ഒത്തുചേർന്നപ്പോൾ നിർഭയർ; പക്ഷേ തനിച്ചു നടന്നു പോയ ഒരു സ്ത്രീക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവങ്ങൾ

lady-night-kannur
SHARE

സാമൂഹ്യനീതി വകുപ്പിനു കീഴിൽ സ്ത്രീകൾ രാത്രി പിടിച്ചടക്കാൻ ഇറങ്ങിയ അതേ രാത്രി. പൊലീസിന്റെ പട്രോളിങ് വാഹനങ്ങളും സാമൂഹ്യനീതി  വകുപ്പ് നൽകിയ വിസിലുകളുടെ ശബ്ദവും മുഴങ്ങിയ അതേ രാത്രി. സംഘബലമില്ലാതെ റോഡിലൂടെ തനിച്ചു നടന്നു പോയ ഒരു സ്ത്രീക്കുണ്ടായത് ഞെട്ടിക്കുന്ന അനുഭവങ്ങൾ മാത്രം...

ഇതോ നിർഭയ നഗരം? 10 മിനിറ്റിനുള്ളിൽ കൂടെ  വരുന്നോ എന്നു ചോദിച്ചും ഓട്ടോറിക്ഷയിൽ കയറാൻ നിർബന്ധിച്ചും കഴുകൻമാർ വട്ടമിട്ട ഈ നഗരങ്ങളിലാണോ അധികൃതരേ ഞങ്ങൾ സ്ത്രീകൾ സുരക്ഷിതരായി പുറത്തിറിങ്ങേണ്ടത്?  ഇവിടെയാണോ അർധരാത്രി സ്ത്രീകളോടു  സുരക്ഷിതമായി ഇറങ്ങി നടക്കാൻ അധികൃതരേ നിങ്ങൾ പറഞ്ഞത്?

ആളും വെളിച്ചവുമില്ലാത്ത ഊടുവഴിയിലല്ല, കുറ്റാക്കൂരിരുട്ടു നിറഞ്ഞ അടിപ്പാതയിലുമല്ല, കണ്ണൂർ ജില്ലാ ആസ്ഥാനത്തെ റയിൽവേ സ്റ്റേഷനിൽ നിന്നു വെറും 100 മീറ്റർ അകലെ, കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിന്റെയും വെറും ഒരു കിലോമീറ്ററിനുള്ളിലാണ്  ഇന്നലെ രാത്രി അധിക്ഷേപകരമായ 10 മിനിറ്റ് ചെലവഴിക്കേണ്ടി വന്നത്. 

കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നിന്നു ജനശതാബ്ധി എക്സ്പ്രസ് എത്തുന്ന സമയം റയിൽവേ സ്റ്റേഷനിൽ നിന്ന് ഇറങ്ങി ബസ് സ്റ്റാൻഡിലേക്കു വന്നപ്പോഴുണ്ടായ 10 മിനിറ്റ് അനുഭവം ഞെട്ടിക്കുന്നതായിരുന്നു.

ഓട്ടോറിക്ഷ

knr-lady-four

പഴയ ബസ് സ്റ്റാൻഡിനു സമീപം ഓട്ടോയിലെത്തിയവർ എവിടെയാണ് കാത്തുനിൽക്കേണ്ടതെന്നു ചോദിച്ച് കയറാൻ നിർബന്ധിക്കുന്നു. ഡ്രൈവറും പിന്നിലിരുന്നയാളും ഓട്ടോയുമായി കാൾടെക്സ് ജങ്ഷൻ വരെ പിന്തുടർന്നു.

ഓട്ടോറിക്ഷ ഡ്രൈവർ: എവിടെപ്പോണം?

പഴയ ബസ് സ്റ്റാൻഡ്

‍ഡ്രൈവർ: വരുന്നോ അവിടെ ആക്കാം

വേണ്ട, നിങ്ങൾ പൊയ്ക്കോ ഞാൻ ഒരാളെ കാത്തു നിൽക്കുകയാണ്.

ഡ്രൈവർ: സാരമില്ല ഞങ്ങൾ കൊണ്ടു ചെന്നാക്കാം, അല്ലെങ്കിൽ കാത്തു നിൽക്കാം, വണ്ടി എവിടെ വയ്ക്കണം എന്നു പറ?

പഴയ ബസ് സ്റ്റാൻഡിൽ വച്ചോളൂ

പുറകിലിരുന്ന യുവാവ്: കാത്തു നിൽക്കേണ്ട, വാ കയറി ഇരുന്നോ?

ക്ഷണം കാറിൽ കയറാൻ

knr-lady-three

പഴയ ബസ് സ്റ്റാൻഡിനു സമീപം പൊലീസ് കടന്നുപോയതിനു പിന്നാലെ കാറിലെത്തിയ യുവാക്കൾ ‘റേറ്റ്’ എത്രയെന്നു തിരക്കുന്നു..

നടന്നു വരുന്നതു കണ്ടപ്പോൾ ഓൾട്ടോ കാറിൽ 2 പേർ.

ഡ്രൈവർ: റേറ്റ് എത്രയാണ്?

എന്തു റേറ്റ്?  എന്തു വേണം എന്നു ചോദിച്ചതോടെ കാർ മുന്നോട്ടു പോയി.

