അവിടെ പരുക്ക്; ഇങ്ങെത്തിയപ്പോൾ ആരോഗ്യവാൻ; പരിഹസിച്ച് ട്രോളുകൾ

jnu-attack-sfi-troll
SHARE

ജെഎൻയു ക്യാംപസിൽ അക്രമത്തിനിരയായ വിദ്യാർഥികളെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച തുടരുകയാണ്. ആരോപണങ്ങളെല്ലാം നാടകമാണെന്നാണ് ബിജെപി അനുകൂല ട്രോൾ ഗ്രൂപ്പുകളിലും പേജുകളിലും നിറയുന്നത്. ബിജെപി നേതാക്കളും ഇതേ വാദവുമായി രംഗത്തെത്തി. ആക്രമണത്തില്‍ പരിക്കേറ്റ എംഎ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ സൂരി കൃഷ്ണന്‍റെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്.

ഞായറാഴ്ച നടന്ന മുഖംമൂടി ആക്രമണത്തില്‍ ഏഴുപേര്‍ ചേര്‍ന്ന് ആക്രമിച്ചെന്നും തലയില്‍ പത്ത് തുന്നലുകളും രണ്ട് കയ്യില്‍ ചതവുകളമുണ്ടെന്നായിരുന്നു സൂരിയുടെ പ്രതികരണം. 

അക്രമണത്തിന് ശേഷം സൂരിയുടെ തലയില്‍ ബാന്‍ഡേജിട്ട ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു.  എന്നാല്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ തലയിൽ ബാന്‍ഡേജ് ഇല്ലായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇൗ ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് അക്രമം നാടകമാണെന്ന് ഒരു വിഭാഗം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്. പരുക്കുകൾ വേഗം ഭേദമായെന്ന് പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

കെ.സുരേന്ദ്രന്‍റെ കുറിപ്പ്: പൗരത്വസമരം പൊളിഞ്ഞതിലുള്ള കലിപ്പാണ് ജെ. എൻ. യുവിൽ കണ്ടത്. റജിസ്ട്രേഷനെത്തിയ വിദ്യാർത്ഥികളെ തടഞ്ഞുകൊണ്ട് സമരക്കാർ നടത്തിയ അക്രമം വാർത്തയല്ല. ഇരുപത്തഞ്ചോളം എ. ബി. വി. പി. നേതാക്കളെ ക്രൂരമായി ആക്രമിച്ചത് വാർത്തയല്ല. ഇടതു ജിഹാദി വാട്സ് ഗ്രൂപ്പ് പൊടുന്നനെ എ. ബി. വി. പി അനുകൂല ഗ്രൂപ്പാക്കി മാറ്റി പ്രചാരണം നടത്തുന്നത് വാർത്തയായില്ല. മാരകായുധങ്ങളുമായി ക്യാമ്പസ്സിൽ അക്രമം നടത്തുന്ന ദൃശ്യങ്ങൾ വാർത്തയേ അല്ല. ഏകപക്ഷീയമായ വാർത്തകളും വിശകലനങ്ങളും അന്വേഷണത്തെ സ്വാധീനിക്കാൻ പോകുന്നില്ല. സത്യം അന്വേഷണത്തിൽ ബോധ്യപ്പെടും. നുണപ്രചാരകരെ തിരിച്ചറിയാനുള്ള വിവേകം പൊതുജനത്തിനുണ്ട്. മംഗലാപുരത്തും ലക്നൗവിലും ജാമിയ മില്ലിയയിലും ആദ്യം പ്രചരിപ്പിക്കപ്പെട്ടതും പിന്നീട് പുറത്തുവന്ന സത്യവും ഉദാഹരണമായെടുക്കാമെങ്കിൽ ജെ. എൻ. യുവിൽ നടന്നതും നടക്കുന്നതും പുറത്തുവരികതന്നെ ചെയ്യും.

MORE IN KERALA
SHOW MORE
Loading...
Loading...