നാട്ടുകാർക്ക് മുന്നിൽ അഗ്നിഗോളമായി ദേവിക; മിഥുൻ ചേച്ചിയെ ശല്യപ്പെടുത്തിയിരുന്നെന്ന് അനിയത്തി

വീടിനു തീ പിടിച്ചെന്നാണ് ഓടിക്കൂടിയ നാട്ടുകാർ ആദ്യം കരുതിയത്. വീടിന്റെ വരാന്തയിൽ എന്തോ ആളിക്കത്തുന്നതു കണ്ട് അടുത്തു ചെന്നു നോക്കിയപ്പോഴാണ് മനുഷ്യനാണെന്നു വ്യക്തമായത്. വീടിന്റെ അകത്തെ മുറിയിൽ തീ ഉയരുന്നതു കണ്ടവർ കയറി നോക്കിയപ്പോൾ അഗ്നിഗോളം പോലെ ദേവിക തലങ്ങും വിലങ്ങും ഓടുകയായിരുന്നു. പരിസരവാസികൾ വെള്ളം കോരി ഒഴിച്ചപ്പോഴേക്കും പെൺകുട്ടി തറയിൽ വീണു.

കത്തിക്കരിഞ്ഞു അനക്കമറ്റ നിലയിലായിരുന്നു. വരാന്തയിൽ കിടന്ന മിഥുൻ മരിച്ചിട്ടില്ലെന്നു ബോധ്യമായതോടെ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. അധികം വൈകാതെ മരിച്ചു. വരാന്തയും രണ്ടു മുറിയും അടുക്കളയും മാത്രമായി ഷീറ്റു മേഞ്ഞ വീട്ടിലാണ് സംഭവം. ഇതിൽ ഒരു മുറി പണി തീരാത്ത നിലയിലാണ്. വീടിനകത്തെ സാമഗ്രികൾ കത്തി നശിച്ചു. ദേവികയുടെ അമ്മ മോളി റവന്യു വകുപ്പിലെ താൽക്കാലിക ജീവനക്കാരിയാണ്.

ദേവികയ്ക്കൊപ്പം അമ്മ മോളിയെയും വക വരുത്താൻ മിഥുൻ ലക്ഷ്യമിട്ടിരുന്നു എന്ന് പൊലീസ് സംശയിക്കുന്നു. ബോധരഹിതയായ മോളിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വസ്ത്രം പെട്രോളിൽ കുതിർന്ന  നിലയിലായിരുന്നു. ദേവികയും പിതാവും മിഥുനുമായുണ്ടായ പിടിവലിക്ക് ഇടയിൽ ഇളയ മകൾ ദേവകിയോടൊപ്പം മോളി റോഡിലേക്ക് ഓടിയതിനാൽ ദേഹത്ത് തീ പിടിച്ചില്ല.

തനിക്കെതിരെ പൊലീസിൽ പരാതി നൽകാൻ പ്രേരിപ്പിച്ചതു മോളിയാണെന്ന സംശയം മിഥുന് ഉണ്ടാകാമെന്നാണ് അനുമാനം. ദേവികയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുന്നതു തടയാൻ ശ്രമിച്ചപ്പോൾ മോളിയുടെ ദേഹത്തു പെട്രോൾ വീഴാനുള്ള സാധ്യതയും പരിശോധിക്കുന്നു. വ്യക്തത വരുത്താൻ ഇവരുടെ മൊഴി രേഖപ്പെടുത്തണം. റോഡിൽ കിടന്നുരുണ്ട് അലമുറയിട്ടാണ് പരിസരവാസികളെ മോളി വിളിച്ചുണർത്തിയത്.

ഓടിവന്നത് അലമുറ കേട്ട്: റഹ്മത്ത് (സംഭവം നടന്ന വീട്ടിൽ ആദ്യം എത്തിയ സ്ത്രീ)

"അലമുറയിട്ടുള്ള കരച്ചിൽ കേട്ടാണ് ഓടി വന്നത്. മോളി ചേച്ചി (ദേവികയുടെ അമ്മ) റോഡിൽ കിടന്നുരുണ്ടു കരയുകയായിരുന്നു. വീട്ടിലേക്ക് നോക്കിയപ്പോൾ വരാന്തയിൽ കിടന്ന് ഒരാൾ കത്തുന്നു. അടുത്തു ചെന്നു നോക്കിയപ്പോൾ അകത്തെ മുറിയിൽ മറ്റൊരാൾ കത്തുന്നു. സ്ത്രീയോ പുരുഷനോ എന്നൊന്നും വ്യക്തമല്ലായിരുന്നു. അകത്തെ മുറിയിൽ നിന്നു കത്തുകയായിരുന്ന ആളുടെ ദേഹത്തേക്കു അടുത്ത വീട്ടിലെ ചേട്ടൻ വെള്ളമൊഴിച്ചപ്പോൾ താഴേക്കു വീണു. പിന്നീട് അനക്കമില്ലായിരുന്നു. ബോധരഹിതയായ മോളി ചേച്ചിയെ ആശുപത്രിയിലെത്തിച്ചു. ഒപ്പമുണ്ടായിരുന്ന അവരുടെ ഇളയ മകളാണ് ദേവികയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്ന ആളാണ് മിഥുനെന്നു പറഞ്ഞത്. "