ഫ്ലാറ്റിലെ കായലിലേക്ക് തുറക്കുന്ന വാതിലുകൾ പൊളിച്ചെടുത്ത് ഉടമകൾ; ജനലുകളും കൊണ്ടുപോയി

flat-door-kochi
കൊച്ചിയിലെ ഫ്ലാറ്റുകളിലൊന്നിൽ നിന്നു‌ കായലോരത്തേക്ക് തുറക്കുന്ന ബാൽക്കണിയുടെ വാതിലുകൾ ഉടമകൾ തന്നെ പൊളിച്ചുകൊണ്ടു പോയപ്പോൾ. ഫ്ലാറ്റുകൾ ഒഴിയുന്നതിന്റെ ഭാഗമായി ഉള്ളിലെ വാതിലും ജനലും ഉൾപ്പടെ പലരും പൊളിച്ചു നീക്കിയിരുന്നു. ഇനിയും നിലനിൽക്കുന്ന വാതിലുകളും ചിത്രത്തിൽ കാണാം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ.
SHARE

സുപ്രീം കോടതി പൊളിക്കാന്‍ വിധിച്ച കൊച്ചിയിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്നും കായലോരത്തേക്ക് തുറക്കുന്ന ബാല്‍ക്കണിയുടെ വാതിലുകള്‍ ഉടമകള്‍ തന്നെ പൊളിച്ചുകൊണ്ടു പോയി. ഫ്ലാറ്റുകള്‍ ഒഴിയുന്നതിന്റെ ഭാഗമായി ഉള്ളിലെ വാതിലും ജനലും ഉള്‍പ്പടെ പലരും പൊളിച്ചു നീക്കിയിരുന്നു. അതേസമയം അപ്പാർട്മെന്റുകൾ സ്വന്തം പേരിലേക്കു മാറ്റാത്തതു മരടിലെ ഫ്ലാറ്റ് ഉടമകൾക്കു നഷ്ടപരിഹാരത്തിനു തടസ്സമായേക്കും. കൈവശാവകാശ രേഖയുള്ളതും നികുതി അടയ്ക്കുന്നതുമായ ഉടമകൾക്കു മാത്രമേ നഷ്ടപരിഹാരം നൽകാനാവൂവെന്നാണ് നഗര സഭയുടെ നിലപാട്. 

ഈ സാഹചര്യത്തിൽ സുപ്രീം കോടതി ഉത്തരവിട്ട നഷ്ടപരിഹാരമായ 25 ലക്ഷം രൂപ, റജിസ്ട്രേഷൻ പൂർത്തിയാക്കുകയും കൈവശാവകാശ രേഖകൾ ലഭിക്കുകയും ചെയ്ത ഉടമകൾക്കു മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ. മരടിൽ പൊളിച്ചു മാറ്റാൻ സുപ്രീം കോടതി നിർദേശിച്ച 4 ഫ്ലാറ്റ് സമുച്ചയങ്ങളിലായി 343 അപ്പാർട്മെന്റുകളാണുള്ളത്.

ഇതിൽ 17 എണ്ണം 2 അപ്പാർട്മെന്റുകൾ കൂട്ടിച്ചേർത്തതാണ്. ഇതനുസരിച്ച് ആകെ 326 ഫ്ലാറ്റ് ഉടമകളാണ് ഉണ്ടാവേണ്ടത്. എന്നാൽ, നഗരസഭാ രേഖകൾ പ്രകാരം 129 അപ്പാർട്മെന്റുകൾ മാത്രമേ യഥാർഥ ഉടമകളുടെ പേരിലുള്ളൂ. 197 എണ്ണം ഇപ്പോഴും ബിൽഡർമാരുടെ പേരിൽ തന്നെയാണ്. ബിൽഡർമാരുടെ പേരിലുള്ള ചില അപ്പാർട്മെന്റുകൾ വിൽപന നടക്കാത്തവയാണ്. അതേസമയം, ബിൽഡർമാരുമായി കരാർ എഴുതുകയും, പണം കൈമാറുകയും ചെയ്തിട്ടുണ്ടെങ്കിലും റജിസ്ട്രേഷൻ നടത്തുകയോ കൈവശാവകാശ രേഖകൾ ഉടമയുടെ പേരിലേക്കു മാറ്റുകയോ ചെയ്യാത്ത അപ്പാർട്മെന്റുകളുമുണ്ട്. ഈ അപ്പാർട്മെന്റുകൾക്ക് ഉടമകൾ നികുതി അടയ്ക്കുന്നതും ബിൽഡറുടെ പേരിലാണ്.

രേഖകളനുസരിച്ചു ബിൽഡർമാർ തന്നെയാണ് ഇപ്പോഴും ഉടമകളെന്നതിനാൽ ഇവർക്കു നഷ്ടപരിഹാരം നൽകാനാവില്ലെന്ന് നഗരസഭാ സെക്രട്ടറി ഇന്നലെ കൗൺസിൽ യോഗത്തെ അറിയിച്ചു. നഷ്ടപരിഹാരം ലഭിക്കാൻ ഇവർ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതിയെ സമീപിക്കേണ്ടി വരും. എന്നാൽ, തങ്ങൾ മുൻപു നഗരസഭയെ സമീപിച്ചിരുന്നെന്നും കോടതിയിൽ കേസ് ഉള്ളതിനാൽ കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നുമാണു ജീവനക്കാർ പറഞ്ഞതെന്നും ഉടമകൾ പറയുന്നു.

വിദേശ മലയാളികളായ പല ഉടമകളും റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ബിൽഡറെ തന്നെയാണ് ആശ്രയിച്ചിരുന്നത്. റജിസ്ട്രേഷനിൽ വില കുറച്ചു കാണിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തതു ബിൽഡർമാരാണെന്നും ഫ്ലാറ്റ് ഉടമകൾ പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...