എംജി വിവാദ മാർക്ക്ദാനം; വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് തിരിച്ചുവാങ്ങും; നോട്ടീസ് അയച്ചു

mg-univer-07
SHARE

എം.ജി സര്‍വകലാശാലയില്‍ വിവാദ മാര്‍ക്ക്ദാനത്തിലൂടെ വിജയിച്ച വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുവാങ്ങാന്‍ നടപടി തുടങ്ങി. ബിരുദ സര്‍ട്ടിഫിക്കറ്റ്, പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ ഉള്‍പ്പെടെ 45 ദിവസത്തിനകം തിരിച്ചേല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് 118 വിദ്യാര്‍ഥികള്‍ക്ക് നോട്ടിസ് അയച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചേല്‍പ്പിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാലയുടെ മുന്നറിയിപ്പ്. 

ബിടെക് പരീക്ഷയിൽ ഏതെങ്കിലും ഒരു വിഷയത്തിന് തോറ്റ വിദ്യാർഥികൾക്ക് 5 മാർക്ക് മോഡറേഷൻ നല്‍കി വിജയിപ്പിക്കാനായിരുന്നു സിന്‍ഡിക്കേറ്റിന്‍റെ തീരുമാനം. വിവാദ മാര്‍ക്ക്ദാനത്തിലൂടെ 118 വിദ്യാര്‍ഥികള്‍ വിജയിച്ചു. ഈ വിജയം റദ്ദാക്കിയെന്നറിയിച്ചാണ് പരീക്ഷാ കൺട്രോളർക്ക് വേണ്ടി സെക്ഷൻ ഓഫീസർ വിദ്യാർത്ഥികൾക്ക് നോട്ടിസ് അയച്ചത്. വിജയം റദ്ദാക്കിയതോടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് പുറമെ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ്, കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ് എന്നിവയും സര്‍വകലാശാലയില്‍ തിരിച്ചേല്‍പ്പിക്കാനാണ് നിര്‍ദേശം. 

റദ്ദാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെയ്ക്കുന്നത് നിയമലംഘനമാണെന്ന് നോട്ടിസില്‍ വ്യക്തമാക്കുന്നു.  സർട്ടിഫിക്കറ്റുകൾ തിരിച്ചുനല്‍കാത്തവര്‍ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. സര്‍വകലാശാല നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍. മാർക്ക്ദാന വിവാദത്തിൽ മന്ത്രി കെ. ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കെഎസ് യു സമരം തുടരുകയാണ്. ംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തില്‍  ജലീലിന്റെ വളാഞ്ചേരിയിലെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.  പൊലീസ് ലാത്തിവീശിയതോടെ ചിതറിയോടിയ പ്രവർത്തകർ പിന്നീട് സംഘടിച്ചെത്തി മുദ്രാവാക്യം വിളിച്ച് റോഡിൽ കുത്തിയിരുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...