ബഷീർ മരിച്ചിട്ട് 4 മാസം; വാട്സ്ആപ്പിൽ ഇന്നലെ ‘ലെഫ്റ്റാ’യി; കാണാതായ ഫോൺ എവിടെ?

basheer-left-watsup
SHARE

ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ. എം. ബഷീറിന്റെ കാണാതായ ഫോൺ മറ്റാരെങ്കിലും ഉപയോഗിക്കുന്നോണ്ടോ എന്ന സംശയം ബലപ്പെടുന്നു. ബഷീർ ഉൾപ്പെട്ടിരുന്ന മാധ്യമ വാട്‌സാപ് ഗ്രൂപ്പുകളിൽനിന്നും കുടുംബ ഗ്രൂപ്പിൽനിന്നും ഇന്നലെ രാത്രിയോടെ ബഷീർ ‘ലെഫ്റ്റ്’ ആയതോടെയാണ് ഫോൺ ആരോ ഉപയോഗിക്കുന്നതായി സംശയം ഉണ്ടായത്. അപകടം നടന്ന സ്ഥലത്തുനിന്നു കാണാതായ ഫോൺ ഇതുവരെ കണ്ടെത്താനായിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആണ്. ബഷീർ വാട്സാപ്പിനായി ഉപയോഗിച്ചിരുന്ന സിം കാണാതായ ഫോണിലായിരുന്നു. കേസ് അന്വേഷണത്തിൽ ബഷീറിന്‍റെ ഫോൺ നിർണായകമായതിനാൽ ക്രൈംബ്രാഞ്ച് ഹൈടെക് സെല്ലിന്റെയും മൊബൈൽ കമ്പനികളുടേയും സഹായം തേടി.

ഓഗസ്റ്റ് മൂന്നാം തീയതി രാത്രിയാണ് മ്യൂസിയം ജംഗ്ഷനു സമീപമുള്ള പബ്ലിക് ഓഫിസിനു മുന്നിൽവച്ച് കെ. എം. ബഷീർ വാഹനാപകടത്തിൽ മരിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് ബഷീറിന്റെ ഫോൺ കണ്ടെടുക്കാനായില്ല. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഫോണിലേക്കു സഹപ്രവർത്തകർ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. 

മറ്റേതെങ്കിലും സിം ഫോണിൽ ഉപയോഗിക്കുന്നുണ്ടോയെന്നറിയാൻ ക്രൈംബ്രാഞ്ച് ഐഎംഇഐ നമ്പർ പരിശോധിച്ചെങ്കിലും സഹായകരമായ വിവരങ്ങൾ ലഭിച്ചില്ല. അതിനിടയിലാണ് മരണം നടന്ന് നാലു മാസം പൂർത്തിയാകുന്ന വേളയിൽ ബഷീറിൻറെ നമ്പർ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽനിന്ന് ‘ലെഫ്റ്റ്’ ആകുന്നത്. 

ഇതു സംബന്ധിച്ച് സൈബർ വിദഗ്ധര്‍ നൽകുന്ന വിശദീകരണം ഇങ്ങനെ: ബഷീറിൻറെ കാണാതായ ഫോണിലെ  വാട്‌സാപ് ആരെങ്കിലും ഡിസേബിൾ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആൻഡ്രോയിഡ് റീ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നമ്പർ ലെഫ്റ്റ് ആയെന്ന സന്ദേശം വരാം. ബഷീറിൻറെ വാട്‌സാപ് ലഭിക്കാൻ ഫോണിൽ ബഷീറിൻറെ സിം വേണമെന്നില്ല. ഫോൺ നമ്പർ ഒരുതവണ റജിസ്റ്റര്‍ ചെയ്താൽ സിം ഇട്ടില്ലെങ്കിലും ഫോണിൽ വാട്‌സാപ് കിട്ടും.

കുറച്ചുകാലം ഫോൺ ഉപയോഗിക്കാതിരുന്നാൽ വാട്‌സാപ് ഗ്രൂപ്പുകളിൽനിന്ന് സ്വയം ലെഫ്റ്റ് ആകാനുള്ള സാധ്യത ക്രൈംബ്രാഞ്ച് പരിശോധിച്ചെങ്കിലും അങ്ങനെ സംഭവിക്കില്ലെന്നാണ് സൈബർ വിദഗ്ധർ നൽകിയ മറുപടി.

MORE IN KERALA
SHOW MORE
Loading...
Loading...