തീരപാതയിലെ യാത്രാക്ലേശം മാറുമോ? റെയില്‍വെയുടെ മുന്നിലെ സാധ്യതകള്‍ ഇങ്ങനെ

protest-latest-rail
SHARE

യാത്രക്കാരുടെ പ്രതിഷേധം ആളിക്കത്തുകയാണ് കായംകുളം എറണാകുളം തീരദേശ റെയില്‍പാതയില്‍.  16 ബോഗികളുണ്ടായിരുന്ന പാസഞ്ചര്‍ ട്രയിനിനു പകരം 12 റേക്കുകള്‍ മാത്രമുളള മെമു ഏര്‍പ്പെടുത്തിയതോടെയാണ് യാത്രക്കാര്‍ വലഞ്ഞത്. സര്‍ക്കാര്‍,സ്വകാര്യ മേഖലകളിലെ ജീവനക്കാരും, വിദ്യാര്‍ഥികളുമടക്കം പ്രതിദിനം മൂവായിരത്തോളം സ്ഥിരം യാത്രക്കാരുണ്ട് തീരപാതയില്‍. ഇവരെ പൂര്‍ണമായും ഉള്‍ക്കൊളളാന്‍ മെമുവിന് കഴിയുന്നില്ലെന്നതാണ് പ്രശ്നം. തിങ്ങിഞെരുങ്ങി ട്രയിനില്‍ യാത്ര ചെയ്യേണ്ടി വരുന്ന ദുരവസ്ഥയ്ക്കെതിരെ കരിദിനാചരണം വരെയുളള പ്രത്യക്ഷ പ്രതിഷേധ പരിപാടികള്‍ യാത്രക്കാര്‍ നടത്തിക്കഴിഞ്ഞു. ആലപ്പുഴ എം.പി.എ.എം.ആരിഫും,എറണാകുളം എം.പി. ഹൈബി ഈഡനും ഉള്‍പ്പെടെയുളള ജനപ്രതിനിധികളും പ്രശ്നത്തില്‍ ഇടപെട്ടു. ഇതോടെ പ്രശ്ന പരിഹാരത്തിന് കടുത്ത സമ്മര്‍ദമാണ് റെയില്‍വെയ്ക്കു മേല്‍ ഉണ്ടായിരിക്കുന്നത്. പ്രശ്ന പരിഹാരത്തിനായി മൂന്ന് സാധ്യതകളാണ് റെയില്‍വെ പ്രധാനമായും പരിഗണിക്കുന്നത്.

അധികമായൊരു ട്രയിന്‍ കൂടി

എറണാകുളത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും,കൊച്ചിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ,വിദ്യാര്‍ഥികളുമാണ് തീരപാതയിലെ പാസഞ്ചര്‍ ട്രയിനിനെ പ്രധാനമായും ആശ്രയിക്കുന്നത്. ഇതില്‍ തന്നെ ആലപ്പുഴ മുതല്‍ വടക്കോട്ട് അരൂര്‍ വരെയുളള മേഖലയിലെ യാത്രക്കാരാണ് രാവിലെ 7.25ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ട് 09.00 ന് എറണാകുളത്തെത്തുന്ന ട്രയിനില്‍ ഏറിയപങ്കും. മെമുവിലെ തിരക്കൊഴിവാക്കാന്‍ 10 മണിക്കു മുമ്പ് എറണാകുളത്ത് എത്താന്‍ കഴിയുന്ന വിധത്തില്‍ ഒരു പാസഞ്ചര്‍ ട്രയിന്‍ കൂടി ഏര്‍പ്പെടുത്തുകയെന്നതാണ് റെയില്‍വെ പരിഗണിക്കുന്ന ഒരു നിര്‍ദേശം. എന്നാല്‍ അധികമായി ഒരു പാസഞ്ചര്‍ ട്രയിന്‍ ഏര്‍പ്പെടുത്തിയാല്‍ സാമ്പത്തികമായി കാര്യമായ നേട്ടം ഈ സര്‍വീസില്‍ നിന്ന് കിട്ടില്ലെന്നാണ് റെയില്‍വെയുടെ വിലയിരുത്തല്‍. ഈ സാമ്പത്തിക നഷ്ടം നികത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായാല്‍ സ്പെഷ്യല്‍ ട്രയിന്‍ ഏര്‍പ്പെടുത്തുന്നതിന് തടസമില്ലെന്ന് റെയില്‍വെ പറയുന്നു. പക്ഷേ സാമ്പത്തികമായി ഏറെ ബാധ്യത ഉണ്ടാകുന്ന ഈ നീക്കത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറാകാനുളള സാധ്യത നിലവിലെ സ്ഥിതിയില്‍ പരിമിതമാണ്.

