‘ഭിക്ഷ’ ചോദിച്ച് കെഎസ്ആർടിസി സമരം; കയ്യേറ്റം ചെയ്ത് സിപിഎം

ksrtc-strike-new
SHARE

പ്രതിഷേധ സൂചകമായി കെഎസ്ആർടിസിയിലെ കോൺഗ്രസ് സംഘടന (ടിഡിഎഫ്) ഒരുക്കിയിറക്കിയ യാചക വേഷക്കാരൻ സിപിഎം സംഘടന (കെഎസ്ആർടിഇഎ)യുടെ സമര പന്തലിനു മുന്നിൽ ഭിക്ഷ ചോദിച്ചു നടന്നതിനെ ചൊല്ലി സെക്രട്ടേറിയറ്റ് നടയിൽ കയ്യാങ്കളി. സമര പന്തലിലിരുന്ന ടിഡിഎഫ് നേതാക്കളെ അസോസിയേഷൻ പ്രവർത്തകർ അതിക്രമിച്ചു കയറി കയ്യേറ്റം ചെയ്തെന്നു പരാതി. യാചക വേഷക്കാരൻ ഇടതു സമരപ്പന്തലിലെത്തി കൈ നീട്ടിയതാണ് അസോസിയേഷൻ അംഗങ്ങളെ ചൊടിപ്പിച്ചത്.

ടിഡിഎഫ് ക്യാംപിലേക്കു ഇരച്ചു കയറിയ അസോസിയേഷൻ അംഗങ്ങൾ ടിഡിഎഫ് നേതാക്കളെ തടഞ്ഞുവച്ചു മർദ്ദിച്ചെന്നാണു പരാതി. സംഭവം ചിത്രീകരിച്ച മാധ്യമ പ്രവർത്തകനെയും ഇവർ വെറുതെ വിട്ടില്ല. ഇടിവി റിപ്പോർട്ടർ ബിനോയ് കൃഷ്ണനു മർദനമേറ്റു. പരുക്കേറ്റ ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസിയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു പന്തൽ കെട്ടി സമരം നടത്തുന്ന സംഘടനകൾ തമ്മിലായിരുന്നു സംഘർഷം.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ജീവനക്കാരുടെ പരിതാപകരമായ അവസ്ഥ വിവരിച്ചു കൊണ്ട് ടിഡിഎഫുകാർ യാചകവേഷത്തിൽ ആളെ ഇറക്കി തെരുവു നാടകം കളിച്ചു .  യാചക വേഷം കെട്ടിയ ആൾ നേരെ ഭിക്ഷ തേടി എത്തിയതു ഇടതു സമരപ്പന്തലിൽ. നടപടി ഇടതു നേതാക്കൾക്കു ദഹിച്ചില്ല. ചോദ്യം ചെയ്തു രംഗത്തിറങ്ങിയ പ്രവർത്തകർ ചാടിയിറങ്ങി ടിഡിഎഫുകാരെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നു കന്റോൺമെന്റ് പൊലീസ് പറഞ്ഞു. 

കടപ്പാട്: മനോരമ ഓൺലൈൻ 

MORE IN KERALA
SHOW MORE
Loading...
Loading...