രണ്ടു മിനിറ്റിനകം അതേകാർ വീണ്ടും തിരിച്ചെത്തി.

അതേ ചോദ്യം. എത്ര വേണം? എത്ര വേണം?

എന്താണു ചോദിച്ചത് എന്നു തിരിച്ചു ചോദിച്ചതോടെ കാർ വീണ്ടും തിരിച്ചു പോയി.

knr-lady-two

ഒത്തുചേർന്നു നടന്നപ്പോൾ നിർഭയരായി അവർ  ഇവിടെ ? സുരക്ഷിതരോ അവർ?

രാത്രിയുടെ നിശബ്ദതയിൽ നിർഭയമായി നടന്നു അവർ. ആശങ്കയോ ആവലാതിയോ തെല്ലുമുണ്ടായില്ല അവരുടെ മുഖത്ത്. തെരുവും രാത്രിയും തങ്ങളുടേതു കൂടിയാണെന്നു സധൈര്യം പ്രഖ്യാപിക്കുകയായിരുന്നു അറുപതോളം സ്ത്രീകൾ. പൊതുഇടം എന്റേതും എന്ന മുദ്രാവാക്യത്തോടെ നിർഭയ ദിനത്തോടനുബന്ധിച്ചു ശിശുവികസന വകുപ്പ് സ്ത്രീകൾക്കു വേണ്ടി തുടക്കം കുറിച്ച രാത്രി യാത്ര നഗരത്തിനു നൽകിയതു പുതിയ അടയാളപ്പെടുത്തൽ.

രാത്രി 11നു കോർപറേഷൻ ഓഫിസ് പരിസരത്തു നിന്നായിരുന്നു തുടക്കം. മേയർ സുമ ബാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

knr-lady-one

മൂന്നു സംഘങ്ങളായി നഗരം ചുറ്റി നടന്നവർ പുലർച്ചെ ഒന്നിനു പുതിയ ബസ് സ്റ്റാൻഡിൽ വീണ്ടും സംഗമിച്ചു.  ജില്ലാ വനിതാ പ്രൊട്ടക്‌ഷൻ ഓഫിസർ പി.സുലജ, ചൈൽഡ് ഡവലപ്മെന്റ് പ്രൊജക്ടർ ഓഫിസർ എം.സുധ, റോട്ടറി ക്ലബ് വനിതാ വിഭാഗമായ ഇന്നർ വീൽ ക്ലബ് പ്രസിഡന്റ് ലാവണ്യ ആൽബി, അംഗങ്ങളായ ദീപ്തി സുനിൽ, നിഷ, വിനീത, ലീന മഹേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

കാൽടെക്സ്, എൻഎസ് തിയറ്റർ, താവക്കര വഴി നഗരം ചുറ്റിയാണു പുതിയ ബസ് സ്റ്റാൻഡിലെത്തിയത്. ഒറ്റയ്‌ക്കായും രണ്ടും മൂന്നും അംഗങ്ങളുമായും രാത്രി യാത്രയിൽ സ്ത്രീകൾ ഉശിരുള്ളവരായി പങ്കെടുത്തു. ഇവർക്കു സഹായം ലഭ്യമാക്കുന്നതിന് 200 മീറ്റർ അകലത്തിൽ വൊളന്റിയർമാരുടെ കണ്ണുണ്ടായി. തെല്ല് അകലത്തിൽ നിരീക്ഷണത്തിനായി പൊലീസും. ഏതു വഴിയാണു നടക്കുന്നതെന്നു പൊതു അറിയിപ്പ് നൽകാതെ രാത്രികാല സ്ത്രീകളുടെ നടത്തം ആഴ്ച തോറും ഇനിയുണ്ടാകും.

ലക്ഷ്യം, പദ്ധതി

രാത്രി കാലങ്ങളിൽ പുറത്ത് ഇറങ്ങി നടക്കുന്നതിൽ മാനസികമായ പ്രയാസവും അകാരണമായ പേടിയുമുള്ള അവസ്ഥ സ്ത്രീകളിൽ നിന്ന് ഒഴിവാക്കുകയാണു യാത്രയുടെ പ്രധാന ലക്ഷ്യം. രാത്രികാലങ്ങളിൽ തെരുവുകളിൽ സ്ത്രീകളെ ശല്യപ്പെടുത്താനായി എത്തുന്നവരെ കുറിച്ചുള്ള വിവരം അപ്പോൾ തന്നെ പൊലീസിനു നൽകുകയും അവർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കുകയും ചെയ്യുക എന്നതും യാത്രയുടെ പിന്നിലെ മറ്റൊരു ലക്ഷ്യമാണ്. രാത്രി യാത്രയ്ക്കായി ജില്ലാ വനിതാ ശിശു വികസന ഓഫിസർ ചെയർമാനായും അതതു മുനിസിപ്പൽ, കോർപറേഷൻ ചെയർപേഴ്‌സൺ/ ജനപ്രതിനിധി രക്ഷാധികാരിയായും കോ–ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

കടപ്പാട്: മനോരമ ഓൺലൈൻ

MORE IN KERALA
SHOW MORE
Loading...
Loading...