‘ചിലർ കുളംകലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നു’; പി.മോഹനനെ പിന്തുണച്ച് മുഹമ്മദ് റിയാസ്; കുറിപ്പ്

muhammed-riyas-mohanan
SHARE

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന രാഷ്ട്രീയ കേരളത്തെ ചൂടുപിടിപ്പിക്കുമ്പോൾ ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ നേതാവ് പി. എ മുഹമ്മദ് റിയാസ്. ‘ഇസ്ലാമിക തീവ്രവാദത്തെ എതിർക്കുന്നവർ ഇസ്ലാം വിരോധിയാണെന്ന വാദം അസംബന്ധമാണെന്ന തലക്കെട്ടോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ്. 

‘നരേന്ദ്രമോദി ഭരണത്തിൽ സർക്കാർ സ്‌പോൺസേർഡ് വേട്ടകളുടെ ഭാഗമായി മത ന്യുനപക്ഷങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെട്ട അരക്ഷിതാവസ്ഥയുടെ പശ്ചാത്തലത്തിൽ മതതീവ്രവാദത്തിന്റെ തെറ്റായ പാതയിലേക്ക് സഞ്ചരിക്കാതെ ചെറുപ്പക്കാർ ഇടതുപക്ഷ മതേതര ജനാതിപത്യ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താനോ ഡിവൈഎഫ്ഐ പോലുള്ള സംഘനകളുടെ പ്രവർത്തനങ്ങൾക്കായോ മുന്നിട്ടിറങ്ങുകയാണ് വേണ്ടത് എന്ന് മുസ്‌ലിം സമൂഹം തിരിച്ചറിയുന്നുണ്ട്. ഈ രാഷ്ട്രീയമാറ്റത്തെ ഭയത്തോടെ നോക്കുന്നവരാണ് കുളംകലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നത്.’ റിയാസ് കുറിച്ചു  .

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം: 

‘ഇസ്ലാമിക തീവ്രവാദത്തെ എതിർക്കുന്നവർ ഇസ്ലാം വിരോധിയാണെന്ന വാദം അസംബന്ധം’

-പി .എ മുഹമ്മദ്‌ റിയാസ്-

ഇന്ത്യൻ സ്റ്റേറ്റിനെ അട്ടിമറിക്കാനുള്ള പോരാട്ടത്തിൽ മാവോയിസ്റ്റുകൾ മുസ്ലീം തീവ്ര വാദ സംഘടനകളെ സംഖ്യകക്ഷികളായി കാണുന്നുണ്ട് എന്നത് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററുടെ ഭാവനയല്ല. നേരത്തെ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ആയിരുന്ന, ഗണപതി എന്ന പേരിൽഅറിയപ്പെട്ട , മുപ്പളാ ലക്ഷമണ റാവുവിന്റെ പരസ്യമാക്കപ്പെട്ട അഭിമുഖത്തിൽ അദ്ദേഹം തന്നെ ഇക്കാര്യം തുറന്നുപറഞ്ഞതാണ്.

സാർവദേശീയ തലത്തിലും ഇത്തരം ചില സംഘടനകളും താലിബാനും കൈകോർത്തിനെക്കുറിച്ചു വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഇസ്ലാമിക തീവ്രവാദികൾ സാമ്രജ്യത്വ വിരുദ്ധ പോരാളികൾ ആണെന്നാണ് മാവോയിസ്റ്റുകൾ കരുതുന്നത്. ഈയൊരു സൈദ്ധാന്തിക പരിസരത്തിലാണ് കേരളത്തിലും ചില മത മൗലികവാദ സംഘടനകൾ മാവോയിസ്റ്റ് അനുഭാവം പുലർത്തുന്നത്.

