പാലിയേക്കരയില്‍ നാട്ടുകാര്‍ക്ക് മാസം 150 രൂപ; 20 കി.മീറ്ററിനകത്തെങ്കില്‍ 300 രൂപ

paliyekkara-tollplaza
SHARE

തദ്ദേശീയരായ നാല്‍പതിനായിരം പേര്‍ക്കു പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇതുവരെ സൗജന്യയാത്രയായിരുന്നു. 2018 ഏപ്രിലിനു ശേഷം പുതിയ വണ്ടി വാങ്ങിയവര്‍ക്കു സൗജന്യ പാസ് അനുവദിക്കുന്നില്ല. തദ്ദേശീയരായ നാല്‍പതിനായിരം പേരുടേയും തുക സംസ്ഥാന സര്‍ക്കാര്‍ ടോള്‍ കമ്പനിയ്ക്കു കൈമാറുകയാണ് പതിവ്. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ ഈയിനത്തില്‍ നല്‍കാനുള്ളത് 104 കോടി രൂപയാണ്. അതുക്കൊണ്ടുതന്നെ തദ്ദേശീയര്‍ക്കു പുതിയ പാസുകള്‍ നല്‍കുന്നുമില്ല. പഴയ പാസ് പ്രകാരം ഡിസംബര്‍ ഒന്നുമുതല്‍ ടോള്‍പ്ലാസ വഴി കടന്നുപോകാന്‍ കുറച്ചു മെനക്കേടുണ്ട്. കാരണം, ഫാസ്റ്റാഗ് അല്ലാത്ത ഒറ്റട്രാക്കിലൂടെ മാത്രമേ പോകാന്‍ കഴിയൂ. സൗജന്യ പാസുള്ള തദ്ദേശീയരും മണിക്കൂറുകളോളം ക്യൂവില്‍ കുടുങ്ങും. തദ്ദേശീയര്‍ക്കു സൗജന്യ പാസ് പഴയപടി വീണ്ടും കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സമരവും ശക്തമാണ്. 

തദ്ദേശീയര്‍ക്ക് എങ്ങനെ ഫാസ്റ്റാഗ്?

പാലിയേക്കര ടോള്‍പ്ലാസയുടെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരാണ് തദ്ദേശീയര്‍. കാറുടമകള്‍ക്കു പ്രതിമാസം 150 രൂപയുടെ ഫാസ്റ്റാഗ് കാര്‍ഡ് വാങ്ങിയാല്‍ എത്ര വേണമെങ്കിലും ടോള്‍പ്ലാസ വഴി പോകാം. ദിവസവും ടോള്‍പ്ലാസ വഴി പോകുന്നവര്‍ക്കു ഫാസ്റ്റാഗിലേക്കു മാറണമെങ്കില്‍ ഈ സ്കീം ലാഭകരം. വേണ്ടത് ആര്‍.സിബുക്ക്. ഉടമയുടെ ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, റേഷന്‍കാര്‍ഡ് എന്നീ രേഖകളിലെ ഏതെങ്കിലും രണ്ടെണ്ണം. ഫാസ്റ്റാഗ് കാര്‍ഡ് എടുക്കണമെങ്കില്‍ 500 രൂപയാണ് ചെലവ്. ഇതില്‍, 200 രൂപ അക്കൗണ്ടില്‍ കാണും. ടോളായി ഉപയോഗിക്കാം. തദ്ദേശീയരാണെങ്കില്‍ 500 രൂപയുെട ഈ കാര്‍ഡ് ആദ്യം എടുക്കണം. പിന്നെ, 150 രൂപ ചാര്‍ജ് ചെയ്താല്‍ പ്രതിമാസം എത്ര വേണമെങ്കിലും യാത്ര ചെയ്യാം. തദ്ദേശീയരായ കാറുടമകള്‍ക്കു മാത്രമാണ് ഈ ആനുകൂല്യം. വലിയ വാഹനങ്ങള്‍ക്കു തദ്ദേശീയരുടെ ആനുകൂല്യമില്ല. 

പത്തു കിലോമീറ്ററില്‍ ആരെല്ലാം?

പാലിയേക്കര ടോള്‍പ്ലാസയുടെ ആകാശദൂരമനുസരിച്ചാണ് പത്തു കിലോമീറ്റര്‍. പതിനേഴു പഞ്ചായത്തുകള്‍. വരന്തരപ്പിള്ളി, തൃക്കൂര്‍, അളഗപ്പനഗര്‍, കൊടകര, പുതുക്കാട്, നെന്‍മണിക്കര, പറപ്പൂക്കര, പുത്തൂര്‍, നടത്തറ, മുരിയാട്, പാറളം, മറ്റത്തൂര്‍, കാറളം, പൊറത്തിശേരി, വല്ലച്ചിറ, ചേര്‍പ്പ്, അവിണിശേരി. ഇനി, കോര്‍പറേഷന്‍ പരിധിയിലുമുണ്ട് തദ്ദേശീയ ആനുകൂല്യം. 25 ഡിവിഷനുകള്‍. തലോര്‍, കുരിയച്ചിറ, കുട്ടനെല്ലൂര്‍, ഒല്ലൂര്‍, മണ്ണുത്തി, കൂര്ക്കഞ്ചേരി, കിഴക്കുംപാട്ടുകര, പറവട്ടാനി, ഒല്ലൂക്കര, കൃഷ്ണാപുരം, കാളത്തോട്, നടത്തറ, ചേലക്കോട്ടുക്കര, മിഷന്‍ ക്വാര്‍ട്ടേഴ്സ്, ഈസ്റ്റ് ഫോര്‍ട്ട്, അഞ്ചേരി, പടവരാട്, തൈക്കാട്ടുശേരി, ചിയ്യാരം സൗത്ത്, ചിയ്യാരം നോര്‍ത്ത് , കണ്ണംകുളങ്ങര, പള്ളിക്കുളം, കൊക്കാലെ, വടൂക്കര, നെടുപുഴ. 

ചുറ്റളവ് 20 കിലോമീറ്ററിലും ആനുകൂല്യം

തദ്ദേശീയരുടെ ആനുകൂല്യം ഇരുപതു കിലോമീറ്ററില്‍ താമസിക്കുന്നവര്‍ക്കും കിട്ടും. പക്ഷേ, നിരക്ക് ഇരട്ടിയാകുമെന്ന് മാത്രം. 300 രൂപ കൊടുത്താല്‍ പ്രതിമാസം എത്ര വേണമെങ്കിലും ടോള്‍പ്ലാസ വഴി കടന്നുപോകാം. സ്ഥിരമായി ഇതുവഴി യാത്ര ചെയ്യുന്ന കാറുടമകള്‍ക്കു ലാഭകരമാകും. യാത്ര വല്ലപ്പോഴുമാണെങ്കില്‍ ഇതിന്‍റെ ആവശ്യമില്ലതാനും. ഒരു വശത്തേയ്ക്കു മാത്രമാണ് കാര്‍ യാത്രയെങ്കില്‍ 75 രൂപയാണ് നിരക്ക്. 24 മണിക്കൂറിനുള്ളില്‍ രണ്ടു വശത്തോട്ടും യാത്ര ചെയ്യണമെങ്കില്‍ 110 രൂപ. ഒറ്റത്തവണ 110 രൂപയുടെ ടോള്‍ എടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ എത്ര തവണ വേണമെങ്കില്‍ ടോള്‍  പ്ലാസയിലൂടെ യാത്ര ചെയ്യാം. 

MORE IN KERALA
SHOW MORE
Loading...
Loading...