ലിഫ്റ്റിനായി നിർമിച്ച കുഴിയിൽ വീണ് കുഞ്ഞിന് ദാരുണാന്ത്യം

kannur-child
SHARE

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസിൽ ലിഫ്റ്റ് നിർമിക്കാനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് സർവകലാശാല ഉദ്യോഗസ്ഥയുടെ മകനായ നാലര വയസുകാരനു ദാരുണാന്ത്യം. മാങ്ങാട്ടുപറമ്പ് അഞ്ചാംപീടിക മാര്യാംഗലം റോഡ് ധ്വനിയിൽ പി.വി.രഘുനാഥിന്റെയും സ്മിതയുടെയും മകൻ ദർശ് നമ്പ്യാരാണു മരിച്ചത്. എംസിജെ വിഭാഗം അസി.സെക്‌ഷൻ ഓഫിസറായ അമ്മ സ്മിതയ്ക്കൊപ്പം സർവകലാശാലയിലെത്തിയ ദർശ്, കളിക്കുന്നതിനിടെ ഉച്ചയ്ക്കു രണ്ടോടെ ലിഫ്റ്റിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു.

ലിഫ്റ്റ് നിർമാണം നടക്കുന്നിടത്തു സുരക്ഷാ ക്രമീകരണങ്ങളില്ലാത്തതാണു കുരുന്നു ജീവൻ നഷ്ടപ്പെടാൻ ഇടയായത്. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്. ഇതേ സ്കൂളിൽ അധ്യാപകനാണു പിതാവ് രഘുനാഥ്. സ്കൂൾ അവധിയായതിനാൽ അമ്മയ്ക്കൊപ്പം സർവകലാശാലയിലെത്തിയതായിരുന്നു ദർശ്. മൂത്ത സഹോദരി ദിയയും ഒപ്പമുണ്ടായിരുന്നു.

മാങ്ങാട്ടുപറമ്പ് ക്യാംപസിലെ പഴയ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിൽ ഗോവണിക്കു ചേർന്നാണു ലിഫ്റ്റ് നിർമാണം. താഴത്തെ നിലയിലെ ലിഫ്റ്റ് പിറ്റിൽ കോൺക്രീറ്റിങ് ആവശ്യത്തിനായി ആറടി ആഴത്തിൽ വെള്ളം കെട്ടി നിർത്തിയിരുന്നു. കാൽവഴുതി വെള്ളക്കെട്ടിൽ വീണു ശ്വാസം മുട്ടിയാണു മരണമെന്നാണു പ്രാഥമിക നിഗമനം.

5 മീറ്റർ അകലത്തിൽ പ്രധാന ഗേറ്റിൽ സെക്യൂരിറ്റി ജീവനക്കാരനു ഡ്യൂട്ടിയുണ്ടായിരുന്നെങ്കിലും ഉച്ചഭക്ഷണ സമയമായതിനാൽ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ ആരും സമീപത്തുണ്ടായിരുന്നില്ല. മുകൾ നിലയിലുണ്ടായിരുന്ന ചില വിദ്യാർഥികളാണു വെള്ളത്തിൽ അനക്കം കണ്ട്, കുട്ടി അപകടത്തിൽപെട്ടത് അറിഞ്ഞത്.

ഇവർ അറിയിച്ചതനുസരിച്ചു ജീവനക്കാരും മറ്റു വിദ്യാർഥികളുമെത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടസാധ്യത കരാറുകാരോട് പലവട്ടം ചൂണ്ടിക്കാണിച്ചിരുന്നതായി സർവകലാശാലാ അധികൃതരും പറയുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...