ഇ‌‌‌‌ടുക്കിയിലെ പേടിപ്പിക്കും കഥകള്‍; ചാണകം എറിയുന്ന പ്രേതം: റോഡിലെ യുവതി

hayder
SHARE

മൂന്നാർ - പിരിച്ചെഴുതുകയാണെങ്കിൽ മൂന്ന് ആറുകൾ അഥവാ 666. ഇതു സാത്താൻസേവക്കാരുടെ ഇഷ്ടനമ്പറാണു പോലും. തേയിലത്തോട്ടങ്ങളിൽ ബ്രിട്ടിഷ് കങ്കാണിമാർ തലവെട്ടു നടത്തിയ സ്ഥലമാണത്രേ മൂന്നാർ. പള്ളി പണിയുന്നതിനു മുൻപേ സെമിത്തേരി ഉണ്ടായ പട്ടണമാണു മൂന്നാർ. വെള്ളക്കാരുടെ ഒട്ടേറെ ശവകുടീരങ്ങളുള്ള മൂന്നാർ ഒരുകാലത്ത് ഇന്ത്യയിലെ മിനി സ്കോട്‌ലാൻഡായിരുന്നു. ചരിത്രവും മിത്തും ഇടകലർന്ന മൂന്നാറിന്റെ ഈ അപൂർവതകളെ കൂട്ടുപിടിച്ചാണ് ഈ കെട്ടിടത്തെക്കുറിച്ചു ചിലർ നിറംപിടിപ്പിച്ച കഥകൾ പ്രചരിപ്പിക്കുന്നത്.മൂന്നാറിലെ തേയിലത്തോട്ടങ്ങൾ ബ്രിട്ടിഷുകാരുടെ അധീനതയിലായിരുന്ന കാലത്ത്, 1902 ലാണ് കെട്ടിടത്തിന്റെ നിർമാണം.

മൂന്നാറിലെ ആദ്യദേവാലയമായ സിഎസ്ഐ പള്ളി ഉണ്ടാകുന്നതിനും എട്ടുവർഷം മുൻപ്. അക്കാലത്ത് ബ്രിട്ടിഷുകാർ ആരാധന നടത്തിയിരുന്നത് ഈ കെട്ടിടത്തിലാണെന്നു പറയപ്പെടുന്നു. സിഎസ്ഐ പള്ളി വന്നിട്ടും ചില സായിപ്പന്മാർ വെള്ളിയാഴ്ച തോറും ലോഡ്ജ് ഹെദറിൽ ആരാധനയും പ്രാർഥനായോഗങ്ങളും തുടർന്നുപോന്നു. 1924ലെ വെള്ളപ്പൊക്കത്തിൽ പഴയ മൂന്നാർ പൂർണമായി ഒലിച്ചുപോയിട്ടും, പുഴയോരത്തു തന്നെയുള്ള ഈ കെട്ടിടത്തിന് ഒരു പോറലുപോലും പറ്റിയില്ല. ലോഡ്ജ് ഹെദറിനെക്കുറിച്ച് അമാനുഷിക കഥകളിറങ്ങാൻ വേറെവല്ലതും വേണോ? മൂന്നാറിലെത്തിയ സഞ്ചാരികളുടെ ബ്ലോഗുകളിലും ലോഡ്ജിനെക്കുറിച്ചുള്ള ദുരൂഹ വിവരണങ്ങൾ ഒട്ടേറെ;

ചുമ്മാ ആളുകളെ പേടിപ്പിക്കാൻ!തൊട്ടടുത്തുള്ള കാട്ടുവഴിയിലൂടെ നേരെനോക്കി മാത്രം നടന്നാൽ അത്ര പെട്ടെന്നൊന്നും ആരുടെയും കണ്ണിൽപെടില്ല, ലോഡ്ജ് ഹെദർ. എന്നാൽ, ലോഡ്ജിന്റെ ഏതുഭാഗത്തു നിന്നാലും പഴയ മൂന്നാറിന്റെ ഓരോ മുക്കും മൂലയും കൃത്യമായി നിരീക്ഷിക്കാം. കെട്ടിടത്തിനു സാമാന്യം നല്ലൊരു ഓഡിറ്റോറിയത്തിന്റെ വലുപ്പമുണ്ട്. മുൻഭാഗമേതാ പിൻഭാഗമേതാ എന്നൊന്നും മനസ്സിലാകില്ല. ഒരു വാതിൽ മാത്രം. അതു വലിയൊരു താഴിട്ടു പൂട്ടിയിരിക്കുന്നു. ജനൽ ആണെന്നു തോന്നിക്കുന്ന രണ്ടു മരപ്പാളികൾ വാതിലിനടുത്തു കാണാം. ആകെയുള്ള ഒരേയൊരു വാതിൽ അകത്തുനിന്ന് അടച്ചുകഴിഞ്ഞാൽ പിന്നെ കാറ്റിനു പോലും കെട്ടിടത്തിനുള്ളിലേക്കു കയറാൻ ബുദ്ധിമുട്ടാണ്. വാതിലിനടുത്ത് ഒരു ചിഹ്നം വരച്ചുവച്ചിട്ടുണ്ട്.

