വട്ടക്കോട്ടാ, പൈങ്ങാലോടി മേഖലയിൽ പെരുമ്പാമ്പ് ശല്യം

pathanamthitta-snake
SHARE

ജംക്‌ഷനു സമീപം വട്ടക്കോട്ടാ, പൈങ്ങാലോടി മാർത്തോമ്മാ പള്ളി ഭാഗങ്ങളിലുള്ളവർ പെരുമ്പാമ്പിന്റെ ശല്യം കാരണം പൊറുതി മുട്ടുന്നു. ഏതാനും മാസങ്ങളായി 4ൽ അധികം പെരുമ്പാമ്പുകളെയാണു ഇവിടങ്ങളിൽ നിന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടി വനംവകുപ്പിന് കൈമാറിയത്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് വട്ടക്കോട്ടാ നാഷനൽ ക്ലബ് റോഡിൽ പൈങ്ങാലോടി മാർത്തോമ്മാ പള്ളിക്ക് സമീപം വീണ്ടും പെരുമ്പാമ്പിനെ കണ്ടത്. രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്കു പോയ പാലമറ്റത്ത് ജോജി, ഐവി ദമ്പതികളാണ് പാമ്പിനെ കാണുന്നത്.

ഇവരുടെ നിലവിളി കേട്ട് ചുമട്ടുതൊഴിലാളിയായ സുരേന്ദ്രന്റെ നേതൃത്വത്തിൽ നാട്ടുകാരാണു ഓടിയെത്തി കുരുക്കിട്ടു പിടികൂടിയത്. 12 അടിയിൽ അധികം നീളമുള്ള പാമ്പിനെ രാത്രിയിൽ തന്നെ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ റാന്നി ഡിവിഷനിൽ നിന്ന് എത്തിയ ഉദ്യോഗസ്ഥർ കൊണ്ടുപോയി. മുൻപ് പുറമറ്റം റോഡിൽ രാത്രിയിൽ റോഡിൽ ഇറങ്ങിയ പെരുമ്പാമ്പിനെ കണ്ടാണ് വഴിയാത്രക്കാർ ഭയന്നത്. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഇതിനെയും പിടികൂടിയിരുന്നു.

പ്രളയം തന്നത്

കഴിഞ്ഞ പ്രളയത്തിൽ ഈ ഭാഗത്ത് വെള്ളം ഉയർന്നതിനു ശേഷമാണ് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായത്. കോയിപ്രം, പുറമറ്റം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇവിടം തരിശ് പാടമാണ്. വഴി വിളക്കുകളും കത്തുന്നില്ല. കാടുകയറി കിടക്കുന്ന ഈ ഭാഗത്തെ റോഡിൽ കൂടി സന്ധ്യ കഴിഞ്ഞാൽ ഇഴ ജന്തുക്കളുടെ ശല്യം കാരണം യാത്ര ചെയ്യാൻ തന്നെ ആളുകൾ മടിക്കുന്നു. ഇവിടങ്ങളിൽ വളർന്നു നിൽക്കുന്ന കാട് വെട്ടി തെളിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല.

ഇതിനിടെയാണ് പെരുമ്പാമ്പുകളുടെ ശല്യവും രൂക്ഷമായിരിക്കുന്നത്. ഈ ഭാഗത്ത് ഒട്ടേറെ പെരുമ്പാമ്പിൻ കുഞ്ഞുങ്ങളുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറയുന്നു. വനംവകുപ്പിന്റെ നേതൃത്വത്തിൽ വിശദമായ തിരച്ചിൽ നടത്തി പിടികൂടണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് നിവേദനം നൽകിയതായി കോൺഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ അറിയിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...