മണ്ണിടിച്ചിലിൽ ഒരു മരണം; രേണു രാജ് മുന്നറിയിപ്പ് നൽകിയിരുന്നു; തെളിവായി റിപ്പോർട്ട്

renuraj-report
SHARE

മൂന്നാര്‍ ഗ്യാപ്പ് റോഡിലെ മണ്ണിടിച്ചിലില്‍ ഒരു ജീവന്‍ നഷ്ടമായപ്പോള്‍  മുന്‍ദേവികുളം സബ് കലക്ടര്‍ രേണു രാജിന്‍റെ  റിപ്പോര്‍ട്ട് സാധൂകരിക്കപ്പെടുകയാണ്. അനുവദനീയമല്ലാത്ത അളവില്‍ പ്രദേശത്ത് പാറഖനനം നടക്കുന്നുവെന്നും,  പാറപൊട്ടിച്ച് നീക്കുന്നതാണ് മലയിടിച്ചിലിന് കാരണമാകുന്നതെന്നും സബ്കലക്ടർ ഓഗസ്റ്റ് ഒന്നിന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഗ്യാപ്പ് റോഡില്‍ ആദ്യമലയിടിച്ചില്‍ ഉണ്ടായ ശേഷമായിരുന്നു അന്ന്  ദേവികുളം സബ്കലക്ടരായിരുന്ന രേണുരാജ്  സ്ഥലം സന്ദര്‍ശിച്ചത്. തുടര്‍ന്നാണ് പ്രദേശത്ത് അനുവദനീയമായ അളവില്‍ കൂടുതല്‍ പാറഖനനം നടക്കുന്നതായും ഇത് മലയിടിച്ചിലിനുള്ള കാരണമാണെന്നും റിപ്പോര്‍ട്ട് നല്‍കിയത്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിനേയും തേക്കടിയേയും ബന്ധിപ്പിക്കുന്ന ദേശിയപാതയുടെ വിസ്താരം മുമ്പുണ്ടായിരുന്നതിലും ഇരട്ടിയിലധികം വര്‍ധിപ്പിച്ചാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 

ഉഗ്രസ്‌ഫോടനങ്ങളിലൂടെ പാറപൊട്ടിക്കുമ്പോള്‍ മലനിരകള്‍ക്കാകെ ഉണ്ടാകുന്ന ഇളക്കം തുടരെതുടരെയുള്ള മലയിടിച്ചിലിന് കാരണമാകുന്നു. മല അരിഞ്ഞെടുത്തതിലൂടെ പാതയോരത്തുണ്ടായ തിട്ടകള്‍ക്ക് യാതൊരു ഉറപ്പുമില്ല. ഈ ഭാഗങ്ങളില്‍  സംരക്ഷണ ഭിത്തി കെട്ടണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മലയിടിച്ചിലിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചു. പ്രദേശത്തെ പരിസ്ഥിതി ദുര്‍ബലത കണക്കിലെടുത്ത് തുടര്‍നിര്‍മാണം നിജപ്പെടുത്തിയില്ലെങ്കില്‍ സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

MORE IN KERALA
SHOW MORE
Loading...
Loading...