idukki-lodge-hayder

രണ്ടു ചെടികൾക്കു നടുവിൽ ഒരു കൊമ്പനാന. ആനയുടെ മുകളിൽ ജ്യോമെട്രിക് ബോക്സിലെ ഡിവൈഡറും പ്രൊട്ടാക്ടറും. ഏറ്റവും താഴെ വിസ്ഡം, സ്ട്രെങ്ത്, ബ്യൂട്ടി എന്നു രേഖപ്പെടുത്തിയിരിക്കുന്നു.മൂന്നാറിൽ ബ്രിട്ടിഷുകാർ പണിത അതിപുരാതന കെട്ടിടങ്ങളിലൊന്നാണു ലോഡ്ജ് ഹെദർ. ഇപ്പോൾ കെഡിഎച്ച്പിയുടെ അധീനതയിലും. ഹൈറേഞ്ച് ക്ലബ്ബിനോടു ചേർന്നാണു ഹെദർ ലോഡ്ജ് സ്ഥിതി ചെയ്യുന്നത്. ഇടയ്ക്കിടെ ഈ കെട്ടിടം തുറന്ന് അറ്റകുറ്റപ്പണി നടത്താറുണ്ടെന്നും പ്രചരിക്കുന്ന കഥകളിലൊന്നും വസ്തുതയില്ലെന്നും നാട്ടുകാർ പറയുന്നു.

ബോഡിമെട്ട് ചുരത്തിൽ കെട്ടുകഥകളുടെ കൊടുങ്കാറ്റ്

കെട്ടുകഥകളുടെ കൊടുങ്കാറ്റു വീശുന്ന ബോഡിമെട്ട് ചുരം പാതയിൽ പഴകിയൊരു പ്രേതകഥ ഉണ്ട്. തമിഴ്നാടിന്റെ ഭാഗമായ ബിസ്കറ്റ് പാറയ്ക്കും മുന്തലിനും ഇടയിൽ ആണ് ആ പ്രേത കഥ വളർന്ന് വികസിച്ചത്. അർധ രാത്രിയിൽ ഈ വഴി വന്ന ചില വാഹനങ്ങൾ അപകടത്തിൽ പെട്ടതാണ് പ്രേതകഥയുടെ തുടക്കം. ഒരു പതിറ്റാണ്ട് മുൻപ് മുതൽ ഇവിടെ അപകടങ്ങൾ ഉണ്ടാകാറുണ്ട്. ഒരു നിമിഷം കൊണ്ട് ഇരു ചക്രവാഹനങ്ങൾ റോഡിൽ മറിഞ്ഞു വീഴും.

വാഹന അപകടത്തിൽ മരിച്ച ഏതോ ഒരു യാത്രക്കാരന്റെ പ്രേതത്തിന്റെ പണിയാണ് ഇതെന്ന് ഉള്ള കഥ പരന്നു. ഭയം അൽപം കൂടുതൽ ഉള്ളവർ അർധരാത്രി ഇതു വഴിയുള്ള യാത്ര ഉപേക്ഷിച്ചു. ഉച്ച സമയത്തും വാഹനങ്ങൾ മറിച്ചിടാൻ തുടങ്ങിയതോടെ ആണ് ആ പ്രേതത്തിന്റെ കഥ കഴിഞ്ഞത്. ചില സമയങ്ങളിൽ ഈ സ്ഥലത്തു വീശുന്ന കാറ്റാണ് വാഹനങ്ങളെ തലകുത്തി മറിച്ചത്. ചെറിയ ഗിയറിൽ കുറഞ്ഞ വേഗതയിൽ പോകുന്ന ഇരുചക്രവാഹനങ്ങൾക്ക് ഒരു കുഴപ്പവും സംഭവിച്ചില്ല. കൊടുങ്കാറ്റു വീശുന്ന സമയത്ത് വളരെ പതുക്കെ ആണ് ഇപ്പോൾ യാത്രക്കാർ ഈ വഴി സഞ്ചരിക്കുന്നത്.

