ടിയിരുന്നു. ഓട്ടേ‍ാറിക്ഷ ഓടിച്ചു ക‍ിട്ടുന്ന പണം കൊണ്ടു മെല്ലെ ബാധ്യതകൾ തീർക്കാൻ ശ്രമിക്കുകയായിരുന്നു ബിബിൻ. ഓട്ടോറിക്ഷ തകരാറിലായതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. നിൽക്കക്കള്ളിയില്ലാതെ ടൈൽസിന്റെ പണിക്കു പോയിത്തുടങ്ങി. കൂലിപ്പണിക്കിടെ ബാബു വീട്ടുമുറ്റത്തെ ഇത്തിരി ഭൂമിയിൽ പലതരം കൃഷിയും നടത്തിയിരുന്നു.

അമിതവേഗം അപകട കാരണമെന്ന് നിഗമനം

തുമ്പൂരിൽ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണമായത് കാറിന്റെ അമിതവേഗമെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വിശദമായ അന്വേഷണം നടത്തും. വാഹനത്തിനു സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടില്ല.

വെള്ളാങ്കല്ലൂർ കൊമ്പൊടിഞ്ഞാമാക്കൽ റോഡിൽ തുമ്പൂരിൽ നാലുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സ്ഥലം. അപകട മേഖല എന്നെഴുതിയ ബോർഡ് ഇടിച്ചു തെറിപ്പിച്ചായിരുന്നു അപകടം . മുന്നിൽ കാണുന്ന വളവ് തിരിഞ്ഞ് വന്ന കാറാണ് അപകടം ഉണ്ടാക്കിയത്.

ആർടിഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നാലംഗ സംഘത്തിൽ പൈങ്ങോട് മാളിയേക്കൽ ആഗ്നൽ ആണ് കാറോടിച്ചത്. ഇദ്ദേഹവും  മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വളവിലെ വൈദ്യുതത്തൂണ‍ിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ അപകടത്തിൽപ്പെട്ടെന്നാണ് പ്രതികൾ പൊലീസിനോടു പറഞ്ഞത്. 

അപകടത്തിനു ശേഷം കാർ നിർത്താനുള്ള സന്മനസ്സെങ്കിലും യുവാക്കൾ കാട്ടിയിരുന്നെങ്കിൽ മരണസംഖ്യ കുറയ്ക്കാനെങ്കിലും കഴിയുമായിരുന്നെന്ന് ആശുപത്രിയിൽ നിന്നുള്ള വിവരം. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കാതെ കാറോടിച്ചു പോകുകയാണ് യുവാക്കൾ ചെയ്തത്. ഇതോടെ പരുക്കേറ്റവർ ഏറെ നേരം  റോഡിൽ കിടക്കുന്ന സ്ഥിതിയുണ്ടായി. യുവാക്കളെ പിന്തുടർന്ന ചിലർ ഷഷ്ഠി ഉത്സവത്തിരക്കിനിടെ കാറിന്റെ വേഗം കുറഞ്ഞപ്പോൾ തടഞ്ഞിട്ടു പിടികൂടി. 

ഇവർ അറിയിച്ചതനുസരിച്ച് ഷഷ്ഠി ഉത്സവ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ നേതൃത്വത്തിലുള്ള സംഘം തുമ്പൂരിലെത്തി. ഇവർ ഇതുവഴിയെത്തിയ ഓട്ടോറിക്ഷയും കാറും തടഞ്ഞുനിർത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പ്രജിത ഒഴികെയുള്ളവർ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു. പ്രജിത ഇന്നലെ രാവിലെയും. 

MORE IN KERALA
SHOW MORE
Loading...
Loading...