10 മാസം ശമ്പളം മുടങ്ങി; ഒാഫിസ് വൃത്തിയാക്കിയ ശേഷം ആത്മഹത്യ; കണ്ണീർ

bsnl-suicide
SHARE

‘ജീവിതം വല്ലാത്ത ബുദ്ധിമുട്ടിലാണ്. പത്തുമാസമായി ശമ്പളം കിട്ടിയിട്ട്. മക്കളുടെ പഠനം, വീട്ടുചെലവ്.. എത്രനാൾ ഇങ്ങനെ പോകുമെന്ന് അറിയില്ല..’ പലപ്പോഴും രാമകൃഷ്ണൻ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറയാറുണ്ടായിരുന്നു. എന്നാൽ ഇന്ന് അദ്ദേഹം ജീവനൊടുക്കി. നിലമ്പൂരിൽ ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ചിലാണ് രാമകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വരുമാനം ഇല്ലാത്തതിനാൽ കിലോമീറ്ററുകൾ നടന്നാണ് രാമകൃഷ്ണൻ ഓഫിസിൽ പോയിരുന്നതെന്ന് ബന്ധു സുന്ദരൻ പറയുന്നു. ‘ശമ്പളം കിട്ടാതിരുന്നതു മാത്രമല്ല, ജോലി ആഴ്ചയിൽ രണ്ടു ദിവസമായി വെട്ടിച്ചുരുക്കിയത് കഴിഞ്ഞ ദിവസം അദ്ദേഹം അറിഞ്ഞിരുന്നു. ഇതോടെ മാനസികമായി വല്ലാതെ തളർന്ന അവസ്ഥയിലായിരുന്നു.

ശമ്പളം മുടങ്ങിയപ്പോൾ മുതൽ വലിയ ടെൻഷനിലായിരുന്നു അദ്ദേഹം. അംഗപരിമിതനായിരുന്ന രാമകൃഷ്ണന് ആ ക്വാട്ടയിൽ കിട്ടിയതാണ് ജോലി. ഒരു കൈക്കു സ്വാധീനമില്ലാത്തതിനാൽ വേറെ എന്തെങ്കിലും ജോലി ചെയ്യാനും കഴിയില്ല. ശമ്പളം കിട്ടിയിട്ട് പത്തു മാസമായി. വലിയ ബുദ്ധിമുട്ടിലായിരുന്നു അവർ‍. മക്കൾ പഠിക്കുകയാണ്. ഇനി അവരുടെ കാര്യങ്ങൾ ആകെ പ്രശ്നത്തിലാകും. ഇന്നു രാവിലെ പതിവുപോലെ ഓഫിസിലേക്കു പോയതാണ് അദ്ദേഹം. ഓഫിസിൽ ആളില്ലാതിരുന്ന സമയത്ത് അവിടം വൃത്തിയാക്കിയ ശേഷമാണ് തൂങ്ങിമരിച്ചത്’. 

രാവിലെ ഒമ്പതു മണിയോടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് രാമകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, രാമകൃഷ്ണന്റെ മരണത്തെത്തുടർന്ന് വലിയ പ്രതിഷേധമാണ് നിലമ്പൂരിൽ ഉയർന്നത്. സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ രംഗത്തെത്തിയതോടെ നാട്ടുകാരും പ്രതിഷേധിച്ചു. ഉയർന്ന ഉദ്യോഗസ്ഥർ എത്തിയിട്ടു മാത്രമേ മൃതദേഹം മാറ്റാവൂ എന്ന് ആവശ്യം ഉയർന്നതോടെ ഡിജിഎം ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി. തുടർന്ന്, രാമകൃഷ്ണന്റെ കുടുംബത്തെ സഹായിക്കാൻ ജില്ലയിലെ ബിഎസ്എൻഎൽ ജീവനക്കാർ ഒരു നിധി രൂപീകരിക്കുമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ബിഎസ്എൻഎല്ലിനോട് ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥർ ഉറപ്പു നൽകി. 

കേന്ദ്രസർക്കാരിന്റെ തൊഴിലാളി നയങ്ങളുടെ ഇരയാണ് രാമകൃഷണനെന്നും സർക്കാർ നയങ്ങൾ അദ്ദേഹത്തെ മരണത്തിലേക്കു തള്ളിവിടുകയായിരുന്നെന്നും തൊഴിലാളി സംഘടനാ നേതാക്കൾ കുറ്റപ്പെടുത്തി. സർക്കാരിന്റെ തൊഴിൽ നയം തിരുത്താൻ നടപടിയുണ്ടാകണം. ഈ സംഭവം അതിനുള്ള പ്രേരണയാകണം. ഡ്യൂട്ടിയിൽ ഇരിക്കെ മരിച്ചതുകൊണ്ട് അതിന്റെ ആനുകൂല്യങ്ങൾ അദ്ദേഹത്തിനു നൽകണം. ശമ്പളം കിട്ടാത്ത ഒരുപാടു പേർ ഇതിനെക്കാൾ ദുരിത സാഹചര്യത്തിലാണ് ജീവിക്കുന്നത്. അതിനെ പ്രതിരോധിക്കാൻ നടപടിയുണ്ടാകണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...