മറന്നുവെച്ച ടിക്കറ്റിന് 2 കോടി ബംപര്‍ അടിച്ച കഥ; ഒപ്പം മറ്റുചില ‘ഭാഗ്യ’വിശേഷങ്ങളും

pathanamthitta-lottery
ഫയൽ ചിത്രം
SHARE

2010 ൽ വിഷു ബംപർ ലോട്ടറി രണ്ടു കോടി രൂപയും ഇന്നോവ കാറും നേടിയ ഭാഗ്യവാൻ ഇപ്പോൾ ഇടുക്കി ജില്ലയിലുണ്ട്. മൂലമറ്റത്ത് താമസിക്കുന്ന എം.കെ.മനോജ് ഭാഗ്യം തേടിയെത്തിയതിനു പിന്നിൽ ഒരു മറവി കഥയുണ്ട്. ആ വർഷത്തെ വിഷു ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം  മനോജ് എടുത്ത ടിക്കറ്റിനായിരുന്നു. എന്നാൽ തൃശൂർ വടക്കാഞ്ചേരി ഭാഗത്ത് ടാപ്പിങ് ജോലിയിലായിരുന്ന മനോജ് വീട്ടിൽ സൂക്ഷിച്ചിരുന്ന ഭാഗ്യക്കുറി ടിക്കറ്റിന്റെ കാര്യം മറന്നുപോയി.

വിഷു ബംപർ നറുക്കെടുപ്പിലെ ഒന്നാം സമ്മാനാർഹനെ കണ്ടെത്താനായിട്ടില്ലെന്ന വാർത്ത മനോരമ ന്യൂസ് ടിവി ചാനൽ റിപ്പോർട്ടു ചെയ്‌തതോടെയാണു മനോജിന്റെ ഭാഗ്യവീഥി തെളിഞ്ഞത്. സമ്മാനം ലഭിച്ച ടിക്കറ്റുമായി ഇനിയും വരാത്ത അജ്‌ഞാതനെപ്പറ്റിയുള്ള വാർത്തയിൽ ടിക്കറ്റു വിറ്റ തൃപ്രയാറിലെ ഏജന്റിന്റെ അഭിമുഖവും ഉണ്ടായിരുന്നു.

വാർത്ത അറിഞ്ഞപ്പോൾ മനോജിന്റെ മനസ്സിൽ രണ്ടുകോടിയും കാറും മിന്നി. മറന്നു വച്ച ടിക്കറ്റ് തപ്പിയെടുത്ത് നോക്കിയപ്പോഴാണ് രണ്ടുമാസം ഭാഗ്യം മറഞ്ഞിരുന്ന കാര്യം മനസ്സിലായത്. പിന്നീട് ആ തുകയ്ക്ക് വീടും സ്ഥലവും വാങ്ങിയാണ് മനോജ് ഇടുക്കിയിലെത്തിയത്. ഇപ്പോഴും മനോജ് ലോട്ടറി മുടങ്ങാതെ എടുക്കാറുണ്ട്. ചെറിയ സമ്മാനങ്ങളും ലഭിച്ചിരുന്നു.

ജില്ലയിലെ ഭാഗ്യദേവത അന്യസംസ്ഥാനക്കാർക്കൊപ്പം പോയ കഥ ഇടുക്കിയിൽ എടുത്ത ടിക്കറ്റിന് ഭാഗ്യം കടാക്ഷിച്ച് ഭാഗ്യവാൻമാരായ മറ്റ് സംസ്ഥാനക്കാർ ഏറെ

2016 സംസ്ഥാന സർക്കാരിന്റെ സ്ത്രീശക്തി ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് മൂന്നാർ കണ്ണൻ ദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റ് വട്ടക്കാട് ഡിവിഷനിലെ താമസക്കാരനായ കണ്ണുസാമിക്ക്. സ്ഥിരമായി ലോട്ടറി എടുത്തിരുന്ന കണ്ണുസാമിക്ക് ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്. ലോട്ടറിയടിച്ചപാടെ പുള്ളി സ്വന്തം നാട്ടിലേക്ക് തിരികെപ്പോയി.

2017ൽ സംസ്‌ഥാന സർക്കാരിന്റെ ക്രിസ്‌മസ് പുതുവത്സര ബമ്പർ സമ്മാന കിട്ടിയതോ, തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡിലെ മധുര കെകെ നഗർ ബ്രാഞ്ച് ഓഫിസിലെ കാഷ്യർ പെച്ചാരാജു  വിനാണ്. അഞ്ചുകോടി രൂപയായിരുന്നു സമ്മാനം. ശബരിമല തീർഥാടനത്തിനു പോകുന്നതിനിടെ ലോട്ടറി ഏജൻസിയിലെ വിൽപനക്കാരനായ രാജാറാമിന്റെ പക്കൽനിന്നു കുമളിയിൽവച്ചാണു പെച്ചാരാജു ടിക്കറ്റ് വാങ്ങിയത്.

