ഏകമകൻ മരിച്ചത് 23–ാം വയസിൽ; 52–ാം വയസില്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി ലളിത

lalitha-life-gift-new
SHARE

തൃശൂര്‍ തലോര്‍ സ്വദേശികളായ മണി–ലളിത ദമ്പതികളുടെ ഒരേയൊരു മകന്‍ രണ്ടു വര്‍ഷം മുമ്പ് ബൈക്കപകടത്തില്‍ മരിച്ചിരുന്നു. മകന്‍റെ വേര്‍പാട് ഇവരുടെ ജീവിതത്തില്‍ ഇരുള്‍മൂടി. ഓട്ടോറിക്ഷ ഡ്രൈവറാണ് മണി. ഭാര്യ ലളിതയാകട്ടെ മകന്‍റെ മരണശേഷം മാനസികമായി തകര്‍ന്നു. ഇതിനിടെയാണ്, ഐ.വി.എഫ് ചികില്‍സയെക്കുറിച്ച് അറിയുന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൗജന്യമായി ഐ.വി.എഫ്. ചികില്‍സ കിട്ടി. പ്രസവം സ്വകാര്യ ആശുപത്രിയിലായാല്‍ വന്‍തുക ചെലവ് വരും. ഇതുതിരിച്ചറിഞ്ഞ ദമ്പതികള്‍ നേരെ പോയത് തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. 

മുപ്പത്തിമൂന്നാം ആഴ്ചയില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തു. രണ്ട് ആണ്‍ കുഞ്ഞുങ്ങള്‍. കഴിഞ്ഞ ഡിസംബര്‍ പതിനേഴിനായിരുന്നു പ്രസവം. കുഞ്ഞുങ്ങള്‍ക്ക് ഒന്നേമുക്കാല്‍ കിലോയായിരുന്നു തൂക്കം. മൂന്നാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ. നാളെ ഡിസ്ചാര്‍ജ് ചെയ്യും. കുഞ്ഞുങ്ങള്‍ കുറേക്കൂടെ ആരോഗ്യവാന്‍മാരായി. ദമ്പതികള്‍ രണ്ടു കുഞ്ഞുങ്ങള്‍ക്കും പേരിട്ടു. ആരവ്, ആദവ്. ദമ്പതികളുടെ വീട് പഴയതാണ്. ചെതലരിച്ച മേല്‍ക്കൂരയിലെ മരങ്ങള്‍ മാറ്റണം. പെട്ടെന്നു വീട്ടിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടുപോകാനാകില്ല. സന്നദ്ധ സംഘടനയായ സോളസിന്റെ പരിചരണ കേന്ദ്രത്തില്‍ അമ്മയേയും കുഞ്ഞുങ്ങളേയും തല്‍ക്കാലം താമസിപ്പിക്കും. ഭര്‍ത്താവ് മണിക്ക് അന്‍പത്തിനാലു വയസുണ്ട്. ഭാര്യ ലളിതയ്ക്ക് അന്‍പത്തിരണ്ടും. മുപ്പത്തിയ‍ഞ്ചാം വയസില്‍ പ്രസവം നിര്‍ത്തിയിരുന്നു. 

പ്രസവം നിര്‍ത്തിയ ശേഷവും ഐ.വി.എഫ് ചികില്‍സയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയ ഒട്ടേറെ അമ്മമാരുണ്ട് കേരളത്തില്‍. 67–ാം വയസില്‍ കുഞ്ഞുങ്ങള്‍ക്കു ജന്‍മം നല്‍കിയതാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. അന്‍പതു വയസ് കടന്ന ശേഷം അമ്മമാരാകുന്ന ഒട്ടേറെ കേസുകള്‍ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയെ സംബന്ധിച്ചിടത്തോളം‍ അന്‍പത്തിരണ്ടാം വയസില്‍ രണ്ടു കുഞ്ഞുങ്ങള്‍ക്കു ജന്‍മം നല്‍കാന്‍ വേദിയായത് അപൂര്‍വമാണ്. അമ്മയേയും കുഞ്ഞുങ്ങളേയും കാണാന്‍ ആശുപത്രിയില്‍ ഒട്ടേറെ പേര്‍ ദിവസവും വരുന്നുണ്ട്. 

lalitha-life-gift

ഡോ.കെ.കെ.പുരുഷോത്തമന്‍റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമായിരുന്നു ചികില്‍സ ഒരുക്കിയത്. ദമ്പതികളുടെ ദൈനംദിന ചെലവും ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും വകയായിരുന്നു. ഓട്ടോ ഡ്രൈവറായ മണിയ്ക്ക് സ്ഥിരമായ വരുമാനമുള്ള ജോലി ലഭിക്കണമെന്നാണ് ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും പ്രാര്‍ഥന. അടച്ചുറപ്പുള്ള വീട്ടിലേക്ക് കുരുന്നുകളെ മാറ്റാന്‍ സന്‍മനസുള്ളവര്‍ കനിയണം. അധ്വാനിച്ച് ജീവിക്കണമെന്ന ആത്മാഭിമാനമുള്ള ഓട്ടോ ഡ്രൈവറാണ് മണി.

MORE IN KERALA
SHOW MORE
Loading...
Loading...