ഇസ്ലാമിക തീവ്രവാദത്തിനെതിരെ സംസാരിക്കുമ്പോൾ അത് ഇസ്‌ലാം മതത്തിനെതിരെയാണ് എന്ന് വ്യാഖാനിക്കാൻ ശ്രമിക്കുന്നവർ ഇസ്‌ലാം മതവിശ്വാസികളുടെ മിത്രമല്ല ശത്രുതന്നെയാണ്. ഇന്നീ രാജ്യത്ത് ഹിന്ദുത്വ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങളെ വിമർശിക്കുമ്പോൾ അത് ഹിന്ദു മതത്തിനും രാജ്യത്തിനും എതിരാണ് എന്ന് പ്രഖ്യാപിക്കുന്ന സംഘപരിവാർ ശക്തികളുടെ അതെ ലോജിക്കാണ് ഇസ്ലാമിക തീവ്രവാദത്തെ എതിർക്കുമ്പോൾ അത് മുസ്ലീങ്ങൾക്കെതിരാണ് എന്ന് വ്യാഖാനിക്കുന്നവരുടെതും.

ഇസ്ലാം മത വിശ്വാസികളിൽ മഹാ ഭൂരിപക്ഷവും മതഗ്രന്ഥങ്ങളെ ദുർവ്യാഖ്യാനിച്ച്‌ അക്രമം നടത്തുന്ന തീവ്രവാദ സംഘടനകൾക്കെതിരാണ്. മുസ്‌ലിം മതപണ്ഡിതരും മത സംഘടനകളിൽ ഭൂരിപക്ഷവും വെറുപ്പിന്റെ രാഷ്ട്രീയം വിൽക്കുന്ന മുസ്ലിം തീവ്രവാദ സംഘടനകൾക്ക് എക്കാലവും എതിരാണ്. പലഘട്ടങ്ങളിൽ അവരെല്ലാം ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചതുമാണ്.അങ്ങനെയിരിക്കെ സമീപ കാലത്ത് ചില സംഭവങ്ങൾ നടന്ന കോഴിക്കോട് ജില്ലയിലെ സിപിഐ(എം) പോലൊരു പ്രസ്ഥാനത്തിന്റെ അമരക്കാരൻ എന്ന നിലയിൽ പി.മോഹനൻ മാസ്റ്റർ ആ വിമർശനം ഉന്നയിക്കുമ്പോൾ ,അത് ഇസ്​ലാം മത വിരുദ്ധമാണ് എന്ന് പ്രചരിപ്പിക്കുന്നവർ ആരുടെ പക്ഷത്താണ്? .

രാഷ്ട്രീയ പ്രവർത്തനത്തിൽ അക്രമത്തിന്റെ വഴി സ്വീകരിക്കുന്ന മാവോയിസ്റ്റുകളുടെയും ഇസ്ലാമിക തീവ്രവാദികളുടെയും കൂട്ടുകെട്ടുകളെ അന്വേഷിച്ച്‌ തടയിടേണ്ടത് കേരളത്തിന്റെ സമാധാന ജീവിതത്തിന് അനിവാര്യമാണ്. ഇത്തരം കൂട്ടുകെട്ടുകളെ കുറിച്ച് കാര്യങ്ങൾ അന്വേഷിച്ചു പുറത്തു വരണം എന്നു ആഗ്രഹിക്കുന്നവരാണ് മുസ്ലിം മത വിശ്വാസികൾ ഉൾപ്പടെയുള്ള കേരളീയ സമൂഹം.

നരേന്ദ്രമോദി ഭരണത്തിൽ സർക്കാർ സ്‌പോൺസേർഡ് വേട്ടകളുടെ ഭാഗമായി മത ന്യുനപക്ഷങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെട്ട അരക്ഷിതാവസ്ഥയുടെ പശ്ചാത്തലത്തിൽ മതതീവ്രവാദത്തിന്റെ തെറ്റായ പാതയിലേക്ക് സഞ്ചരിക്കാതെ ചെറുപ്പക്കാർ ഇടതുപക്ഷ മതേതര ജനാതിപത്യ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താനോ DYFI പോലുള്ള സംഘനകളുടെ പ്രവർത്തനങ്ങൾക്കായോ മുന്നിട്ടിറങ്ങുകയാണ് വേണ്ടത് എന്ന് മുസ്‌ലിം സമൂഹം തിരിച്ചറിയുന്നുണ്ട്. ഈ രാഷ്ട്രീയമാറ്റത്തെ ഭയത്തോടെ നോക്കുന്നവരാണ് കുളംകലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നത് .

MORE IN KERALA
SHOW MORE
Loading...
Loading...