16 റേക്കുളള മെമു

ഇപ്പോള്‍ 12 റേക്കുകള്‍ മാത്രമുളള മെമുവിലെ റേക്കുകളുടെ എണ്ണം കൂട്ടുകയെന്നതാണ് റെയില്‍വെ പരിഗണിക്കുന്ന രണ്ടാമത്തെ നിര്‍ദേശം. എന്നാല്‍ അധികമായി റേക്കുകള്‍ കൊണ്ടുവരുന്നതും  സാമ്പത്തികഭാരം സൃഷ്ടിക്കുമെന്നാണ് റെയില്‍വെ പറയുന്നത്. 12 റേക്കുളള മെമുവിനായി ഉപയോഗിക്കുന്നത് മൂന്നു പവര്‍ കാറുകളാണ്. പതിനാറ് റേക്കുകള്‍ മെമുവില്‍ ഏര്‍പ്പെടുത്തിയാല്‍ പവര്‍ കാറുകളുടെ എണ്ണം നാലായി ഉയര്‍ത്തേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ല എന്ന നിലപാടിലാണ് റെയില്‍വെ.   അധിക ചെലവിനൊപ്പം പരിപാലത്തിനായി കൂടുതല്‍ ജീവനക്കാരെ  നിയോഗിക്കേണ്ടി വരുമെന്ന  പ്രശ്നവും റെയില്‍വേ ചൂണ്ടിക്കാട്ടുന്നു. 

മെമുവില്‍ നിന്ന് വീണ്ടും പാസഞ്ചറിലേക്ക്

12 റേക്കുളള മെമുവിനെ പൂര്‍ണമായി ഒഴിവാക്കി 16 കോച്ചുളള പാസഞ്ചര്‍ ട്രയിന്‍ തിരികെ കൊണ്ടുവരികയെന്നതാണ്  പരിഗണിക്കപ്പെടുന്ന മൂന്നാമത്തെ സാധ്യത . 16 കോച്ചുളള ട്രയിന്‍ എത്തുന്നതോടെ മുഴുവന്‍ യാത്രക്കാരെയും ഉള്‍ക്കൊളളാനാകുമെന്നതാണ് പ്രധാന നേട്ടം. പ്രശ്നത്തില്‍ ഇടപെട്ട എംപിമാര്‍ക്കു മുന്നിലും റെയില്‍വെ മുന്നോട്ടു വച്ച പ്രധാന പരിഹാര നിര്‍ദേശം പാസഞ്ചറിലേക്കുളള തിരിച്ചു പോക്കാണ് . എന്നാല്‍ രാജ്യവ്യാപകമായി പാസഞ്ചര്‍ ട്രയിനുകള്‍ ഒഴിവാക്കി മെമുവിലേക്ക് മാറാനുളള നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ എറണാകുളം പാതയില്‍ മാത്രമായി പാസഞ്ചര്‍ ട്രയിന്‍ തിരികെ കൊണ്ടുവരാനുളള അനുമതി ഉന്നതരില്‍ നിന്ന് കിട്ടുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. 

എന്നാല്‍ പാസഞ്ചറിലേക്ക് തിരിച്ചു പോകുകയാണെങ്കില്‍ സമയക്ലിപ്തത റെയില്‍വെ ഉറപ്പാക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...