ഉറ്റസുഹൃത്തായ ആ യുവതി ആര് ? എവിടെ ? വെളിപ്പെടുത്താതെ ജോളി

jolly-campus
SHARE

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിന് എൻഐടി (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) പരിസരം കേന്ദ്രീകരിച്ച് വസ്തു ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ജോളി തയാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ട സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ.മനോജിനെ ജോളി പരിചയപ്പെട്ടത് വസ്തു ഇടപാടു വഴിയാണ്.

എൻഐടി പരിസരത്തെ ഭൂമി വാങ്ങുന്നതിന് അഡ്വാൻസ് നൽകുന്നതിനായാണ് ജോളി ഒരു ലക്ഷം രൂപ കൈമാറിയത്. രണ്ടു ചെക്കുകളായാണു പണം നൽകിയത്. കച്ചവടം മുടങ്ങിയെങ്കിലും മനോജ് പണം തിരിച്ചുനൽകിയില്ല. ഇതോടെ ഇരുവരും തമ്മിൽ തെറ്റി. പല തവണ ആവശ്യപ്പെട്ടതോടെ മനോജ് ചെറിയ തുകകളായി മടക്കി നൽകി.

എൻഐടിക്കു സമീപം കട്ടാങ്ങൽ ജംക്‌ഷനിലെ പെട്ടിക്കടയിലാണു മനോജ് പണം ഏൽപിച്ചത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കട്ടാങ്ങലിൽ വാഹനം നിർത്തിയപ്പോൾ ഈ കട ജോളി പൊലീസിനു കാണിച്ചുകൊടുത്തിരുന്നു. കടയുടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ജോളിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ പിന്നാലെ സഞ്ചരിച്ചതോടെയാണു കോൺഗ്രസ് പ്രവർത്തകനായ മണ്ണിലിടത്തിൽ രാമകൃഷ്ണന്റെ വസ്തുക്കച്ചവടവും പിന്നാലെയുള്ള മരണവും പൊലീസിന്റെ ശ്രദ്ധയിലെത്തിയത്.

സുഹൃത്തായ യുവതിക്കായി തിരച്ചിൽ

ജോളി ജോസഫുമായി ഉറ്റ സൗഹൃദമുണ്ടായിരുന്ന യുവതിയെ പൊലീസ് തിരയുന്നു. എൻഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന യുവതിയെ ചോദ്യം ചെയ്താൽ ജോളിയുടെ എൻഐടി ജീവിതത്തിന്റെ ചുരുളഴിക്കാൻ കഴിയുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. ജോളിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങളാണു പൊലീസിനു ലഭിച്ചത്. എന്നാൽ യുവതിയെക്കുറിച്ചുള്ള ഒരു വിവരവും നൽകാൻ ജോളി തയാറായിട്ടില്ല.

തയ്യൽക്കട ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈ വർഷം മാർച്ചിൽ എൻഐടിയിൽ നടന്ന രാഗം കലോൽസവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എൻഐടി തിരിച്ചറിയൽ കാർഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോൽസവവേദിയിൽ നിൽക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ച കൂട്ടത്തിലുണ്ട്.

എൻഐടി പരിസരത്തെ ബ്യൂട്ടി പാർലർ ഉടമ സുലേഖ, റവന്യു വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ്. വാരിയർ എന്നിവരാണു ജോളിയുടെ അടുത്ത സുഹൃത്തുക്കളെന്നായിരുന്നു ആദ്യഘട്ട അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. അറസ്റ്റിനു ശേഷം മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണു യുവതിയുമൊത്തുള്ള ചിത്രങ്ങൾ ലഭിച്ചത്.

പ്രതിക്കൂട്ടിൽ ജോളിക്ക് മൗനം

പ്രതിക്കൂട്ടിൽ കയറിനിന്ന ജോളിയോടും കൂട്ടുപ്രതികളോടും കോടതി ആവർത്തിച്ചു ചോദിച്ചു: പൊലീസ് കസ്റ്റഡിയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? സങ്കോചത്തോടെ അൽപനേരം നോക്കിനിന്ന് ജോളി ഇല്ലെന്നു തലയാട്ടി. ഉണ്ടെങ്കിൽ തുറന്നു പറയൂ എന്ന ചോദ്യത്തിനും മൗനം. പിന്നിൽനിന്ന മൂവരോടും കൈകാട്ടി മുന്നിലേക്കു വരാൻ ആവശ്യപ്പെട്ട മജിസ്ട്രേട്ട് എം.അബ്ദുൽ റഹീം ഒരിക്കൽക്കൂടി ചോദിച്ചിട്ടും ഒന്നും പറയാനില്ല. ഒടുവിൽ അഭിഭാഷകൻ ജോളിയെ അടുത്തു കിട്ടിയപ്പോൾ ചോദിച്ചത് ക്ഷീണിതയാണെന്നു പറഞ്ഞുകൂടായിരുന്നോ എന്നാണ്. 

കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് പ്രതികളെ കാണാൻ അഭിഭാഷകർക്ക് സാധിച്ചിരുന്നില്ല. ജോളിക്കുവേണ്ടി 8 കാരണങ്ങൾ ഉന്നയിച്ച് അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും പിന്നീടു പരിഗണിക്കാനായി മാറ്റി. 

ജോളിയും കൂട്ടരും ഇപ്പോഴും പലതും മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതു കേസിലെ കണ്ണികൾ കോർത്തിണക്കാൻ തടസ്സമാകുന്നുവെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എൻഐടി അധ്യാപികയെന്നു നടിച്ചിരുന്ന ജോളിയുടെ റേഷൻ കാർഡിൽപോലും തൊഴിലായി അധ്യാപിക എന്നാണുള്ളത്. ഇതേക്കുറിച്ച് താലൂക്ക് സപ്ലൈ ഓഫിസിൽ അന്വേഷണം നടത്താനുണ്ട്. മൂന്നാം പ്രതി സ്വർണപ്പണിക്കാരൻ പ്രജികുമാറിനോട് 10 മിനിറ്റ് സംസാരിക്കാൻ ഭാര്യ ശരണ്യ കോടതിയുടെ അനുമതി തേടിയിരുന്നു. ഇത് അനുവദിച്ചു. 

മറ്റു കേസുകളിലും അറസ്റ്റിനു സാധ്യത

പൊന്നാമറ്റം റോയ് കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ 5ന് അറസ്റ്റിലായ പ്രതികളെ സാങ്കേതികമായി റിമാൻഡ് കാലാവധിയായ19 വരെ മാത്രമേ അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ ആവശ്യപ്പെടാനാകൂ. ഇതിനാലാണ് 3 ദിവസത്തെ കസ്റ്റഡി ചോദിച്ചത്. വീണ്ടും വിട്ടുകിട്ടണമെങ്കിൽ പുതുതായി റജിസ്റ്റർ ചെയ്ത 5 കേസുകളിൽ ഏതിലെങ്കിലും അറസ്റ്റ് രേഖപ്പെടുത്തണം. ഇതിനുള്ള നീക്കം അന്വേഷണസംഘം തുടങ്ങിയിട്ടുണ്ട്. ടോം തോമസ്, അന്നമ്മ, മാത്യു, ആൽഫൈൻ എന്നിവരുടെ മരണത്തിൽ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലും സിലിയുടെ മരണത്തിൽ താമരശ്ശേരി സ്റ്റേഷനിലുമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുള്ളത്. 

കടപ്പാട് : ജിതിൻ ജോസ്

MORE IN KERALA
SHOW MORE
Loading...
Loading...