കൂടുതൽ പേരെ കൊല്ലാൻ പദ്ധതി? ജോളിക്ക് ക്വട്ടേഷൻ സാധ്യതയും പൊലീസ് പരിശോധിക്കുന്നു

jolly-new-koodathai
SHARE

പൊന്നാമറ്റം കുടുംബത്തിലെ കൂടുതല്‍ പേരെ കൊല്ലാൻ ജോളി ശ്രമിച്ചതായി വെളിപ്പെടുത്തല്‍. കുടുംബത്തിലെ അഞ്ച് പേരാണ് വിവരം അന്വേഷണസംഘത്തിനോട് ഇക്കാര്യം പറഞ്ഞത്. ‌ജോളി വീട്ടിലെത്തി മടങ്ങിയ ശേഷം ഭക്ഷണം കഴിച്ചവർ ഛർദിച്ചിരുന്നുവെന്നും രക്തപരിശോധനയില്‍ വിഷം കണ്ടെത്തിയതായും ഇവർ പറഞ്ഞു. ഇവരെ കൊല്ലാൻ ജോളിക്ക് ക്വട്ടേഷൻ നൽകിയതാണോ എന്ന് സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ഇക്കാര്യം അന്വേഷണസംഘം പരിശോധിക്കുകയാണ്. 

സിലിയും കുഞ്ഞും മരിച്ച ശേഷമാണ് സംഭവം. ജോളി വീട്ടിലെത്തിയപ്പോൾ എല്ലാവരും ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായിരുന്നു. അധികം വൈകാതെ ജോളി മടങ്ങി. ഇതിന് പിന്നാലെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. രണ്ടുപേർക്ക് ഛർദിയുണ്ടായി. ഇതോടെ ബാക്കിയുള്ളവർ ഭക്ഷണം കഴിക്കുന്നത് നിർത്തി. തുടർന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ രക്തത്തിൽ വിഷാംശം കണ്ടെത്തി. ഈ റിപ്പോർട്ടുകൾ ബന്ധുക്കളുടെ പക്കലുണ്ട്. 

ഭക്ഷ്യവിഷബാധയാകാം എന്നായിരുന്നു അപ്പോൾ കരുതിയത്. ഇപ്പോൾ ജോളി അറസ്റ്റിലായതോടെയാണ് സംഭവത്തെ ഗൗരവത്തോടെ എല്ലാവരും കാണുന്നത്. ഇതോടെ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. ജോളിക്ക് വിഷം നൽകി കൊലപ്പെടുത്താൻ അറിയാവുന്ന ആരെങ്കിലും ക്വട്ടേഷൻ നൽകിയതാണോയെന്ന് സംശയിക്കുന്നതായും ഇവർ പറയുന്നു. 

അതേസമയം പൊന്നാമറ്റം കുടുംബത്തിൽ ദുരൂഹമായി രണ്ട് മരണങ്ങൾ കൂടി ഉണ്ടായതായി വെളിപ്പെടുത്തൽ. മരിച്ച  ടോം തോമസിന്റെ സഹോദര പുത്രന്മാരായ സുനീഷ്, ഉണ്ണി എന്ന വിൻസെന്റ് എന്നിവരുടെ മരണത്തിന് പിന്നിലും ജോളിക്ക് പങ്കുണ്ടെന്നാണ് സംശയം. 2002  ആഗസ്റ്റ് 24നാണ്  വിൻസെന്റിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

 2008 ജനുവരി 17 ന് രണ്ടാമത്തെ സഹോദരൻ ഡൊമിനിക്കിന്റെ മകൻ സുനീഷിനും ജീവൻ നഷ്ടമായി. ഇത് ബൈക്ക് അപകടമായിരുന്നു. വിൻസന്റിനും സുനീഷിനും ജോളിയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി സുനീഷിന്റെ അമ്മ എൽസമ്മയാണ് വെളിപ്പെടുത്തിയത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും എൽസമ്മ ആവശ്യപ്പെടുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...