മക്കളെ കണ്ടപ്പോൾ അമ്മയുടെ കണ്ണിൽ തിളക്കം; ആ രോഷം ഫലം കണ്ടു; ഹൃദ്യം

tvm-dog-love
SHARE

പ്രതിഷേധവും വാർത്തകളും ഫലം കണ്ടു. കണ്ണുതുറക്കാത്ത ആ കുഞ്ഞുങ്ങളെ അമ്മയുടെ അടുത്തെത്തി. പാൽമണം മാറുംമുൻപ്  കോർപറേഷനിലെ പട്ടിപിടിത്തക്കാർ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി  കൊണ്ടു പോയ അമ്മപ്പട്ടിയുടെ അരികിലേക്ക് കുട്ടികളെത്തി. അമ്മയെയും കുട്ടികളെയും തിരുവല്ലത്തെ കോർപറേഷന്റെ വന്ധ്യംകരണ ശസ്ത്രക്രിയാ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണിപ്പോൾ. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനു ശേഷം ഇവയെ ദത്തു നൽകും.

5 ദിവസം മുൻപ് ആഭ്യന്തര വിമാനത്താവളത്തിലെ ടാക്സി സ്റ്റാൻഡിലാണ് തെരുവുനായ 6 കുട്ടികൾക്ക് ജന്മം നൽകിയത്. പ്രസവിച്ച് മണിക്കൂർ പോലും തികയും മുൻപ് നായയെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്താൻ പട്ടിപിടിത്തക്കാർ പിടികൂടി. കണ്ണു പോലും തുറക്കാത്ത കുഞ്ഞു പട്ടികളുടെ ദയനീയാവസ്ഥ ടാക്സി ഡ്രൈവർമാർ പറഞ്ഞിട്ടും പട്ടിപിടിത്തക്കാർ ചെവിക്കൊണ്ടില്ല.

അപ്പോൾ മുതൽ അമ്മയെ കാണാതെ കരയുകയായിരുന്നു കുഞ്ഞു പട്ടികൾ. മഴയും വെയിലുമേൽക്കാതെ മാറ്റിപ്പാർപ്പിച്ചും പാലു നൽകിയും ഡ്രൈവർമാർ കുഞ്ഞുനായ്ക്കളെ പരിചരിച്ചു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടയുടൻ കുഞ്ഞുങ്ങളെ അമ്മയുടെ അടുത്തെത്തിക്കാൻ കോർപറേഷൻ ശ്രമം തുടങ്ങി. വിമാനത്താവളത്തിൽ നിന്നു കുട്ടികളെ തിരുവല്ലത്തെത്തിച്ചു. കുട്ടികളെ കണ്ടപ്പോഴുള്ള കണ്ണുകളിലെ തിളക്കം കണ്ടാണ് അമ്മപ്പട്ടിയെ തിരിച്ചറിഞ്ഞതെന്ന് കോർപറേഷൻ.  

നായ് സ്നേഹികൾക്ക് ദത്തു നൽകാൻ തിരുവല്ലത്തെ കോർപറേഷന്റെ കേന്ദ്രത്തിൽ 25 കുഞ്ഞു പട്ടികൾ. മാസങ്ങൾ മുതൽ ഒരു വയസ്സു വരെ പ്രായമുള്ളവയാണിവ. പ്രസവിച്ചയുടനാണു തെരുവു നായ്ക്കളെ വന്ധ്യംകരണത്തിനായി പിടികൂടുന്നതെങ്കിൽ കുട്ടികളെ കൂടി അമ്മയ്ക്കൊപ്പം പിടികൂടുകയാണ് പതിവ്.

ഇങ്ങനെ ലഭിച്ചവയാണു കൂടുതലും. നായയെ പിടികൂടിയ സ്ഥലത്ത് തിരികെ എത്തിക്കുമെങ്കിലും കുട്ടികളെ വിടാറില്ല. ഭക്ഷണവും വാക്സിനുമെല്ലാം നൽകി ഇവിടെ തന്നെ പാർപ്പിക്കുകയാണ്. ആവശ്യക്കാർ തിരുവല്ലത്തെ കേന്ദ്രത്തിലെത്തിയാൽ  നായ്ക്കുട്ടികളെ ദത്തെടുക്കാമെന്നു കോർപറേഷൻ അറിയിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...