തൊടുപുഴയിലെ പ്രേതപ്പേടി

തൊടുപുഴ മേഖലയിലും യക്ഷി, പ്രേത കഥകൾ നേരത്തെ ഉണ്ടായിരുന്നു. തൊടുപുഴ – ഇടുക്കി റോഡിൽ മലങ്കര കുപ്പിവെള്ള ഫാക്ടറിക്ക് സമീപം ഉള്ള പാലത്തിൽ നേരത്തെ പ്രേതങ്ങളുടെ ഉപദ്രവം ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് ഇവിടെയുള്ള പാലത്തിൽ നിന്നു ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് ഏതാനും പേർ മരിച്ചിരുന്നു. പിന്നീട് പാതി രാത്രിക്ക് ശേഷം ഇതുവഴി സഞ്ചരിക്കുന്നവർ പ്രേതങ്ങളുടെ സാന്നിധ്യം കാണാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.

ഇവിടെ ഏതാനും വർഷം മുൻപ് കുപ്പി വെള്ള ഫാക്ടറി വരുന്നതിന് മുൻപ് ഒറ്റയ്ക്ക് വാഹനങ്ങളിൽ പോകുന്നവർ പാലത്തിലൂടെ നടന്നു നീങ്ങുന്ന വിരൂപരായ ആളുകളെ കണ്ടിട്ടുണ്ട് എന്നാണ് കരക്കമ്പി. നേരത്തെ പല അപകടങ്ങളും രാത്രി നടന്നത് പ്രേതങ്ങളുടെ ഉപദ്രവം ഉള്ളതിനാലാണ് എന്നാണ് പഴമക്കാരുടെ കഥ. അതിനാൽ രാത്രി ഇരുചക്ര വാഹനങ്ങളിലും മറ്റും ഒറ്റയ്ക്ക് സഞ്ചരിക്കാൻ പലർക്കും ഭയം ആയിരുന്നു. എന്നാൽ ഇപ്പോൾ ഇതൊന്നും പറഞ്ഞു കേൾക്കുന്നില്ല.

റോഡിലെ പ്രേതകഥ ( വെറും കെട്ടുകഥ)

കുമളി - മൂന്നാർ സംസ്ഥാന പാതയിൽ പാമ്പാടുംപാറക്കു സമീപം ഒരു കാലത്തു പ്രേതങ്ങളുടെ വിളയാട്ട കാലമായിരുന്നു. സംസ്ഥാന പാതയിലൂടെ എത്തുന്ന ചെറിയ വാഹനങ്ങൾ സ്ഥിരമായി വെള്ള സാരി ധരിച്ച യുവതി അർധ രാത്രിക്കു ശേഷം കൈക്കുഞ്ഞുമായി തടയും. ഓട്ടോറിക്ഷക്കാരെയും, ബൈക്കിൽ എത്തുന്നവരുമാണ് പ്രേതത്തിനു മുന്നിൽ പെട്ടിരുന്നത്. ഓട്ടോറിക്ഷക്കു കൈ കാണിക്കുന്ന യുവതി വാഹനം നിർത്തുന്നതോടെ പെട്ടെന്നു റോഡിൽ നിന്ന് അപ്രത്യക്ഷയാകും. വാഹനം നിർത്തിയാൽ യുവതി പിന്നിൽ കയറും.

ഡ്രൈവർ തിരിഞ്ഞു നോക്കുമ്പോൾ യുവതി കുഞ്ഞിന്റെ ചോര കുടിക്കുന്ന ദ്യശ്യമാണ് കാണുന്നത്. ശല്യം രൂക്ഷമായതോടെ ഒരു കാലത്തു രാത്രിയായാൽ വാഹനങ്ങൾ ഈ റോഡിലൂടെ സഞ്ചരിക്കാൻ ഭയപ്പെട്ടിരുന്നു. വാഹന തിരക്കേറിയതും, പൊലീസ് പരിശോധന ശക്തമാക്കിയതോടെയാണ് പ്രേതം സ്ഥലം കാലിയാക്കിയത്. കമ്പംമെട്ട് - കമ്പം അന്തർസംസ്ഥാന പാതയും പ്രേതങ്ങളുടെ ശല്യം രൂക്ഷമായിരുന്നു. വർഷങ്ങൾക്കു മുൻപു കാൽനട യാത്രക്കാരെ പ്രേതം ആക്രമിച്ചിരുന്നു. ആളുകളെ തള്ളിയിടുക ചാണകം എറിയുക എന്നതാണു പ്രേതത്തിന്റെ വിനോദം. വാഹന തിരക്കേറിയതോടെ റോഡിലെ പ്രേത ശല്യവും അവസാനിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...