"വേദനയും ക്ലേശവും നിറഞ്ഞ ഭൂതകാലം, മറന്ന് മുന്നേറണം"; മെത്രാന്‍മാര്‍ക്ക് ഹൃദൃമായ യാത്രയയപ്പ്

bishop
SHARE

എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്ന് സ്ഥലംമാറി പോകുന്ന മെത്രാന്‍മാര്‍ക്ക് ഹൃദ്യമായ യാത്രയയപ്പ്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സാന്നിധ്യത്തില്‍ അല്‍മായരും സന്യസ്തരും അടക്കം വിശ്വാസസമൂഹം സെന്റ് മേരീസ് ബസിലിക്കയില്‍ ഒത്തുചേര്‍ന്ന് ആയിരുന്നു പരിപാടി. സഭയെ ബാധിച്ച വിവാദ വിഷയങ്ങളെക്കുറിച്ചൊന്നും ആരും അഭിപ്രായ പ്രകടനമൊന്നും നടത്തിയില്ല. 

ഭൂമി വിവാദവും വ്യാജരേഖാ കേസുമെല്ലാം സീറോ മലബാർസഭയെ പിടിച്ചുലച്ചപ്പോള്‍ വത്തിക്കാന്റെ ഇടപെടലോടെ നിയമിതനായ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, വിഷമകാലത്തെല്ലാം സഹായമെത്രാന്മാരുടെ ചുമതല വഹിച്ച സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ക്കാണ് യാത്രയപ്പ് നല്‍കിയത്. വിവാദങ്ങളില്‍ തീരുമാനമെടുക്കാന്‍ കൂടിയ മെത്രാന്മാരുടെ സിനഡ് ആണ് സ്ഥലംമാറ്റവും ഭരണപരിഷ്കാര നടപടികളും നിര്‍ദേശിച്ചത്. സ്ഥാനാരോഹണം നേരത്തെ നടന്നെങ്കിലും അതിരൂപത യാത്രയയപ്പ് നൽകിയത് ഇപ്പോഴാണ്. വിവാദങ്ങളെയൊന്നും പരാമര്‍ശിക്കാതെ സരസമായി സംസാരിച്ച കർദിനാൾ മൂവർക്കും ആശംസകൾ നേർന്നു.  

വിവാദങ്ങളില്‍ രണ്ടുപക്ഷത്തെന്ന പ്രതീതി ഉണ്ടായിരുന്നെങ്കിലും സ്ഥലംമാറി പോകുന്ന മെത്രാന്മാര്‍ എല്ലാവരും കർദിനാളിന് നന്ദി അറിയിച്ചു. വേദനയും ക്ലേശവും നിറഞ്ഞ ഭൂതകാലം സഭയ്ക്ക് ഉണ്ടായിരുന്നുവെന്നും അതു മറന്നു മുന്നേറണമെന്നു മറുപടി പ്രസംഗം നടത്തിയ മാണ്ട്യ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യൻ എടയന്ത്രത്തു പറഞ്ഞു. സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ കൃതജ്ഞതാബലിയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. എറണാകുളം  അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരി മാര്‍ ആന്‍റണി കരിയില്‍ അടക്കമുള്ളവരും പങ്കെടുത്തു

MORE IN KERALA
SHOW MORE
Loading...
Loading...