കെപിസിസി പുനസംഘടന പട്ടിക കൈമാറും; അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്‍റേത്

kpcc
SHARE

കെ.പി.സി.സിയുടെ പുതിയ ഭാരവാഹിപട്ടിക മറ്റന്നാള്‍ ഹൈക്കമാന്‍ഡിന് കൈമാറും. ഇത് സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്താന്‍ കെ.പി.സി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും നാളെ വൈകിട്ട് ഡല്‍ഹിക്ക് പോകും. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തണോ വൈസ് പ്രസിഡന്റ് സ്ഥാനം തിരികെ കൊണ്ടുവരണോയെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡായിരിക്കും അന്തിമ തീരുമാനമെടുക്കുക. 

പതിനഞ്ച് വീതം ജനറല്‍ സെക്രട്ടറിമാരുടേയും 25 വീതം സെക്രട്ടറിമാരുടേയും പട്ടികയാണ് ഗ്രൂപ്പ് നേതൃത്വങ്ങള്‍ മുല്ലപ്പള്ളിക്ക് കൈമാറിയത്. ജംബോ പട്ടിക വേണ്ടെന്നായിരുന്നു രാഷ്ട്രീയകാര്യസമിതിയുടെ പൊതുതീരുമാനമെങ്കിലും ഗ്രൂപ്പ് നേതാക്കളുടെ സമര്‍ദത്തിന് മുന്നില്‍ കെ.പി.സി.സി പ്രസിഡന്റ് വഴങ്ങി. ഒരാള്‍ക്ക് ഒരു പദവിയെന്ന വാദവും ഉപേക്ഷിച്ചു. െഎ ഗ്രൂപ്പ് നല്‍കിയ പട്ടികയില്‍ വി.ഡി സതീശന്‍ അടക്കം നാലുപേര്‍ ജനപ്രതിനിധികളാണ്. എ ഗ്രൂപ്പില്‍ നിന്ന് ജനപ്രതിനിധികളാരും ഇല്ലെന്നാണ് സൂചന. സെക്രട്ടറിമാരില്‍ ഇരുപക്ഷത്തും പത്തുപേര്‍വീതം പുതുമുഖങ്ങളുണ്ട്. 

വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തണോയെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡാണ് അന്തിമ തീരുമാനം പറയേണ്ടത്. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ കെ.സുധാകരനും കൊടിക്കുന്നില്‍ സുരേഷിനും താല്‍പര്യമില്ല.  ജംബോ പട്ടികയ്ക്കും ഒരാള്‍ക്ക് ഒരു പദവി തത്വം പാലിക്കാത്തതിലും ഇരു ഗ്രൂപ്പുകളിലും പെടാത്ത നേതാക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. സോണിയഗാന്ധിയുമായി രാവിലെ ചര്‍ച്ച നടത്തിയ കെ.മുരളീധരന്‍ എം.പി ഇതടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയതായാണ് സൂചന. 

ജനപ്രതിനിധികളെ ഭാരവാഹികളാക്കിയാല്‍ പലതും പരസ്യമായി വിളിച്ചുപറയുമെന്ന് പി.ജെ കുര്യന്‍ കഴിഞ്ഞ രാഷ്ട്രീയകാര്യസമിതിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വി.എം സുധീരനടക്കമുള്ള നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...