പാമ്പ് കടിച്ചു; ഗർഭിണിയായിട്ടും കോട്ടയത്തേക്ക് ഒപ്പം; ആംബുലൻസിൽ ആന്റിവെനം; നൻമ

doctor-save-life
SHARE

ഷെഹ്​ലയുടെ മരണം ഉയർത്തുന്ന ചോദ്യങ്ങൾ ഇനി ആവർത്തിക്കുരുതെന്ന നിലപാടിലാണ് സർക്കാരും കേരളവും. രക്ഷിക്കാമായിരുന്ന ഒരു ജീവനെയാണ് അധ്യാപകരുടെയും ഒരു ഡോക്ടറുടെയും അനാസ്ഥ കൊണ്ട് മരണം കവർന്നത്. എന്നാൽ എല്ലാവരും അങ്ങനെയാണ് എന്ന് എഴുതിത്തള്ളുന്നവർക്കുള്ള മറുപടിയാണ് ഇൗ അച്ഛന്റെ വാക്കുകൾ. രണ്ട് ഡോക്ടർമാർ ശ്രമിച്ചപ്പോൾ തിരികെ കിട്ടിയ ഇളയമകനെ ചേർത്ത് പടിച്ചാണ് കാഴ്ചയില്ലാത്ത ഇൗ അച്ഛൻ അനുഭവം പറയുന്നത്.

രണ്ടുമാസം ഗർഭിണിയായിരുന്നിട്ടും സ്വന്തം ആരോഗ്യം പോലും നോക്കാതെ പത്തനംതിട്ടയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് ആംബുലൻസിൽ പോകാൻ തയാറായ ഡോക്ടർ നിഷാന കേരളത്തിന് മാതൃകയാവുകയാണ്. ഒരു മാസം മുൻപ് നടന്ന ഇൗ സംഭവത്തെ കുറിച്ച് പിതാവ് രാജേഷ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നു.

‘എനിക്ക് കണ്ണിന് കാഴ്ചയില്ല. ലോട്ടറി കച്ചവടമാണ് ജോലി. രണ്ടുമക്കളാണ് എനിക്ക്. പത്തനംതിട്ട ഒാമല്ലൂരിൽ വാടകയ്ക്കാണ് താമസിക്കുന്നത്. സ്വന്തമായി ഭൂമിയോ വീടോ ഒന്നുമില്ല. അന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് മൂന്നുവയസുകാരൻ മകൻ കൃഷ്ണചന്ദ് ഉണർന്ന് കരയുന്നത്. എന്തോ കടിച്ചെന്ന് മകൻ പറഞ്ഞു. ഭാര്യ നോക്കിയപ്പോൾ മുറിവൊന്നും കണ്ടില്ല. പാമ്പ് കടിച്ചതാണെന്ന് സംശയം തോന്നി. അപ്പോൾ തന്നെ ഞങ്ങൾ കുഞ്ഞിനെ എടുത്ത് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

എന്നാൽ അവിടെ നിന്നും കുഞ്ഞിനെ വേഗം പത്തനംതിട്ട താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. പാമ്പ് കടിച്ചതാണെന്ന് അങ്ങനെ മനസിലായി. ഞങ്ങൾ വേഗം കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. അത്യാഹിക വിഭാഗത്തിലേക്കാണ് ആദ്യം എത്തിയത്. കാര്യം പറഞ്ഞപ്പോൾ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ രതീഷ് ഒാടിയെത്തി. അദ്ദേഹത്തെ കൊണ്ട് ഒറ്റയ്ക്ക് പറ്റാത്തത് കൊണ്ട് വാർഡിൽ ഉണ്ടായിരുന്ന ഡോക്ടർ നിഷാനയെ കൂടി വിളിച്ചുവരുത്തി.

boy-snake-bite
കൃഷ്ണ ചന്ദ് അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം വാടകവീടിനു മുൻപിൽ

അപ്പോഴേക്കും മകന് ശ്വാസ തടസം ഉണ്ടായി തുടങ്ങി. ഡോക്ടർമാർ അവന്റെ ജീവൻ രക്ഷിക്കാൻ കഴിവതും പരിശ്രമിച്ചു. ആന്റിവെനം നൽകാനുള്ള തയാറെടുപ്പുകളും തുടങ്ങി. എന്നാൽ ഇവിടെ വെന്റിലേറ്റർ സംവിധാനം ഇല്ലായിരുന്നു. ഇതോടെ കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റണമെന്ന് അവർ നിർദേശിച്ചു. പക്ഷേ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ലഭിച്ചില്ല. എന്തു ചെയ്യണമെന്നറിയാതെ ഞ​ങ്ങൾ വിഷമിച്ചു. എന്നാൽ കയ്യൊഴിയാൻ ആ ഡോക്ടർമാർ തയാറായില്ല. കിട്ടിയ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് തിരിക്കാമെന്ന് തീരുമാനിച്ചു. അവിടെ എത്തുന്നത് വരെ കുട്ടിയ്ക്ക് കൃത്രിമമായി ശ്വാസം നൽകി കൊണ്ടിരിക്കണം. അപ്പോഴാണ് ഡോക്ടർമാരും ആംബുലൻസിൽ ഒപ്പം വരാമെന്ന് ഇങ്ങോട്ട് പറഞ്ഞു. രണ്ടുമാസം ഗർഭിണിയായിരുന്നിട്ടും ഡോക്ടർ നിഷാനയും ഞങ്ങൾക്കൊപ്പം വന്നു. കോട്ടയത്തേക്കുള്ള യാത്രയിലുടനീളം ഡോക്ടർ മകന് വേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്തു. 