ഇങ്ങനെ പറ്റിക്കല്ലേ സാറെ!!

2011ലെ ഓണം ബംപറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ അടിച്ചതെന്നു ലോട്ടറി വകുപ്പ് അറിയിച്ചത് കാഞ്ചിയാർ സ്വദേശിയായ പുത്തൻപുരക്കൽ ജോർജ് മാമ്മനെന്ന കൂലിപ്പണിക്കാരനെ ആയിരുന്നു. ഏതാനും ദിവസം ജോർജ് മാമ്മൻ കോടീശ്വരനായിരുന്നു. എന്നാൽ പിന്നീട് ലോട്ടറി വകുപ്പ് നിലപാട് മാറ്റി. ലോട്ടറി അടിച്ചത് മറ്റൊരു നമ്പരിനായിരുന്നുവെന്നായിരുന്നു ലോട്ടറി വകുപ്പിന്റെ വിശദീകരണം. ടിഎച്ച് 339602 എന്ന ടിക്കറ്റിനു രണ്ടാം സമ്മാനമായി ഒരു കോടി ലഭിച്ചതായി പത്രങ്ങളിലും വെബ്‌സൈറ്റിലും അറിയിപ്പു വന്നത്.

കട്ടപ്പനയിലെ ലോട്ടറി ഏജൻസിയിൽ നിന്നു ലോട്ടറി വാങ്ങിയ ജോർജ് സമ്മാനാർഹമായ ടിക്കറ്റുമായി ഏജൻസിയിലെത്തിയാണു സമ്മാനം ഉറപ്പാക്കിയത്. പിന്നീട് ടിക്കറ്റ് ജില്ലാ സഹകരണ ബാങ്കിന്റെ കട്ടപ്പന ശാഖയിൽ ഏൽപ്പിച്ചു. നറുക്കെടുപ്പു നടന്ന് ഒന്നര മാസത്തിനു ശേഷമാണു നമ്പർ തെറ്റിയാണ് ഫലം പ്രഖ്യാപിച്ചതെന്ന് ലോട്ടറി ഡയറക്‌ടർ അറിയിച്ചത്.

തിരുവോണ ബംപറിന്റെ രണ്ടാം സമ്മാനം അടിച്ചത് ഐആർ 339602 നമ്പരിനാണെന്നും അറിയിപ്പുവന്നു. നറുക്കെടുപ്പ് ഫലത്തിന്റെ പ്രിന്റൗട്ട് എടുക്കാതെ ഫലം വെബ്‌സൈറ്റിൽ അപ്‌ലോഡു ചെയ്‌തതാണ് തെറ്റു പറ്റാനിടയാക്കിയതെന്നാണ് ഡയറക്‌ടറുടെ വിശദീകരണം. വീഴ്‌ച വരുത്തിയതിന് ലോട്ടറി ഉദ്യോഗസ്ഥർക്ക് നടപടി നേരിടേണ്ടി വന്നു.

ജോർജ് മാമ്മനു സാന്ത്വന സമ്മാനമായി രണ്ടു ലക്ഷം രൂപ ലോട്ടറി വകുപ്പ് നൽകി. ജോർജ് മാമ്മനു ലഭിച്ച ലോട്ടറി ടിക്കറ്റ് മാറി അടിച്ചെന്നു പറയപ്പെടുന്ന ഭാഗ്യവാനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല എന്നതാണ് കഥയിലെ ട്വിസ്റ്റ്.

ഭാഗ്യത്തിലും കൈവിടാത്ത സത്യസന്ധത

ലോട്ടറി വിൽപ്പനക്കാരൻ ഷാജി വാവച്ചേരിയുടെ സത്യസന്ധത ഈ ലോട്ടറി കഥകൾക്കൊപ്പം പറയേണ്ടതാണ്. ജോലിയുടെ ഭാഗമായി മുട്ടം കോടതിയിൽ എത്തിയ സിവിൽ പൊലീസ് ഓഫിസർ സന്തോഷിന് ഷാജി ലോട്ടറി ടിക്കറ്റ് വിറ്റു. എന്നാൽ ഡ്യൂട്ടിയിലായതിനാൽ തനിക്കു ടിക്കറ്റുകൾ കൈവശം വയ്‌ക്കാൻ കഴിയില്ലെന്നും അതുകൊണ്ട് ഷാജിതന്നെ സൂക്ഷിക്കാനും സന്തോഷ് ആവശ്യപ്പെടുകയായിരുന്നു.

