തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി; സമയബന്ധിതപദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്

road
SHARE

കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് സമയബന്ധിതപദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്. ബജറ്റ് വിഹിതമുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബര്‍ 31ന് മുമ്പും കിഫ്ബി റോഡുകളുടേത് ഏപ്രിലിനകവും പൂര്‍ത്തിയാക്കണം. ഒക്ടോബര്‍ 31നകം എല്ലാറോഡും കുഴിയടച്ച് സഞ്ചാരയോഗ്യമാക്കാനാണ് നിര്‍ദേശം.

നാടുനീളെ തകര്‍ന്നുകിടക്കുന്ന റോഡുകളുടെ പേരില്‍ ജനരോഷമുയരുന്ന സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പ് കര്‍മപദ്ധതി തയ്യാറാക്കിയത്. ഒട്ടുംഗതാഗത യോഗ്യമല്ലാത്ത റോഡുകള്‍ കുഴിയടച്ച് അടുത്തമാസം 31ന് മുമ്പ് ഗതാഗതയോഗ്യമാക്കണം. ഇതിനായി 30 കോടിരൂപ കൈമാറിക്കഴിഞ്ഞു. ഇനിയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ട റോഡുകളുടെ കാര്യത്തില്‍ ഏഴുദിവസത്തിനകം ടെന്‍ഡര്‍ നടപടിപൂര്‍ത്തിയാക്കി പണി തുടങ്ങും. മഴമൂലം നിര്‍ത്തിവച്ച കുഴിയടക്കല്‍ ജോലികളും അടുത്തമാസത്തിനകം പൂര്‍ത്തിയാക്കണം. തുലാവര്‍ഷം തുടങ്ങുന്നതിന് മുമ്പ് 20 ദിവസമെങ്കിലും അറ്റകുറ്റപ്പണിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. മഴമൂലം മുടങ്ങിക്കിടന്ന, ബജറ്റ് വിഹിതം ഉപയോഗിച്ച് നടത്തുന്ന ജോലികള്‍ ഡിസംബര്‍ 31നകം തീര്‍ക്കണം. നവംബര്‍ 30നകം തീര്‍ക്കേണ്ടിയിരുന്ന കിഫ്ബി വഴിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തീര്‍ക്കാന്‍ അടുത്ത ഏപ്രില്‍ 30 വരെ സമയം നല്‍കി. മഴയ്ക്ക് പുറമെ, ക്വാറികള്‍ പ്രവര്‍ത്തിക്കാത്തതുമൂലമുള്ള മെറ്റില്‍, പാറപ്പൊടി ക്ഷാമവും ഏപ്രില്‍ വരെ സമയം നീട്ടി നല്‍കാന്‍ കാരണമായെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. അസംസ്കൃതവസ്തുക്കളുടെ ദൗര്‍ലഭ്യം ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തെ ബാധിക്കില്ലെന്നാണ് പ്രതീക്ഷ. അടിയന്തര അറ്റകുറ്റപ്പണിക്കായി റോഡുകളുടെ മുന്‍ഗണനാക്രമം നിശ്ചയിച്ച് അറിയിക്കണമെന്ന് നേരത്തെ പൊതുമരാമത്ത് മന്ത്രി എം.എല്‍.എമാരോട് ആവശ്യപ്പെട്ടിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...