കോട്ടയത്ത് എത്തിയപ്പോഴേക്കും അവിടെ ചികിൽസയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും ഡോക്ടർ ജയപ്രകാശ് സജ്ജമാക്കിയിരുന്നു. ആംബുലൻസിനുള്ളിൽ വച്ച് തന്നെ മകന് ആന്റിവെനം ഡോക്ടർ നൽകിയത് അവന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചു. ഒപ്പം കൃത്യമമായി ശ്വാസം നൽകി ആ യാത്രയിലുടനീളം ഡോക്ടർമാരും. മറക്കില്ല ഇവരെ. ഇപ്പോൾ മകൻ ആശുപത്രിയിൽ നിന്നും വീട്ടിലെത്തി. പൂർണ സുഖം പ്രാപിച്ചു.

കൃത്യസമയത്ത് വേണ്ട ചികിൽസ നൽകാൻ കഴിഞ്ഞതാണ് അവനെ ഞങ്ങൾക്ക് തിരിച്ചുകിട്ടാൻ കാരണം. ആ രണ്ടു ഡോക്ടർമാരോടും നന്ദി പറഞ്ഞാൽ തീരില്ല. വയറ്റിലുള്ള കുഞ്ഞിനൊപ്പം തന്നെ എന്റെ മകനെയും കണ്ട ഡോക്ടർ നിഷാനയോട് എന്താണ് പറയേണ്ടതെന്ന് അറിയില്ല. അവർക്ക് വേണമെങ്കിൽ ഗർഭിണിയാണ്, ഇത്ര ദൂരം യാത്രചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാമായിരുന്നു. എന്നാൽ അതൊന്നും നോക്കാതെ ആംബുലൻസിൽ അവർ വന്നു. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും മകനുമായി മടങ്ങുമ്പോൾ പ്രമേഹരോഗിയായ എനിക്ക് ഇൻസുലിൻ കൂടി തന്നാണ് ഡോക്ടർ ജയപ്രകാശ് യാത്രയാക്കിയത്. മറക്കില്ല ഇവരെ..’ അച്ഛൻ രാജേഷ് പറഞ്ഞു. 

ഡോക്ടർ നിഷാനയുടെ വാക്കുകളിങ്ങനെ: 

ഇവിടെ എത്തുമ്പോൾ ആ കുഞ്ഞിന്റെ അവസ്ഥ അങ്ങനെയായിരുന്നു. അപ്പോഴാണ് വാർഡിലുണ്ടായിരുന്ന എന്നോട് ഡോക്ടർ രതീഷ് വരാൻ പറഞ്ഞത്. കടുത്ത ശ്വാസ തടസം കുഞ്ഞിനുണ്ടായിരുന്നു. ആന്റിവെനം നൽകാനുള്ള ഒരുക്കങ്ങളും തുടങ്ങി. അത്ര കാത്തിരിക്കാൻ സമയമില്ലാത്തത് കൊണ്ടാണ് കോട്ടയത്തേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. പിന്നീട് ആംബുലൻസിൽ വച്ച് ആന്റിവെനം െകാടുത്തു. കൃത്രിമശ്വാസവും കോട്ടയം എത്തുന്നത് വരെ നൽകി െകാണ്ടിരുന്നു. ആ കുട്ടിയുടെ ജീവൻ രക്ഷിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. പോയി വന്നശേഷം പലരും പറഞ്ഞു. രണ്ടുമാസം ഗർഭണിയല്ലേ.. ഇത്ര ദൂരം ആംബുലൻസിൽ യാത്ര ചെയ്തത് റിസ്ക് ആല്ലേ.. എന്നൊക്കെ, അപ്പോൾ അതൊന്നും ഒാർത്തില്ല. ആ ജീവനായിരുന്നു മുന്നിൽ. അവൻ രക്ഷപ്പെട്ടതോർക്കുമ്പോൾ നിറഞ്ഞ സന്തോഷമാണ്..’ചിരിയോടെ ഡോക്ടർ നിഷാന പറഞ്ഞു. 

MORE IN KERALA
SHOW MORE
Loading...
Loading...