ഫലം വന്നപ്പോൾ താൻ വിറ്റ ടിക്കറ്റിനാണു 65 ലക്ഷം രൂപ സമ്മാനമെന്ന് ഷാജിക്കു മനസ്സിലായി. പക്ഷേ, ആരെടുത്ത ടിക്കറ്റിനാണു സമ്മാനമെന്നു മനസ്സിലായില്ല. പിന്നീടാണ് പൊലീസുകാരനായ സന്തോഷിനു വിറ്റ ടിക്കറ്റിനാണു സമ്മാനമെന്നും ടിക്കറ്റ് തന്റെ ബാഗിൽത്തന്നെയുണ്ടെന്നും മനസ്സിലായത്. ഉടൻതന്നെ വിവരം അറിയിച്ചു ടിക്കറ്റുകൾ സന്തോഷിന് വീട്ടിൽ എത്തിച്ചുകൊടുക്കുകയായിരുന്നു.

ഭാഗ്യശാലികളേ, ഇതിലേ..ഇതിലേ

ഇതുകൊണ്ടൊന്നും തീരുന്നില്ല ഇടുക്കിയിലെ ഭാഗ്യശാലികളുടെ കഥ. കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം കിട്ടിയ അടിമാലിയിലെ മലഞ്ചരക്കു വ്യാപാരി മന്നാങ്കാല ചേലാട്ട് ജോബി, വിൻ വിൻ ഭാഗ്യക്കുറിലഭിച്ച പടി.കോടിക്കുളം കണിക്കുടിയിൽ കെ.എസ്.പ്രഭാകരൻ, സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ കിട്ടിയ തൊടുപുഴ കിഴക്കേയറ്റത്തെ ചുമട്ടുതൊഴിലാളിയായ ഇടവെട്ടി ശാസ്താംപാറ പുത്തൻപുരയിൽ പി.ജി.സുകു, പൗർണ്ണമി ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം രൂപ ലഭിച്ച പെയിന്റിങ് തൊഴിലാളികുരുതിക്കളം പൂച്ചപ്ര നെല്ലിപ്പിള്ളിൽ എൻ.എസ്. ബിമൽ, കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം കിട്ടിയ വെള്ളിയാമറ്റം പഞ്ചായത്തംഗം രാജു കുട്ടപ്പൻ, കാരുണ്യ ലോട്ടറിയുടെ തന്നെ  ഒന്നാം സമ്മാനമായ ഒരു കോടി രൂപ കിട്ടിയ ടാപ്പിങ് തൊഴിലാളിമുള്ളരിങ്ങാട് വാഴയിൽ വേണുഗോപാൽ, ഇക്കഴിഞ്ഞ ജൂലൈ 22 ന് നറുക്കെടുത്ത കേരള ലോട്ടറിയുടെ വിൻ വിൻ ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ കിട്ടിയ ലോട്ടറി ഏജന്റായ തെക്കുംഭാഗം പൊൻകുന്നേൽ ടോമി തുടങ്ങി ഇടുക്കിയിലെ ഭാഗ്യവാൻമാരുടെ നിര നീളുന്നതാണ്. അടുത്ത ഭാഗ്യവാൻ ചിലപ്പോൾ നിങ്ങളാവാം...

രാജാക്കാടിന്റെ ട്രിപ്പിൾ ഭാഗ്യം

രണ്ടാഴ്ച മുൻപ് ആണ് കാരുണ്യ പ്ലസ് ഒന്നാം സമ്മാനം പൂപ്പാറ സ്വദേശി ആയ കൂലി പണിക്കാരന് ലഭിച്ചത്. എസ്റ്റേറ്റ് പൂപ്പാറ ലക്ഷം വീട് കോളനിയിലെ മാരിമുത്തുവിനാണ് 80 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ അക്ഷയ ലോട്ടറി ഒന്നാം സമ്മാനം 50 ലക്ഷം രൂപ നേടിയ മുല്ലക്കാനം, പുന്നപ്പതിക്കൽ ദിനേശൻ രാജാക്കാട് ഉണ്ട്. വർഷങ്ങളായി ടൗണിൽ ശ്രീകൃഷ്ണ ലോട്ടറി ഏജൻസി എന്ന സ്ഥാപനം നടത്തുന്ന ദിനേശന്റെ കടയിൽ വിറ്റു പോകാതിരുന്ന 28,000 രൂപയുടെ ലോട്ടറി ടിക്കറ്റുകളിൽ ഒന്നാണ് ഭാഗ്യം കൊണ്ടു വന്നത്.

2017 ജൂൺ 30 ന് കേരള സർക്കാർ നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് എൻആർ സിറ്റിയിൽ മൊബൈൽ ഫോൺ കട നടത്തുന്ന കുരങ്ങുപാറ സദനം വീട്ടിൽ എസ്.ജഗദീഷിന് ആണ്. കട വിപുലമാക്കിയ ജഗദീഷ് എൻആർ സിറ്റി, ടൗണിനു സമീപം 30 സെന്റ് ഭൂമിയും വാങ്ങി.

MORE IN KERALA
SHOW MORE
Loading...
Loading...