നിക്ഷേപിക്കൂ, ആരും തടയില്ല; 10 കോടിക്ക് മേലെ മുടക്കിയാൽ എല്ലാം അതിവേഗം: മുഖ്യമന്ത്രി

cm-korea
SHARE

കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടുന്ന മന്ത്രിമാരുടെ സംഘത്തിന്റെ ദക്ഷിണ കൊറിയ സന്ദർശനം പുരോഗമിക്കുന്നു. പത്തുകോടി രൂപയ്ക്ക് മുകളിൽ നിക്ഷേപം നടത്തുന്നവർക്ക് സർക്കാർ കാര്യങ്ങൾ അതിവേഗതയിൽ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ഉറപ്പുനൽകി. പത്തുകോടിക്ക് താഴെ നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് നേരെ വ്യവസായം തുടങ്ങാമെന്നും മൂന്നുവർഷം കൊണ്ട് അതിനാവശ്യമായി അനുമതികളൊക്കെ നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പ്രവാസി മലയാളി വ്യവസായികൾക്ക് കേരളം ഒരുക്കുന്ന മികച്ച സൗകര്യങ്ങളാണിതെന്നും പിണറായി വ്യക്തമാക്കി. അതുപോലെ തന്നെ ചെയ്യുന്ന കാര്യങ്ങൾ നിയമപ്രകാരം മാത്രമേ പാടുള്ളൂവെന്നും പരിസ്ഥി ഉത്തരവുകളടക്കം കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ഒാർമിപ്പിച്ചു. ഇതിെലാക്കെ വീഴ്ച വരുത്തിയാൽ കർക്കശമായ നിലപാടുകൾ പിന്നാലെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായം തുടങ്ങാൻ വന്നാൽ  ആരും തടയില്ലെന്നും പിന്നാലെ ആവശ്യമായ സൗകര്യങ്ങൾ എല്ലാം ചെയ്തുതരുമെന്നും അദ്ദേഹം യോഗത്തിൽ ഉറപ്പുനൽകി. 

2019 നവംബർ 23 മുതൽ ഡിസംബർ 4 വരെ നീളുന്ന വിദേശ സന്ദർശനത്തിലാണ് മുഖ്യമന്ത്രിയും സംഘവും. ജപ്പാനിൽ നിസാൻ, തോഷിബ, ടൊയോട്ട തുടങ്ങിയ കമ്പനി മേധാവികളുമായി ചർച്ച നടത്തിയിരുന്നു. മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ ശശീന്ദ്രൻ, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി.കെ. രാമചന്ദ്രൻ, ടോം ജോസ്, ഡോ, കെ. ഇളങ്കോവൻ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, ഗതാഗത സെക്രട്ടറി കെ.ആർ ജ്യോതിലാൽ, മിർ മുഹമ്മദലി, ഡോ. വി. രാജ്മോഹൻ, വി.എം. സുനീഷ് എന്നിവരാണ് ഒൗദ്യോഗികമായി സംഘത്തിലുള്ളത്. 

ഇപ്പോഴത്തെ 11 ദിവസത്തെ സന്ദർശനത്തിന് ഏറ്റവും കുറഞ്ഞത് 80 ലക്ഷം രൂപയോളം ചെലവാകും. വിമാനക്കൂലി, എയർപോർട്ട് നികുതി, ഹോട്ടലിലെ താമസം, ബുള്ളറ്റ് ട്രെയിൻ ടിക്കറ്റ്, മൊബൈൽ ഫോൺ–കമ്യൂണിക്കേഷൻ ചെലവുകൾ, വൈദ്യസഹായം തുടങ്ങിയവയെല്ലാം സർക്കാരാണു വഹിക്കുന്നത്. പുറമേ സംഘത്തിലെ ഓരോ അംഗത്തിനും അലവൻസായി ദിവസം 100 ഡോളർ വീതം നൽകും. മുഖ്യമന്ത്രിക്കും സംഘത്തിനും വിദേശത്ത് എന്തെങ്കിലും അടിയന്തരാവശ്യം വന്നാൽ ചെലവഴിക്കാൻ സംഘാംഗമായ ശുചിത്വ മിഷൻ ഡയറക്ടർ മിർ മുഹമ്മദ് അലിയുടെ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 7 ലക്ഷം ജാപ്പനീസ് കറൻസിയായും 3 ലക്ഷം ദക്ഷിണ കൊറിയൻ കറൻസിയായും മാറ്റി. സർവകലാശാലകൾ തമ്മിലുള്ള സഹകരണം വൈസ് ചാൻസലർമാർ തമ്മിൽ ചർച്ച ചെയ്തു തീരുമാനിക്കാമെന്നിരിക്കെ അത്തരം കാര്യങ്ങൾക്കായി മുഖ്യമന്ത്രി വിദേശത്തു പോകേണ്ടതുണ്ടോയെന്ന വിമർശനം പ്രതിപക്ഷമടക്കം ഉയര്‍ത്തുന്നുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...